'ജയിച്ചു കയറണം'; മെക്‌സിക്കോക്കെതിരെ അർജന്റീന ഇറങ്ങുക അടിമുടി മാറ്റങ്ങളോടെ
വിങ് ബാക്കുകളായ നിക്കോളാസ് ടാഗ്ലിഫിക്കോക്കും മോണീനക്കും ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമാകാൻ സാധ്യതയുണ്ട്
ദോഹ: ഖത്തർ ലോകകപ്പിലെ രണ്ടാം മത്സരത്തിൽ അർജന്റീന ടീമിൽ മാറ്റം വരുത്തുമെന്ന് റിപ്പോർട്ട്. ആദ്യ മത്സരത്തിൽ സൗദിക്കെതിരെ അണിനിരത്തിയ ആദ്യ ഇലവനിൽ നിന്ന് അർജന്റീന നാല് മാറ്റങ്ങൾ വരുത്തുമെന്നാണ് സൂചന. ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തിട്ടില്ലാത്ത റൊമേരോയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കുമെന്ന് ഏറെ കുറെ ഉറപ്പാണ്.
പ്രതിരോധ നിരയിലേക്ക് റോമേരോയ്ക്ക് പകരം ലിസാൻഡ്രോ മാർട്ടിനസ് എത്താനാണ് സാധ്യത. മധ്യനിരയിൽ പപ്പു ഗോമസിന് പകരം എൻസോ ഫെർണാണ്ടസ്, അല്ലിസ്റ്റർ എന്നിവരിലൊരാൾ വന്നേക്കും. വിങ് ബാക്കുകളായ നിക്കോളാസ് ടാഗ്ലിഫിക്കോക്കും മോണീനക്കും ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമാകാൻ സാധ്യതയുണ്ട്.
അക്കൂനയും മോന്റിയേലും വിങ് ബാക്കുകളായി വരാനാണ് സാധ്യത. നവംബർ 27നാണ് അർജന്റീന-മെക്സിക്കോ മത്സരം. നിലവിൽ ഗ്രൂപ്പ് സിയിൽ രണ്ട് പോയിന്റുമായി സൗദിയാണ് ഒന്നാമത് .പോളണ്ടും മെക്സിക്കോയും ഓരോ പോയിന്റ് വീതം നേടി നിൽക്കുന്നു. അർജന്റീന മെക്സിക്കോയേയും പോളണ്ടിനേയും തോൽപ്പിച്ചാൽ അവർക്ക് ആറ് പോയിന്റാവും.