വിജയം തെന്നിമാറി; ഏഷ്യൻ കപ്പിൽ കരുത്തുകാട്ടി ഫലസ്തീൻ, സമനില
ഇതോടെ ഗ്രൂപ്പ് സിയിൽ പ്രീ ക്വർട്ടർ പ്രതീക്ഷ നിലനിലനിർത്താനും ഫലസ്തീനായി.
ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ കരുത്തരായ യു.എ.ഇയെ സമനിലയിൽ തളച്ച് ഫലസ്തീൻ. അൽ ജാനൂബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഇതോടെ ഗ്രൂപ്പ് സിയിൽ പ്രീ ക്വർട്ടർ പ്രതീക്ഷ നിലനിലനിർത്താനും ഫലസ്തീനായി.
23ാം മിനിറ്റിൽ സുൽത്താൻ ആദിൽ അൽമിരിയിലൂടെ യു.എ.ഇയാണ് മുന്നിലെത്തിയത്. ബോക്‌സിൽ ഫലസ്തീൻ താരം ഉദെദബ്ബാഗിനെ പ്രതിരോധ തരം ഖലീഫ അൽ ഹമ്മദി വീഴ്ത്തിയതിന് 35ാം മിനിറ്റിൽ ഫലസ്തീന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. അപകടകരമായ ഫൗളിന് യു.എ.ഇ താരത്തിന് ചുവപ്പുകാർഡും. എന്നാൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ഫലസ്തീൻ താരം താമിർ സിയാമിക്ക് കഴിഞ്ഞില്ല. ഗോൾകീപ്പർ അനായാസം പന്ത് സേവ് ചെയ്തു.
ആദ്യ പകുതിയിൽ തന്നെ പത്തുപേരായി ചുരുങ്ങിയിട്ടും മത്സരത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് യു.എ.ഇക്കും ആശ്വാസമായി. രണ്ടം പകുതിയുടെ അഞ്ചാം മിനിറ്റിലണ് സമനില ഗോളെത്തിയത്. താമിർ സിയാമിന്റെ അപകടകരമായ ക്രോസ് തട്ടിയകറ്റുന്നതിൽ യു.എ.ഇ പ്രതിരോധ താരത്തിന് പിഴച്ചു. പന്ത് നേരെ വലയിൽ. തുടർന്ന് വിജയഗോളിനായി ഫലസ്തീൻ പൊരുതിയെങ്കിലും പത്തുപേരുമായി കളിച്ച യു.എ.ഇ പിടിച്ചുനിന്നു. നിലവിൽ നാല് പോയന്റുമായി യു.എ.ഇയാണ് ഗ്രൂപ്പിൽ ഒന്നാമത്. മൂന്ന് പോയന്റുള്ള ഇറാൻ രണ്ടാമതും ഫലസ്തീൻ മൂന്നാമതുമാണ്.