'ആ റോബോട്ടിനെ പുറത്താക്കൂ...'; ഹാളണ്ടിനെതിരെ നിവേദനവുമായി ആരാധകര്‍

കഴിഞ്ഞ ദിവസം സതാംപ്ടനെതിരായ മത്സരത്തിന് ശേഷം ഹാളണ്ടിനെ കുറിച്ച് കോച്ച് ഗാർഡിയോള നടത്തിയ രസകരമായ ചില പ്രതികരണങ്ങളും ഫുട്‌ബോൾ ലോകത്ത് ചിരി പടർത്തുന്നുണ്ടിപ്പോള്‍

Update: 2022-10-09 16:54 GMT
Advertising

എട്ട് മത്സരങ്ങൾ. മൂന്ന് ഹാട്രിക്ക്. 19 ഗോളുകൾ. പ്രീമിയർ ലീഗിൽ തന്‍റെ അരങ്ങേറ്റം ഗംഭീരമാക്കിയ നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാളണ്ട് ലീഗില്‍ തന്‍റെ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ്. ഈ പോക്ക് പോവുകയാണെങ്കിൽ  ലീഗിലെ ഗോൾ റെക്കോർഡുകൾ പലതും താരം ഒറ്റ സീസൺ കൊണ്ട് പഴങ്കഥയാക്കുമെന്നാണ് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്. കഴിഞ്ഞ ദിവസം സതാംപ്ടണെതിരായ മത്സരത്തിലും ഹാളണ്ട് ഗോൾ കണ്ടെത്തിയിരുന്നു. മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിന് സിറ്റി വിജയിക്കുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട്  പ്രീമിയര്‍ ലീഗിലെ ഗോളടി യന്ത്രമായി മാറിയ ഹാളണ്ടിനെ ഫുട്‌ബോളില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ഫിഫയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ചില ആരാധകര്‍.

കഴിഞ്ഞ ഞായറാഴ്ച നടന്ന മാഞ്ചസ്റ്റർ ഡെര്‍ബിയില്‍ ഹാളണ്ട് ഹാട്രിക് നേടിയതിന് ശേഷം ഹൃദയം തകർന്ന ഒരു റെഡ് ഡെവിൾസ് ആരാധകൻ "എർലിംഗ് ഹാലൻഡിനെ ഫുട്ബോള്‍ അസോസിയേഷനില്‍ നിന്ന് വിലക്കാനുള്ള അപേക്ഷ" എന്ന പേരിൽ ഒരു നിവേദനം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ റോബോട്ടിനെ ഇനി കളിക്കാന്‍ അനുവദിക്കുന്നത് ശരിയല്ലെന്നാണ് ആരാധകന്‍ പറഞ്ഞത്. ഹരജിയിലെ വാക്കുകള്‍ ഇങ്ങനെയാണ്.. "ഇത് ഒട്ടും ശരിയല്ല.. ഈ റോബോട്ടിനെ ഇനി നമ്മുടെ രാജ്യത്ത് തുടരാൻ അനുവദിക്കരുത്". ആരാധകന്‍റെ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. ഇതിനെക്കുറിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ്പ് ഗാര്‍ഡിയോളയുടെ മറുപടി അത് രസകരമായൊരു തമാശയാണെന്നായിരുന്നു.

കഴിഞ്ഞ ദിവസം സതാംപ്ടനെതിരായ മത്സരത്തിന് ശേഷം ഹാളണ്ടിനെ കുറിച്ച്   ഗാർഡിയോള നടത്തിയ ചില പ്രതികരണങ്ങളും ഫുട്‌ബോൾ ലോകത്ത് ചിരി പടർത്തുന്നുണ്ടിപ്പോള്‍. ഹാളണ്ടിന്‍റെ പ്രകടനത്തിൽ താൻ നിരാശനാണെന്നായിരുന്നു പെപ്പിന്‍റെ പ്രതികരണം. 

"അവന്‍റെ പ്രകടനത്തിൽ ഞാൻ വളരേയേറെ നിരാശനാണ്.. എന്ത് കൊണ്ട് ഇന്നവൻ ഹാട്രിക്ക് നേടിയില്ല" പെപ് ചിരിച്ചു കൊണ്ട് പറഞ്ഞു"

പ്രീമിയർ ലീഗിൽ തങ്ങളുടെ പടയോട്ടം തുടരുന്ന സിറ്റി  പോയിന്‍റ് പട്ടികയിൽ തലപ്പത്താണ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും രണ്ട് സമനിലയുമടക്കം 24 പോയിന്‍റാണ് സിറ്റിയുടെ സമ്പാദ്യം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News