ഗോൾ കീപ്പർ രക്ഷകനായി, സമനിലയിൽ രക്ഷപ്പെട്ട് ആഴ്സനൽ

പന്ത്രണ്ടു വർഷത്തിന് ശേഷം ആൻഫീൽഡിൽ പ്രീമിയർ ലീഗ് വിജയത്തിനായി ഇറങ്ങിയ ആഴ്സനൽ സമനിലക്കൊണ്ട് രക്ഷപ്പെട്ടു

Update: 2023-04-09 18:24 GMT
Advertising

ആൻഫീൽഡിൽ വിജയിക്കാൻ ആഴ്സനൽ ഇനിയും കാത്തിരിക്കണം. പന്ത്രണ്ടു വർഷത്തിന് ശേഷം ആൻഫീൽഡിൽ പ്രീമിയർ ലീഗ് വിജയത്തിനായി ഇറങ്ങിയ ആഴ്സനൽ സമനിലക്കൊണ്ട് രക്ഷപ്പെട്ടു. ഗോൾ കീപ്പർ റാംസ്ഡിലിൻ്റെ തകർപ്പൻ പ്രകടനമാണ് ആഴ്സനലിന് സമനില സമ്മാനിച്ചത്. ആദ്യ പകുതിയിൽ തുടക്കത്തിൽ രണ്ടു ഗോളുകൾ നേടി ആഴ്സനലിനു ലീഡ് എടുക്കാനായെങ്കിലും ആൻഫീൽഡിൽ ജയിച്ചു മടങ്ങാൻ അവർക്കായില്ല. ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുക്കാനായെങ്കിലും രണ്ടാം പകുതിയിൽ ആൻഫീൽഡിലെ ആരാധകർക്കു മുമ്പിൽ പതറുന്ന ആഴ്സലിനെയാണ് കണ്ടത്.

എട്ടാം മിനുറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ആഴ്സനലിൻ്റെ ആദ്യ ഗോൾ നേടിയത്. ബുക്കായോ സാക്ക തുടങ്ങി വെച്ച മുന്നേറ്റം ലിവർപൂൾ പ്രതിരോധ നിരക്കാരൻ വാൻഡൈക്കിൽ തട്ടിത്തെറിച്ച് പന്ത് കൃത്യമായി മാർട്ടിനെല്ലിയുടെ കാലുകളിൽ, ലിവർപൂൾ പ്രതിരോധ നിരയെ വകഞ്ഞു മാറ്റി മാർട്ടിനെല്ലി കൃത്യമായി അലിസണിൻ്റെ പോസ്റ്റിലേക്ക് പന്തിനെ തഴുകി വിട്ടു. ഗബ്രിയേൽ ജീസസാണ് ഗണ്ണേഴ്‌സിൻ്റെ ലീഡ് രണ്ടായി ഉയർത്തിയത്. 28-ാം മിനുറ്റിൽ മാർട്ടിനെല്ലി ബോക്‌സിൻ്റെ ഇടതു വശത്ത് നിന്ന് ജീസസിനെ ലക്ഷ്യമാക്കി പന്ത് അകത്തേക്ക് ഉയർത്തിയിടുന്നു. പുൽ തകിടിയിൽ നിന്ന് ഉയർന്ന് പൊന്തിയ താരം ഗോൾ കീപ്പർ അലിസണിന് യാതൊരു വിധ അവസരവും നൽകാതെ ഗോൾ പോസ്റ്റിൻ്റെ ഇടതു മൂലയിലേക്ക് പന്ത് തലക്കൊണ്ട് തലോടിയിട്ടു.

