ബാഴ്സലോണയെ രക്ഷിക്കാൻ നീക്കോ വില്യംസ് വരുമോ?
മാഡ്രിഡ്: സാൻറിഗാഗോ ബെർണബ്യൂവിൽ വൻവരവേൽപ്പുകൾ ഏറ്റുവാങ്ങി സാക്ഷാൽ കിലിയൻ എംബാപ്പേ എത്തിക്കഴിഞ്ഞു. പാൽമിറാസിൽ നിന്നും കൊത്തിയെടുത്ത ബ്രസീലിയൻ വണ്ടർ കിഡ് എൻട്രിക്കും ഉടൻ മാഡ്രിഡിലെത്തും. റയലിൽ ആരവങ്ങൾ കൊഴുക്കുേമ്പാൾ അപ്പുറത്ത് ബാഴ്സ എന്തുചെയ്യുകയാണെന്ന ചോദ്യം ഉയരുന്നുണ്ട്. ലാലിഗയും ചാമ്പ്യൻസ് ലീഗും ചൂടി റയൽ ഉന്നതിയിൽ നിൽക്കുേമ്പാൾ ബാഴ്സ അതിെൻറ മോശം കാലത്തിലൂടെ കടന്നുപോകുകയാണ്. പോയ സീസൺ ലാലിഗയിൽ റയലിനേക്കാൾ പത്ത് പോയൻറ് പിന്നിൽ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. ചാമ്പ്യൻസ് ലീഗിലാകട്ടെ പ്രീക്വാർട്ടറിൽ പി.എസ്.ജിയോട് തോറ്റ് നാണം കെട്ട് പുറത്ത് പോകേണ്ടി വരികയും ചെയ്തു.
ലോകമെമ്പാടുമുള്ള ബാഴ്സ ആരാധകരുടെ പ്രതീക്ഷകളും കണ്ണുകളുമെല്ലാം നീളുന്നത് നീക്കോ വില്യംസിലേക്കാണ്. നഷ്ട പ്രതാപങ്ങൾ വീണ്ടെടുക്കാൻ അവൻ വരുമെന്നും നൗകാമ്പിൽ ആരവങ്ങൾ നുരഞ്ഞുപൊങ്ങുമെന്നും അവർ വിശ്വസിക്കുന്നു. യൂറോ ഫൈനലിലെ ‘െപ്ലയർ ഓഫ് ദി മാച്ച്’ പ്രകടനം കൂടിയായതോടെ അതൊന്ന് കൂടി വർധിച്ചു. വില്യംസിനെ ബാഴ്സയിലെത്തിക്കാനായി ആരാധകർ ടിക്ടോക്കിൽ പ്രതീകാത്മകമായി പണമയക്കുന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. അടുത്തിടെ സാർഡിനിയയിൽ അവധി ആഘോഷിക്കാനെത്തിയ ബാഴ്സ പ്രസിഡൻറിനോട് ആരാധകൻ നീക്കോയെ സൈൻ ചെയ്യാൻ വിളിച്ചുപറയുന്നതും ലാപോർട്ടെ ശ്രമിക്കാമെന്ന് പറയുന്നതും വൈറലായിരുന്നു.
