ആൽവാരസ് മുതൽ ഹക്കീമി വരെ; പാരീസ് ഒളിംപിക്‌സിൽ കളത്തിലിറങ്ങാൻ സൂപ്പർ താരങ്ങൾ
കഴിഞ്ഞ ഒളിംപിക്‌സിൽ സ്വർണ മെഡൽ ജേതാക്കളായ ബ്രസീലിന് ഇത്തവണ യോഗ്യത നേടാനായില്ല
ലോകകപ്പും കോപ്പയും ഫൈനലിസിമയും നേടി ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന അർജന്റീന, യൂറോയിൽ വിസ്മയകുതിപ്പ് നടത്തി ഒരുപതിറ്റാണ്ടിനിപ്പിറം കിരീടം സ്വന്തമാക്കിയ സ്പെയിൻ, ആതിഥേയരായ ഫ്രാൻസ്, ആഫ്രിക്കൻ കരുത്തുമായി മൊറോക്കോ.... യൂറോ-കോപ്പക്ക് ശേഷവും കാൽപന്ത് ആവേശം അവസാനിക്കുന്നില്ല. ഇനി പാരീസിലെ പുൽമൈതാനങ്ങളെ തീപിടിപ്പിക്കുന്ന ഒളിംപിക്സ് ഫുട്ബോളിന്റെ ആവേശ പകലിരവുകൾ.
വിശ്വമഹാമേളക്ക് വെള്ളിയാഴ്ചയാണ് ഔദ്യോഗിക ഉദ്ഘാടനമെങ്കിലും മത്സരങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. ഫുട്ബോളിൽ ഇന്ന് അർജന്റീന മൊറോക്കോയേയും സ്പെയിൻ ഉസ്ബെക്കിസ്താനേയും നേരിടും. ഇന്ത്യൻ സമയം രാത്രി 6.30നാണ് മത്സരം. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മാറ്റുരക്കുന്നത്. അണ്ടർ 23 ടീമുകളാണ് ഒളിംപിക്സ് ഫുട്ബോളിൽ ഇറങ്ങുന്നതെങ്കിലും മൂന്ന് സീനിയർ താരങ്ങളെ ഓരോ ടീമിനും ഉൾപ്പെടുത്താനാകും. ഇത്തവണ ഒളിംപിക്സിൽ ബൂട്ടുകെട്ടുന്ന പ്രധാന താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.
ജൂലിയൻ അൽവാരസ്
കോപയിൽ മുത്തമിട്ട അർജന്റൈൻ ടീമിലെ പ്രധാനിയാണ് അൽവാരസ്. 24 വയസ് പ്രായം. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നണി പോരാളി. ലോക ഫുട്ബോളിൽ വിസ്മയകുതിപ്പ് നടത്തുന്ന അൽവാരസാണ് ഒളിംപിക്സിലെ ശ്രദ്ധേയ താരം. ലോകകപ്പും കോപ്പയും ചാമ്പ്യൻസ് ലീഗും പ്രീമിയർലീഗുമടക്കം ഇതിനകം രാജ്യത്തിനും ക്ലബിനുമായി സ്വന്തമാക്കിയത് 14 കിരീടങ്ങൾ. കഴിഞ്ഞ സീസണിൽ സിറ്റിക്കായി 36 മത്സരങ്ങളിൽ നിന്ന് നേടിയത് 11 ഗോളുകൾ. ആൽവരസിനൊപ്പം ഖത്തർ ലോകകപ്പ് ടീമിലുണ്ടായിരുന്ന നിക്കോളാസ് ഒട്ടമെൻഡി, ഗോൾകീപ്പർ ജെറോണിമോ ലില്ലി എന്നിവരാണ് മറ്റ് സീനിയർ താരങ്ങൾ. 2014, 18 ഒളിംപിക്സ് മെഡൽ നേടിയപ്പോൾ ടീം അംഗമായിരുന്ന ഹാവിയർ മെഷറാണോ ഇത്തവണ ടീം പരിശീലക റോളിലാണ്. കളിക്കാരനായും കോച്ചായും ഒളിംപിക്സ് മെഡൽ നേടാനുള്ള അവസരമാണ് മഷരാനോക്കുമുന്നിലുള്ളത്. മൂന്നാം ഒളിംപിക്സ് മെഡലാണ് നീലപട ലക്ഷ്യമിടുന്നത്.
നിക്കോളാസ് ഒട്ടമെൻഡി
അർജന്റൈൻ സീനിയർ ടീമിലെ വിശ്വസ്ത ഭടൻ നിക്കോളാസ് ഒട്ടമെൻഡിയും ഒളിംപിക്സിൽ കളത്തിലിറങ്ങും. കരിയറിലെ അവസാന കാലത്തിലൂടെ കടന്നുപോകുന്ന 36 കാരന് വേണ്ടി യുവ നിരക്ക് ഒളിംപിക്സ് സ്വർണമെഡൽ നേടണം. ലയണൽ മെസിക്കായി ഖത്തർ ലോകകപ്പ് സ്വന്തമാക്കിയ കളിക്കൂട്ടത്തിലെ പ്രധാനിയായിരുന്നു ഈ വെറ്ററൻ താരം. ഇക്കഴിഞ്ഞ കോപ അമേരിക്ക കിരീടംചൂടിയ അർജന്റൈൻ ടീമിലും അംഗമായിരുന്നു. 2009 മുതൽ അർജന്റൈൻ പ്രതിരോധകോട്ട കാക്കുന്ന ഒട്ടമെൻഡി ഇതുവരെ 117 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. നിലവിൽ പോർച്ചുഗീസ് ക്ലബ് ബെനഫികക്ക് വേണ്ടിയാണ് കളിക്കുന്നത്.
