പോഗ്ബയുടെ വീട്ടിൽ മോഷണം; ലോകകപ്പ് മെഡൽ മോഷണം പോയി
മോഷണം നടക്കുമ്പോൾ പോഗ്ബയുടെ രണ്ടു മക്കളും അമ്മയും വീട്ടിലുണ്ടായിരുന്നു
ഫ്രഞ്ച് സ്‌ട്രൈക്കർ പോൾ പോഗ്ബയുടെ വീട്ടിൽ മോഷണം. ആഭരണങ്ങളടക്കം വിലപിടിപ്പുള്ള വസ്തുക്കളും 2018 ൽ ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ തനിക്ക് കിട്ടിയ മെഡലും മോഷണം പോയതായി പോഗ്ബ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് താരത്തിന്‍റെ വീട്ടിൽ മോഷണം നടന്നത്. അന്ന് ചാമ്പ്യൻസ് ലീഗിൽ അത്‌ലറ്റിക്കോ മാഡ്രിഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള മത്സരം നടക്കുന്നതിനാൽ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമായിരുന്നു.
തന്‍റെ അമ്മയുടെ സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയതായി പോഗ്ബ അറിയിച്ചു. മോഷണം നടക്കുമ്പോൾ പോഗ്ബയുടെ രണ്ടു മക്കളും അമ്മയും വീട്ടിലുണ്ടായിരുന്നു.
"അമ്മയും എന്‍റെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നതാണ് എന്നെ ഏറെ ഭയപ്പെടുത്തിയത്. മോഷ്ടാക്കൾ വീട്ടിൽ പ്രവേശിച്ച കാര്യം അറിഞ്ഞതും സെക്യൂരിറ്റിയെയും എന്‍റെ ഭാര്യയേയും വിവരമറിയിച്ചതിന് ശേഷം അമ്മ കുട്ടികളുമായി ഒരു റൂമിൽ കയറി വാതിലടച്ചു. മോഷണത്തിന് ശേഷം കഴിഞ്ഞ ഒരാഴ്ച അമ്മ ഭയപ്പാടിലായിരുന്നു"- പോഗ്ബ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോഗ്ബ നിലവിൽ സൗഹൃദമത്സരങ്ങൾക്കായി ദേശീയ ടീമിനൊപ്പമാണ്. ഐവറി കോസ്റ്റിനും ദക്ഷിണാഫ്രിക്കക്കുമെതിരെയാണ് ഫ്രാൻസിന്‍റെ മത്സരങ്ങൾ.