പോളിഷ് ടീമിന് അകമ്പടിയുമായി യുദ്ധവിമാനങ്ങൾ-കാരണമിതാണ്

1986നുശേഷം ആദ്യമായി നോക്കൗട്ട് കടക്കുകയെന്ന ലക്ഷ്യവുമായാണ് ഇത്തവണ ലെവൻഡോവ്‌സ്‌കിയും സംഘവും ദോഹയിലെത്തുന്നത്

Update: 2022-11-18 16:58 GMT
Editor : Shaheer | By : Web Desk
Advertising

വാഴ്‌സോ: ഖത്തർ ലോകകപ്പിനായി പുറപ്പെട്ട പോളിഷ് സംഘത്തിന് കാവലൊരുക്കി യുദ്ധവിമാനങ്ങൾ. റഷ്യ-പോളണ്ട് അതിർത്തി കടക്കുംവരെയാണ് റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ലോകകപ്പ് സംഘം സഞ്ചരിച്ച വിമാനത്തിന് സൈന്യത്തിന്റെ എഫ്-16 വിമാനങ്ങൾ അകമ്പടിയൊരുക്കിയത്. അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷസാഹചര്യത്തിലാണ് സൈനികനടപടി.

ചൊവ്വാഴ്ച രാജ്യത്തിന്റെ അതിർത്തി മേഖലയിൽ റഷ്യൻ മിസൈൽ പതിച്ച് രണ്ട് പോളിഷ് പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം വൻ സുരക്ഷയാണ് അതിർത്തിപ്രദേശങ്ങളിൽ ഒരുക്കിയിരിക്കുന്നത്. യുക്രൈനിലെ റഷ്യൻ സൈനിക നടപടി ആരംഭിച്ച് ഇടവേളയ്ക്കുശേഷം വീണ്ടും അയൽരാജ്യമായ പോളണ്ട് സംഘർഷാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഈ സാഹചര്യത്തിലാണ് ദേശീയ ടീമിന് സുരക്ഷയൊരുക്കാൻ സൈന്യം തന്നെ മുന്നിട്ടിറങ്ങിയത്. ടീം സഞ്ചരിച്ച വിമാനം പോളണ്ടിന്റെ ദക്ഷിണ അതിർത്തി മേഖല കടക്കുംവരെ യുദ്ധവിമാനങ്ങൾ അനുഗമിച്ചു. യുദ്ധവിമാനങ്ങളിൽനിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. യാത്രാവിമാനത്തിനോട് തൊട്ടുചേർന്നായിരുന്നു യുദ്ധവിമാനങ്ങളും സഞ്ചരിച്ചത്. സൈന്യത്തിന് നന്ദി പറഞ്ഞ് പോളണ്ട് ദേശീയ ഫുട്‌ബോൾ ടീം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

1986നുശേഷം ആദ്യമായി നോക്കൗട്ട് കടക്കുകയെന്ന ലക്ഷ്യവുമായാണ് ഇത്തവണ ലെവൻഡോവ്‌സ്‌കിയും സംഘവും ദോഹയിലെത്തുന്നത്. 'സി' ഗ്രൂപ്പിൽ അർജന്റീനയും മെക്‌സിക്കോയും സൗദി അറേബ്യയുമാണ് എതിരാളികൾ.

Summary: Poland national team flight escorted by F-16 fighter jets to Qatar FIFA World Cup 2022

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News