ദോഹയില്‍ ഫലസ്തീന്‍ ചരിത്രം; ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ പ്രീ ക്വാര്‍ട്ടറില്‍
നിര്‍ണായക മത്സരത്തില്‍ ഹോങ്കോങ്ങിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഫലസ്തീന്‍ തോല്‍പ്പിച്ചത്
ദോഹ: ചരിത്രം കുറിച്ച് ഫലസ്തീന്‍ ഏഷ്യന്‍ കപ്പ് ഫുട്ബോളിന്‍റെ പ്രീ ക്വാര്‍ട്ടറില്‍. നിര്‍ണായക മത്സരത്തില്‍ ഹോങ്കോങ്ങിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്. സി ഗ്രൂപ്പില്‍ നാലു പോയിന്റുമായി മൂന്നാം സ്ഥാനക്കാരായാണ് ഫലസ്തീന്‍ നോക്കൗട്ട് ഉറപ്പിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇറാന്‍ യു.എ.ഇയെ 2-1ന് തോല്‍പ്പിച്ചു.
തീരാവേദനകള്‍ക്കിടയില്‍ ഒരു ജനതയ്ക്ക് സന്തോഷിക്കാന്‍ ഒരു രാവ്. അതായിരുന്നു ഇന്നലെ ദോഹയില്‍. ഗസ്സയിലെ പോരാട്ടഭൂമിയില്‍നിന്ന് ഊര്‍ജമുള്‍ക്കൊള്ള ഫലസ്തീന്‍ താരങ്ങള്‍ ഖത്തറിന്റെ മണ്ണില്‍ വീരചരിതം തീര്‍ക്കുകയായിരുന്നു.
ഹോങ്കോങ്ങിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ആധികാരികമായി തകര്‍ത്താണ് ഫലസ്തീന്‍റെ മുന്നേറ്റം. ഒദെയ് ദബാഗ് ഇരട്ട ഗോള്‍ നേടി. സൈദ് ഖുന്‍ബാര്‍ ആണ് ശേഷിക്കുന്ന ഗോള്‍ നേടിയത്.
നാല് പോയിന്‍റുമായി ഇറാനും യു.എ.ഇയ്ക്കും പിന്നില്‍ മൂന്നാംസ്ഥാനത്താണ് ഫലസ്തീന്‍. കഴിഞ്ഞ മത്സരത്തില്‍ യു.എ.ഇയെ ഫലസ്തീന്‍ സമനിലയില്‍ തളച്ചിരുന്നു.
അതേസമയം, ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും. ഗ്രൂപ്പ് ഡി-യില്‍ ഇന്ത്യൻ സമയം വൈകീട്ട് അഞ്ച് മണിക്ക് ജപ്പാന്‍ ഇന്തോനേഷ്യയെയും ഇറാഖ് വിയറ്റ്നാമിനെയും നേരിടും. കഴിഞ്ഞ മത്സരത്തില്‍ ഇറാഖിന് മുന്നില്‍ വീണ ജപ്പാന്‍ വന്‍ വിജയത്തിലൂടെയുള്ള തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. സമനില നേടിയാലും ജപ്പാന് രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
Summary: Palestine beat Hong Kong to enter in the pre-quarters of the Asian Cup football for the first time