ബാഴ്സയിൽ ഇത് ക്ഷാമകാലമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി ക്ലബിന് മുകളിൽ തൂങ്ങിനിൽക്കുന്നു. ട്രാൻസ്ഫർ ചന്തയിൽ പണമെറിഞ്ഞുകളിക്കാനുള്ള തുട്ട് കൈയ്യിലില്ല. പുതിയ കോച്ച് ഹാൻസി ഫ്ലിക്കിന് താരങ്ങളിൽ പലരെയും നിലനിർത്താൻ കഴിയിയില്ല എന്നാണ് റിപ്പോർട്ടുകൾ. പക്ഷേ എന്തൊക്കെയായാലും നീക്കോ വില്യംസിനെ കൈവിട്ടുള്ള കളിക്കില്ലെന്ന് ഹാൻസി ഫ്ലിക്ക് അറിയിച്ചതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. നീക്കോയെ വിട്ടുനൽകാൻ വലിയ തുകയാണ് അത്ലറ്റിക്കോ ബിൽബാവോ ചോദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളാണ് സൈനിങ് നീളുന്നതിന് കാരണമെങ്കിലും ബാഴ്സ തന്നെയാണ് മത്സരത്തിൽ മുന്നിലുള്ളത്. നീക്കോയെ കൊത്താൻ ആഴ്സനൽ, ചെൽസി, ആസ്റ്റൺവില്ല, ലിവർപൂൾ അടക്കമുള്ള ഇംഗ്ലീഷ് വമ്പൻമാരും റോന്തുചുറ്റുന്നുണ്ട്. ഇതിനിടെ നീക്കോയുടെ ഇൻസ്റ്റ ഗ്രാം പേജിൽ പാേബ്ലാ ഗാവി, ലമിൻ യമാൽ, അലചാണ്ട്രോ ബാൽഡെ എന്നീ ബാഴ്സ താരങ്ങൾ ഒരുമിച്ച് കമൻറ് ചെയ്തതും വാർത്തകളിൽ നിറഞ്ഞിരുന്നു.
ആർബി ലെപ്സിഷിെൻറ ഡാനി ഓൽമോയാണ് ബാഴ്സ റഡാറിലുള്ള മറ്റൊരു താരം. 66 മില്യൺ ഡോളറെന്ന വലിയ തുകയാണ് ലെപ്സിഷ് ഓൽമോക്കായി ചോദിക്കുന്നത്. അൽപ്പം വിട്ടുവീഴ്ച വേണമെന്ന ആവശ്യമായി ബാഴ്സ പിന്നാലെയുണ്ട്. ഓൽമോയുമായി ആറുവർഷത്തെ കരാറാണ് ബാഴ്സയുടെ ലക്ഷ്യം. ക്ലബിൽ സാന്നിധ്യമുറപ്പിച്ച യമാലിനൊപ്പം ഇരുവരും കൂടി ചേരുന്നതോടെ ടീം സന്തുലിതമാകുമെന്നാണ് കറ്റാലൻമാരുടെ പ്രതീക്ഷകൾ. സ്പെയിൻ ടീമിൽ ഒരുമിച്ചുകളിക്കുന്ന ഇവരുടെ ഇഴയടുപ്പം ടീമിനും ഗുണകരമാകുമെന്നും അവർ കരുതുന്നു. ഏതാണ്ട് ഒരേ താരങ്ങൾ ബാഴ്സക്കും സ്പെയിനുമായി പന്ത് തട്ടിയ കാലത്ത് ഇരു ടീമുകളും ഉയരങ്ങളിലേക്ക് പറക്കുന്നത് ലോകം കണ്ടതുമാണ്. അതേ സമയം തന്നെ ഇവർക്കായി ശ്രമിക്കുേമ്പാഴും റാഫീഞ്ഞ്യയും ഫെറൻ ടോറസും അടക്കമുള്ള വിംഗർമാരെ ബാഴ്സ ക്ലബിൽ നിന്നും പോകാൻ അനുവദിച്ചിട്ടില്ല.
പ്രീ സീസൺ മത്സരങ്ങൾക്കായി ബാഴ്സ യു.എസിലേക്ക് പറക്കാനൊരുങ്ങുകയാണ്. ബദ്ധ വൈരികളായ റയൽ മാഡ്രിഡുമായും മാഞ്ചസ്റ്റർ സിറ്റിയുമായും എ.സി മിലാനുമായും സീസണ് മുന്നോടിയായി ബാഴ്സ ഏറ്റുമുട്ടും. ബയേൺ മ്യൂണിക്കിനൊപ്പമുള്ള അത്ഭുതകരമായ നേട്ടങ്ങൾക്ക് ശേഷം ജർമൻ ദേശീയ ടീമിനൊപ്പം ചേർന്ന ഹാൻസി ഫ്ലിക്ക് അവിടെ നിന്നും തലതാഴ്ത്തിയാണ് മടങ്ങിയത്. ബാഴ്സലോണയെ പ്രതാപത്തിലേക്ക് ഉയർത്തുകയെന്ന അഗ്നിപരീക്ഷയാണ് ഇനി ഫ്ലിക്കിനെ കാത്തിരിക്കുന്നത്.