സ്പാനിഷ് ഇതിഹാസ താരം ഡേവിഡ് വിയ്യ ഒഡീഷ എഫ്.സിയില്‍

2010ൽ ലോകകപ്പ് നേടിയ സ്പാനിഷ് ദേശീയ ടീമിന്റെ ഭാഗമായിരുന്നു വിയ്യ

Update: 2021-05-06 11:44 GMT
Editor : ubaid | Byline : Web Desk
Advertising

സ്പാനിഷ് ഇതിഹാസ സ്ട്രൈക്കർ ഡേവിഡ് വിയ്യ ഒഡീഷ എഫ്.സിയിലേക്ക്. ഒഡീഷയുടെ ഗ്ലോബൽ റിക്രൂട്മന്റ് ഉപദേഷ്ടാവായാണ് വിയ്യ എത്തിയിരിക്കുന്നത്‌. ഒഡീഷ എഫ്.സിയുടെ ഭാവി നടപടികളിൽ ഒക്കെ സഹായവുമായി വിയ്യ ഒപ്പം ഉണ്ടാകും. പുതിയ സി ഇ ഒ രാജ് അത്വാൽ ആണ് വിയ്യയെ ക്ലബിനൊപ്പം എത്തിച്ചത്. ഒഡീഷയുടെ മുൻ പരിശീലകൻ ജോസഫ് ഗൊമ്പവും വിയ്യക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കും. വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ഒഡീഷ എഫ്‌.സിയിൽ ഡേവിഡ് വിയ്യ കളിക്കാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ കഴിയില്ല. ട്രെയിനിങ് ലഭിച്ചാൽ കളത്തിലിറങ്ങാൻ കഴിയുമെന്നും എന്നാൽ അത് ക്ലബാണ് തീരുമാനിക്കേണ്ടതെന്നുമാണ് താരം ഇതേക്കുറിച്ച് പ്രതികരിച്ചത്.

അഞ്ചു വർഷങ്ങൾക്കു മുൻപ് ഡിവി7 എന്ന പേരിൽ ഫുട്ബോൾ കൺസൾട്ടൻസി ആരംഭിച്ച താരത്തിനു ലോകഫുട്ബോളിലുള്ള പരിചയസമ്പത്ത് ഒഡീഷ എഫ്‌സിക്ക്‌ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. "പുതിയ ചുമതലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഞാനെന്റെ എല്ലാ പരിചയസമ്പത്തും ഉപയോഗപ്പെടുത്തും," സ്കൈ സ്‌പോർട്സിനു നൽകിയ അഭിമുഖത്തിൽ ഡേവിഡ് വിയ്യ പറഞ്ഞു. താൻ ഇന്ത്യയിൽ കളിച്ചില്ല എങ്കിലും തന്റെ പരിചയസമ്പത്ത് ഉപയോഗിച്ച് ഇന്ത്യയിലെ ഫുട്ബോളിനെ വളർത്താൻ സഹായിക്കും എന്ന് വിയ്യ പറഞ്ഞു.

 39കാരനായ വിയ്യ 2010ൽ ലോകകപ്പ് നേടിയ സ്പാനിഷ് ദേശീയ ടീമിന്റെ ഭാഗമായിരുന്നു. 2008ൽ യൂറോകപ്പ് നേട്ടത്തിലും ദേശീയ ടീമിന്റെ ഭാഗമായിരുന്നു. 98 അന്താരാഷ്ട്ര മത്സരങ്ങളാണ് വിയ്യ സ്പെയിനിനു വേണ്ടി കളിച്ചത്. ക്ലബ്ബ് കരിയറിൽ മൂന്ന് വീതം ലാലിഗ, കോപ്പ ഡെൽ റെ കിരീടനേട്ടങ്ങളിലും ഒരു ചാമ്പ്യൻസ് ലീഗ് നേട്ടത്തിലും പങ്കാളിയായി. കരിയറിൽ ആകെ 15 കിരീട നേട്ടങ്ങളുടെ ഭാഗമാവാൻ 39കാരനായ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ബാഴ്സലോണ, അത്‍ലറ്റിക്കോ മാഡ്രിഡ്, വലന്‍സിയ, ന്യൂയോർക്ക് സിറ്റി എന്നീ ക്ലബുകൾക്കായൊക്കെ താരം കളിച്ചിട്ടുണ്ട്. 

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2020-21 സീസണിൽ പോയിന്റ് നിലയിൽ ഏറ്റവും പിറകിലായിരുന്നു ഒഡീഷ എഫ്‌‌.സി.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News