പെപ് ഗ്വാർഡിയോള: കാൽപന്ത് തന്ത്രങ്ങളുടെ യൂനിവേഴ്‘സിറ്റി’
മൈതാനമൊരു ചതുരംഗപ്പലകയാണെങ്കിൽ അയാളൊരു ഗാരി കാസ്പറോവാണ്. ഫുട്ബോളൊരു മ്യൂസിക്കാണെങ്കിൽ അയാളൊരു മൊസാർട്ടും. ജന്മംകൊണ്ടും നിലപാടുകൾ കൊണ്ടും പെപ് ഗ്വാർഡിയോള കാറ്റലനാണ്. അയാളുടെ രാഷ്ട്രീയ നിലപാടുകളിലും കാൽപന്ത് ഫിലോസഫിയിലും ഒരു പോലെ കാറ്റലോണിയൻ പ്രവിശ്യയുടെ സ്വാധീനമുണ്ട്.
കാറ്റലോണിയയിലെ നന്നായി പന്തുതട്ടുന്ന ഏതൊരു കുട്ടിയെയും പോലെ പെപ് ഗ്വാർഡിയോളയും കുഞ്ഞുനാളിലേ ബാഴ്സലോണയുടെ യൂത്ത് അക്കാദമിയിൽ എത്തി. ആറുവർഷത്തെ തീവ്ര പരിശീലനത്തിന് ശേഷം 1990ൽ കാറ്റലോണിയയുടെ അഭിമാന നിറങ്ങൾ ചേർത്ത ബാഴ്സ ജേഴ്സിയണിയുമ്പോൾ പ്രായം 19 മാത്രം. കാമ്പ്നൗവിലത് സാക്ഷാൽ യൊഹാൻ ക്രൈഫിന്റെ കാലമാണ്. ടോട്ടൽ ഫുട്ബോളിന്റെ മാന്ത്രികക്കൂട്ടുമായി സ്പെയിനിലെ കളിക്കളങ്ങൾ ഭരിച്ചുതുടങ്ങിയ ക്രൈഫിന്റെ സ്വപ്നടീമിലെ അവിഭാജ്യ സാന്നിധ്യമായിരുന്നു പെപ്. ബാഴ്സലോണയിലെ സംഭവബഹുലമായ ഒരുപതിറ്റാണ്ടിന് ശേഷം ഇറ്റലിയിലും ഖത്തറിലുമെല്ലാം പന്തുതട്ടി.
ക്രൈഫ് പകർന്ന ടോട്ടൽ ഫുട്ബോളിന്റെ പാത തന്നെയാണ് ഗ്വാർഡിയോളയെ മുന്നോട്ടുനടത്തുന്നത്. പന്തുമായി പ്രണയത്തിലാകുന്ന ക്രൈഫിന്റെ ശൈലിയെ അടിത്തറയാക്കിയ നൂതനപരീക്ഷണങ്ങളാണ് പെപ്പിന്റെ വിജയരഹസ്യം. ഏത് പരീക്ഷണങ്ങളിലും പൊസിഷൻ ഫുട്ബോളെന്ന അടിസ്ഥാന പാഠം മുറുകെപ്പിടിക്കുന്നതാണ് അയാളുടെ രീതി. കളിയുടെ മർമമറിയുന്ന പെപ്പിനെ ബാഴ്സലോണക്ക് പണ്ടേ അറിയുമായിരുന്നു. അതുകൊണ്ടുതന്നെ കളി മതിയാക്കിവന്ന പെപ്പ് അധികം വൈകാതെ ബാഴ്സലോണ ബി ടീമിന്റെ പരിശീലകനായി. അവിടെ അയാൾ പ്രാപ്തി തെളിയിച്ചതോടെ ബാഴ്സലോണയുടെ ടീം കോച്ചായി പ്രമോഷൻ ലഭിച്ചു.
റൊണാൾഡീന്യോയും ഡെക്കോയും അടക്കമുള്ള ബാഴ്സയുടെ അതികായരെ പുറത്തിരുത്തിയാണ് പെപ്പിന്റെ ശിഷ്യണത്തിൽ ബാഴ്സ അണിനിരന്നത്. ഡാനി ആൽവ്സും ജെറാർഡ് പിക്വയും അടക്കമുള്ള തനിക്ക് ചേർന്ന ഒരു പറ്റം താരങ്ങളെ പകരമെത്തിച്ചു. പക്ഷേ പെപ്പ് തന്നെയായിരുന്നു ശരിയെന്ന് മൈതാനങ്ങൾ തെളിയിച്ചു. ചിരവൈരികളായ റയലിനെ സാന്റിയാഗോ ബെർണബ്യൂവിലിട്ട് 6-2ന് തീർത്തത് കാറ്റലോണിയൻ തെരുവുകളെ ഉന്മാദത്തിലാക്കി. റയൽ പ്രതിരോധത്തിലെ ദൗർബല്യം മനസ്സിലാക്കി ഫാൾസ് 9 എന്ന് പിൻകാലത്ത് വിളിക്കപ്പെട്ട പൊസിഷനിലേക്ക് ലയണൽ മെസ്സിയെ തന്ത്രപരമായി ഇറക്കിവിട്ടാണ് ആ മഹാവിജയം കൊയ്തത്. റയൽ മാഡ്രിഡ് തുടർച്ചയായി രണ്ടുതവണ കൈവശം വെച്ച ലാലിഗ കിരീടം പെപ്പ് ആ വർഷം തന്നെ ക്യാമ്പ് നൗവിലേക്ക് തിരികെയെത്തിച്ചു. കോപ്പ ഡെൽറേയും ചാമ്പ്യൻസ് ലീഗും അതേ വർഷം തന്നെ നേടി ട്രബിൾ എന്ന പുതിയ തിളക്കവും എടുത്തണിഞ്ഞു.
