ക്യാപ്റ്റന് പ്രായമാകുന്നു; അധികം വൈകാതെ കളംവിടും-സുനിൽ ഛേത്രി
'ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും ടീം ഇവിടെയുണ്ടാകും. ഒരിക്കലും ഞാനായിരുന്നില്ല ടീം, ഇനി ആകുകയുമില്ല. കളിക്കാനാകുന്ന അവസാന നിമിഷം വരെ ഞാൻ കളത്തിലുണ്ടാകും.'
ന്യൂഡൽഹി: പ്രായമാകുകയാണെന്നും അധികകാലം കളി തുടരാനാകില്ലെന്നും ഇന്ത്യൻ ഫുട്‌ബോൾ നായകൻ സുനിൽ ഛേത്രി. സാധ്യമാകുന്ന അവസാനനിമിഷം വരെ കളി തുടരും. ടീമിന് ഒന്നും ചെയ്യാനാകാത്ത നിമിഷം കളം വിടും. പുതിയ യുവതാരങ്ങൾ വളർന്നുവരുന്നുണ്ടെന്നും അവർ പുതിയ ദൗത്യം ഏറ്റെടുക്കുമെന്നും ഛേത്രി പറഞ്ഞു.
സ്‌പോർട്‌സ് പോർട്ടലായ 'ദി ബ്രിഡ്ജി'ന് നൽകിയ അഭിമുഖത്തിലാണ് സ്വന്തം കരിയറിനെക്കുറിച്ചും ഇന്ത്യൻ ഫുട്‌ബോളിന്റെ ഭാവിയെക്കുറിച്ചും സുനിൽ ഛേത്രി വാചാലനായി സംസാരിച്ചത്. വലിയ മത്സരങ്ങൾക്കുമുൻപ് ടീമിന്റെ ഒത്തൊരുമയ്ക്കായി ദീർഘമായ ക്യാംപുകൾ നടക്കണമെന്ന് അദ്ദേഹം സൂചിപ്പച്ചു. ആസ്‌ട്രേലിയ, ഉസ്‌ബെകിസ്താൻ, സിറിയ ഉൾപ്പെടെയുള്ള ടീമുകളെ നേരിടേണ്ടി വരുന്ന ഏഷ്യാ കപ്പ് പോലെയുള്ള ടൂർണമെന്റുകൾക്കുമുൻപ് ദീർഘമായ ക്യാംപുകൾ നമ്മുടേതു പോലുള്ള ടീമിന് വളരെ ഉപകാരപ്പെടും. ഐ.എസ്.എല്ലിൽ കളിക്കുന്ന നിലവാരത്തിൽ മതിയാകില്ല ആസ്‌ട്രേലിയയോട് കളിക്കാൻ. അതിന്റെ രണ്ടിരട്ടിയിലധികം ഉയർന്ന നിലവാരമുള്ള മത്സരമായിരിക്കും നമ്മൾ നേരിടേണ്ടിവരിക. ദീർഘമായ ടീം ക്യാംപുകൾ വേണം. ഏഷ്യയിലെ വലിയ ടീമുകളുമായി സൗഹൃദമത്സരങ്ങളുണ്ടാകണമെന്നും താരം ആവശ്യപ്പെട്ടു.
ആരാധകപിന്തുണ; വിദേശത്ത് കളിക്കുന്ന ഇന്ത്യൻ താരങ്ങൾ
സാഫ് കപ്പിലടക്കം ഇന്ത്യൻ ടീമിനു ലഭിച്ച ആരാധകപിന്തുണയിൽ സന്തോഷമുണ്ടെന്നും ഛേത്രി പറഞ്ഞു. 'ഇത് ബംഗളൂരു എഫ്.സി ആരാധകർ മാത്രമായിരുന്നില്ല. ടീമിനെ പിന്തുണയ്ക്കാനായി വേറെയും നിരവധി ക്ലബുകളുടെ ആരാധകർ ബാനറുമായി എത്തിയത് ഞാൻ കണ്ടിട്ടുണ്ട്. അത് മനോഹരമായ കാഴ്ചയാണ്. ക്ലബുകൾക്കു വേണ്ടി കളിക്കുമ്പോൾ നമ്മൾ ബദ്ധവൈരികളായിരിക്കും. എന്നാൽ, രാജ്യത്തിനുവേണ്ടി കളത്തിലിറങ്ങുന്ന നിമിഷം എല്ലാവരും ഒരുമിച്ചുനിൽക്കണം.'-അദ്ദേഹം സൂചിപ്പിച്ചു.