ഫെർമിൻ ലോപസ്, പൗ കുബാർസി
യൂറോ ചാമ്പ്യൻമാരായതിന്റെ ആത്മവിശ്വാസവുമായാണ് സ്പെയിൻ പാരീസിലേക്കെത്തിയത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ ഫൈനലിൽ ബ്രസീലിനോട് തോൽവിയേറ്റുവാങ്ങിയ സ്പാനിഷ് സംഘത്തിന് ആ വെള്ളി സ്വർണമാക്കേണ്ടതുണ്ട്. ബാഴ്സലോണ മിഡ്ഫീൽഡർ ഫെർമിൻ ലോപസും ഡിഫൻഡർ പൗ കുബാർസിയുമാണ് ടീമിലെ പ്രധാനികൾ. യൂറോകപ്പിൽ സ്‌ക്വാർഡിലുണ്ടായിരുന്നെങ്കിലും 21 കാരൻ ഫെർമിന് കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല. 17ാം വയസിൽതന്നെ ബാഴ്സയിലെ പ്രധാന പ്രതിരോധതാരമായി ഉയർന്നുകഴിഞ്ഞ കുബാർസിക്ക് പരിക്ക് കാരണം യൂറോ ടീമിൽ ഇടംലഭിച്ചിരുന്നില്ല.
അഷ്റഫ് ഹക്കീമി
ഖത്തർ ലോകകപ്പിൽ അത്ഭുത പ്രകടനം നടത്തിയ മൊറോക്കോ ടീം ഒളിംപിക്സിലും ഇതാവർത്തിക്കാനുള്ള തയാറെടുപ്പിലാണ്. പി.എസ്.ജി റൈറ്റ്ബാക്കായ 25 കാരൻ അഷ്റഫ് ഹക്കീമിയിലാണ് ടീമിന്റെ പ്രതീക്ഷ. അണ്ടർ 23 ആഫ്രിക്കൻ കപ്പ് ജേതാക്കൾ എന്ന നിലയിലാണ് മൊറോക്കോ യോഗ്യത നേടിയത്. മുൻ താരം താരിക് സെക്റ്റിയോറിയാണ് പരിശീലകൻ.
മൈക്കിൾ ഒലീസ്, അലക്സാണ്ടർ ലകാസെറ്റ്
നാട്ടിൽ നടക്കുന്ന ഒളിംപിക്സിൽ സ്വർണമെഡലിൽ കുറഞ്ഞതൊന്നും മതിയാകില്ല ഫ്രാൻസിന്. അതിനാൽ ഏറ്റവും മികച്ച ടീമിനെയാണ് രംഗത്തിറക്കുന്നത്. സൂപ്പർതാരം കിലിയൻ എംബാപയെ തന്നെ കളത്തിലിറക്കാൻ പരമാവധി ശ്രമിച്ചെങ്കിലും റയൽ മാഡ്രിഡുമായി കരാറിലെത്തിയതോടെ അവസാന നിമിഷം പിൻമാറി. ഇതോടെ 33 കാരൻ അലക്സാണ്ടർ ലക്കാസെറ്റെയാണ് ഫ്രഞ്ച് ടീമിനെ നയിക്കുന്നത്. ഫ്രഞ്ച് ലീഗിൽ ലിയോണിനായി ഗോളടിച്ച് കൂട്ടുന്ന താരം ഒളിംപിക്സിലും ഇതാവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 2017ലാണ് ലക്കാസെറ്റെ അവസാനമായി സീനിയർ കുപ്പായത്തിൽ കളത്തിലിറങ്ങിയത്. നേരത്തെ ഇംഗ്ലീഷ് ക്ലബ് ആഴ്സനലിനായും ബൂട്ടുകെട്ടിയിരുന്നു. ക്രിസ്റ്റൽ പാലസിനായി കഴിഞ്ഞ സീസണിൽ അത്യുഗ്രൻ പ്രകടനം പുറത്തെടുത്ത മൈക്കൽ ഒലൈസാണ് ഫ്രാൻസ് നിരയിലെ മറ്റൊരു ശ്രദ്ധേയ താരം. അടുത്തിടെ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയ 22 കാരൻ അറ്റാക്കിങ് മിഡ്ഫീൽഡറുടെ പ്രകടനവും ആതിഥേയർക്ക് ഒളിംപിക്സ് സുവർണ മെഡലിലേക്കെത്താൻ നിർണായകമാകും
നാബി കീറ്റ
ബുണ്ടെസ് ലീഗ ക്ലബ് വെർഡൻ ബ്രെമന്റെ മധ്യനിരതാരം നാബി ക്വീറ്റയുടെ നേതൃത്വത്തിലാണ് ഗ്വിനിയ ഇത്തവണ ഒളിംപിക്സിൽ പന്തു തട്ടുന്നത്. 2018-23 സീസണിൽ ലിവർപൂളിനായി കളത്തിലിറങ്ങിയിരുന്നു. ഗ്വിനിയക്കായി ഇതുവരെ 12 ഗോളുകളാണ് സ്‌കോർ ചെയ്തത്. ഇത് രണ്ടാം തവണയാണ് ഗ്വിനിയ ഒളിംബിക്സ് ഫുട്ബോളിൽ പന്തു തട്ടുന്നത്. പരഗ്വയ് താരം ജൂലിയോ എൻസിസോ, യു.എസിന്റെ മിൽസ് റോബിൻസൺ, കെവിൻ പാരഡെസ്, അർജന്റൈൻ മിഡ്ഫീൽഡർ തിയാഗോ അൽമാഡ... ലോക കായിക വേദിയിൽ വരവറിയിക്കാൻ കൗമാരതാരങ്ങൾ ഒരുങ്ങികഴിഞ്ഞു. വിസ്മയകുതിപ്പിനായി കാത്തിരിക്കാം.