ഏതാണ്ടെല്ലാ ട്രോഫികളും നേടിയ ബാഴ്സയുമായുള്ള പെപ്പിന്റെ കൂട്ടുകെട്ട് അധികകാലം നീണ്ടില്ല. 2012ൽ പിന്മാറ്റം പ്രഖ്യാപിച്ച് നേരെ പോയത് ന്യൂയോർക്കിൽ ഒളിവുജീവിതത്തിനാണ്. മാഞ്ചസ്റ്റർ യുനൈറ്റഡ് അടക്കമുള്ള ലോകോത്തര ക്ലബുകൾ പലതും വിളിച്ചെങ്കിലും മാറിനിന്നു. പിന്നീടയാളെ കാണുന്നത് 2013ൽ ബയേണിനൊപ്പമാണ്. ദിവസവും മണിക്കൂറുകൾ മാറ്റിവെച്ച് ജർമൻ ഭാഷ പഠിച്ചാണ് പെപ് മ്യൂണിക് നഗരത്തിലെത്തിയത്. അവിടെയുള്ള മൂന്നുവർഷങ്ങളിലും ബയേണിനെ ചാമ്പ്യൻമാരാക്കിയെങ്കിലും ചാമ്പ്യൻസ് ലീഗിൽ കപ്പുയർത്താനാകില്ല. മറക്കാനാഗ്രഹിക്കുന്ന തോൽവികളും അവിടെ നേരിട്ടു.
2016ലാണ് പെപ് തന്റെ പുതിയ തട്ടകമായ ഇംഗ്ലണ്ടിലെത്തുന്നത്. ഉയർന്ന മത്സരക്ഷമതയുള്ള ലീഗിലെ ആദ്യ സീസണിൽ ഫിനിഷ് ചെയ്തത് മൂന്നാമതായി. പ്രീമിയർ ലീഗിന്റെ സമവാക്യങ്ങൾ അതിവേഗം പഠിച്ചെടുത്ത പെപ്പ് തൊട്ടുപിന്നാലെയുള്ള സീസണിൽ ടീമിനെ ബീസ്റ്റ് മോഡിലേക്ക് ഉയർത്തി. എത്രയോ വർഷങ്ങളുടെ ചരിത്രമുള്ള പ്രീമിയർ ലീഗിൽ ഒരു ടീമിനും സ്പർശിക്കാനാകാത്ത 100പോയന്റെന്ന അവിസ്മരണീയമായ നേട്ടത്തിൽ തൊട്ടാണ് അയാൾ സിറ്റിയെ കിരീടമണിയിച്ചത്. 2019-20 വർഷത്തിൽ യുർഗാൻ ക്ലോപ്പിന്റെ ലിവർപൂളിന് മുന്നിൽ കിരീടം അടിയറവ് വെച്ചത് മാറ്റിയാൽ പിന്നീടുള്ള വർഷങ്ങളെല്ലാം നീലവസന്തങ്ങളുടേതാണ്. പ്രീമിയർലീഗിൽ ഒരുക്ലബിനും ഒരു കാലത്തും തുടരാനാകാത്ത ആധിപത്യത്തോടെയാണ് അയാൾ ഓരോ തവണയും കിരീടങ്ങളിൽ മുത്തമിട്ടത്. ലിവർപൂളും ആഴ്സനലുമെല്ലാം ഉജ്ജ്വലമായി പന്തുതട്ടിയെങ്കിലും പെപ്പിനെ പൂട്ടാൻ അതൊന്നുംപോരായിരുന്നു. 136 വർഷത്തിനിടയിൽ മാഞ്ചസ്റ്റർ സിറ്റി നേടിയ ട്രോഫികളുടെ എണ്ണം വെറും എട്ട് വർഷത്തിനുള്ളിൽ പെപ്പ് നേടി. ഗ്രൗണ്ടിലെ സ്പെയ്സും ടോട്ടൽ ഫുട്ബോളും പാസിങ്ങും പ്രസിങ്ങുമെല്ലാം ചേർന്ന പെപ്പിന്റെ ടാക്റ്റിസുകൾക്ക് മറുപടിനൽകാൻ മറ്റു ടീമുകൾ നന്നേ പ്രയാസപ്പെട്ടു.
2012ൽ റോബർട്ടോ മാൻസിനിയുടെ മാഞ്ചസ്റ്റർ സിറ്റി മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഗോൾവ്യത്യാസത്തിൽ പിന്തള്ളിയാണ് പ്രീമിയർ ലീഗിൽ മുത്തമിട്ടത്. ഞങ്ങളുടെ ലെഗസിയും ട്രോഫികളുടെ എണ്ണവും വേറെത്തന്നെയാണെന്നും ഞങ്ങളുടോപ്പമെത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു നൂറ്റാണ്ടുതന്നെ വേണ്ടിവരുമെന്നുമാണ് അന്ന് അലക്സ് ഫെർഗൂസൺ പറഞ്ഞത്. പക്ഷേ മാഞ്ചസ്റ്ററിലെ ആകാശമാകെ മാറിയിരിക്കുന്നു. മാഞ്ചസ്റ്റർ എന്ന പേരുകേട്ടാൽ ലോകത്തെമ്പാടുമുള്ളവർക്ക് ആദ്യമോർമയിലെത്തുന്ന ക്ലബായി സിറ്റി മാറിയിരിക്കുന്നു.