വിദേശത്തുപോയി കളിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഛേത്രി ചൂണ്ടിക്കാട്ടി. ഉയർന്ന നിലവാരമാണ് അവിടെയെല്ലാമുള്ളത്. എന്നാൽ, അത് (വിദേശത്തെ വലിയ ലീഗുകളിൽ ഇന്ത്യൻ താരങ്ങൾ സ്ഥിരമായി പോയി കളിക്കുന്ന സാഹചര്യം) ഉടനെയുണ്ടാകുമെന്ന് എന്റെ മനസ് പറയുന്നു. ഇതോടൊപ്പം നമ്മുടെ ലീഗും മെച്ചപ്പെട്ടു വരുന്നത് കൂടുതൽ ഗുണമാണെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തിലെ പ്രകടനം ഗോളിലും കാണാനാകണമെന്നും താരം സൂചിപ്പിച്ചു. 'എല്ലാ മേഖലയിലും മെച്ചപ്പെടേണ്ടതുണ്ട്. മറ്റു തലങ്ങളെ അപേക്ഷിച്ച് ഗോൾനിരക്കാണ് നമ്മുടെ ഏറ്റവും മോശം മേഖല. മുന്നോട്ടുപോകുമ്പോൾ അതു വലിയ ആശങ്കയാണ്. ഇറാഖ്, ഉസ്‌ബെകിസ്താൻ, യു.എ.ഇ, ആസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ കളിക്കുമ്പോൾ അധികം അവസരം ലഭിക്കില്ല. അതുകൊണ്ട് കിട്ടിയ അവസരങ്ങൾ മുതലെടുക്കാനാകണം.'-ഛേത്രി പറഞ്ഞു.
'നമ്പർ 9' റോളിൽ ഇനിയാര്?
റഹീം അലി, മൻവീർ സിങ്, ഇഷാൻ പണ്ഡിത ഉൾപ്പെടെയുള്ള താരങ്ങളെ 'നമ്പർ 9' റോളിലേക്ക് പരിഗണിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഛേത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു:
'റഹീം മികച്ചൊരു ഉദാഹരണമാണ്. കഠിനധ്വാനം ചെയ്യുന്ന നല്ലൊരു താരമാണ്. എന്നാൽ, പാവം സ്വന്തം ക്ലബിനു വേണ്ടി ഇടതുവിങ്ങിലും വലതു വിങ്ങിലും മധ്യനിരയിലുമെല്ലാമാണ് കളിക്കുന്നത്. നന്നായി അധ്വാനിക്കുന്നുണ്ട്. ഗോളും നേടാനായിട്ടുണ്ട്. എന്നാൽ, ദേശീയ ടീമിൽ 'നമ്പർ 9'ൽ കളിപ്പിക്കാൻ നോക്കുമ്പോൾ നടക്കുന്നില്ല. ഈ റോളിൽ കളിക്കുന്നവർ കൂടുതൽ ഓടിക്കളിക്കേണ്ടവരും. കൂടുതൽ ആ റോൾ ചെയ്യുന്നതിനനുസരിച്ച് കാര്യങ്ങൾ മനസിലാകും.'
മൻവീറും റഹീമും ഇഷാനുമെല്ലാം ഈ റോളിലേക്ക് പരിഗണിക്കപ്പെടുന്നുണ്ടെന്നും ഛേത്രി വെളിപ്പെടുത്തി. സ്വന്തം ക്ലബിനു വേണ്ടി 'നമ്പർ 9'ൽ കളിക്കാത്തതിന് ഞാൻ അവരെ തന്നെയാണ് കുറ്റപ്പെടുത്തുക. ഞാനിത് അവരോട് പറയുന്നതാണ്; അവസരം ലഭിക്കുമ്പോഴെല്ലാം ഈ റോളിൽ കളിക്കാൻ നോക്കണമെന്ന്.
'അങ്ങനെ സംഭവിച്ചു, ഇങ്ങനെ സംഭവിച്ചുവെന്നെല്ലാം കോച്ചിനോട് ന്യായം പറയാൻ വാതുറക്കുമ്പോൾ തന്നെ മറ്റാരെയും പറയേണ്ട, നിങ്ങളുടെ പിഴ തന്നെയാണെന്നാണ് ഞാൻ പറയാറുള്ളത്. 'നമ്പർ 9'ൽ കളിക്കാൻ അവരും ആഗ്രഹിക്കുന്നുണ്ട്. അധികം വൈകാതെ ഈ മൂന്നുനാലുപേർ ആ റോൾ ഏറ്റെടുക്കുമെന്നാണ് എന്റെ പ്രതീക്ഷ. ആത്മാർത്ഥമായി പറഞ്ഞാൽ, നമ്മുടെ ക്യാപ്റ്റന് പ്രായമാകുകയാണ്, അധികം വൈകാതെ അയാൾ കളം വിടും'
വിരമിക്കാനായോ?
വിരമിക്കലിനെക്കുറിച്ചു ചോദിച്ചപ്പോൾ ഇപ്പോഴും കളി ആസ്വദിക്കുന്നുണ്ടെന്നായിരുന്നു മറുപടി. ടീമിന് ഒന്നും ചെയ്യാനാകാത്ത ഘട്ടത്തിൽ കളി നിർത്തുമെന്നും വ്യക്തമാക്കി.
'ഇപ്പോൾ ആസ്വദിച്ചാണ് കളിക്കുന്നത്. ഇപ്പോൾ മനസിൽ (വിരമിക്കാനായി) ഒരു തിയതിയൊന്നും നിശ്ചയിച്ചിട്ടില്ല. ഞാൻ വളരെ ആത്മാർത്ഥമായാണ് പറയുന്നത്. ഈ ടീമിന് ഒന്നും ചെയ്യാനാകാത്ത ദിവസം ഞാൻ കളം വിടും.'
ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും ടീം ഇവിടെയുണ്ടാകും. ഇത് സുനിൽ ഛേത്രിയുടെ കാര്യമല്ല. ഒരിക്കലും ഞാനായിരുന്നില്ല ടീം, ഇനിയും ആകുകയുമില്ല. മാന്യനാകുകയല്ല, യാഥാർത്ഥ്യമാണ് ഞാൻ പറയുന്നത്. നന്നായി കളിക്കുന്ന നിരവധി യുവതാരങ്ങളുണ്ട്. കുറച്ചുകാലത്തേക്ക് ഒരു അസാധ്യ താരം ഉണ്ടായേക്കില്ല. എന്നാൽ, എല്ലാവരും അത്യധ്വാനം ചെയ്യുന്ന ഒരു ടീമുണ്ടാകും. എനിക്ക് കഴിയുന്ന കാലത്തോളം ഞാനിവിടെയുണ്ടാകും. ടീമിന് എന്നെ വേണ്ടതുകൊണ്ടല്ല, ടീമിലുണ്ടാകണമെന്നത് എന്റെ ആഗ്രഹമാണ്. രാജ്യത്തിനു കളിക്കാനാകുന്നത് വലിയ അംഗീകാരമാണ്. എനിക്ക് കളിക്കാനാകുന്ന അവസാനനിമിഷം വരെ ഞാൻ കളത്തിലുണ്ടാകും-സുനിൽ ഛേത്രി കൂട്ടിച്ചേർത്തു.
Summary: Our captain is getting old and soon he'll be out. I will do it till the last minute that I can: Sunil Chhetri on retirement