രണ്ടു ഗോൾ വീണ ശേഷം ആദ്യ പകുതിയിൽ തന്നെ തിരിച്ചു വരാനുള്ള ലിവർപൂളിനെ ലക്ഷ്യം 42-ാം മിനുറ്റിൽ സലാഹിലൂടെ ലക്ഷ്യം കണ്ടു. ജോട്ട ബോക്സിലേക്ക് നീട്ടി നൽകിയ പന്ത് സ്വീകരിച്ച ഹെൻഡേഴ്സൻ ആഴ്സനൽ പ്രതിരോധ നിര കൃത്യമായി മാർക്ക് ചെയ്യാതിരുന്ന സലാഹിലേക്ക് പന്ത് നീട്ടി നൽകി അവസരം മുതലാക്കിയ താരം യാതൊരു പിഴവുകളുമില്ലാതെ പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയയിൽ ഒരു ഗോൾ തിരിച്ചടിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ ലിവർപൂൾ രണ്ടാം പകുതിയുടെ തുടക്കം മുതൽ ശക്തമായ ആക്രമണമാണ് ആഴ്സനലിനു നേരെ ഉത്തിർത്തത്. ഈ അക്രമങ്ങൾക്ക് ഫലമായി ലിവർപൂളിന് 52-ാം മിനുറ്റിൽ പെനാൽറ്റി ലഭിച്ചു. പക്ഷേ കിക്കെടുത്ത സലാഹിന് പിഴച്ചു. പന്തിനെ വലയുടെ മൂലയിലേക്ക് പറഞയക്കാൻ ശ്രമിച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി.

പെനാൽറ്റി പുറത്തു പോയി നാലു മിനുറ്റുകൾക്കകം താരത്തിനു ഗോൾ നേടാൻ അടുത്ത അവസരവും ഉണ്ടായിരുന്നു. എന്നാൽ ആഴ്സനൽ ഗോൾ കീപ്പർ റാംസ്ഡിൽ താരത്തിൻ്റെ ശക്തമായ ഷോർട്ട് തട്ടിയകറ്റി. 81-ാം മിനുറ്റിൽ ഡേവിഡ് നൂനസിൻ്റെ ഗോൾ എന്നുറപ്പിച്ച ഷോർട്ട് തടുത്തിട്ട് റാംസ്ഡിൽ ഒരിക്കൽ കൂടി ആഴ്സനലിൻ്റെ രക്ഷക്കെത്തി. സലാഹ് നൽകിയ പാസ് സ്വീകരച്ച് കുതിച്ച നൂനസിൻ്റെ മുന്നിൽ ഗോൾ കീപ്പർ മാത്രമെ ഉണ്ടായിരുന്നൊള്ളൂ, പക്ഷേ മനസാനിധ്യം കൊണ്ട് നൂനസിനെ നേരിട്ട റാംസ്ഡീൽ ആ ഗോൾ ശ്രമം തടഞ്ഞിട്ടു.

എന്നാൽ ആക്രമം നിരന്തരം തുടർന്ന ലിവർപൂൾ 87 -ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫിർമീനോയിലൂടെ റാംസ്ഡിലിൻ്റെ വലയം ഭേദിച്ചു. റോബർട്ട്‌സൻ ആഴ്സനൽ പ്രതിരോധ നിരയെ മറികടന്ന് പന്ത് അകത്തേക്ക് ഉയർത്തിയിടുന്നു, ചാടി ഉയർന്ന ഫിർമീനോ കൃത്യമായി പന്ത് വലയിലെത്തിക്കുന്നു. ആവേശകരമായ മത്സരം സമനിലയിൽ. ഇഞ്ചുറി സമയത്ത് വിജയ ഗോൾ നേടാൻ രണ്ടു തവണ ലിവർപൂളിന് അവസരമുണ്ടായെങ്കിലും രക്ഷകാനായി റാംസ്ഡിൽ വീണ്ടും അവതരിച്ചതോടെ ആഴ്‌സനൽ ആൻഫീൽഡിൽ നിന്ന് സമനിലയോടെ രക്ഷപ്പെട്ടു. ഇന്ന് പ്രീമിയർ ലീ​ഗിൽ നടന്ന മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസ് ഒന്നിനെതിരെ അഞ്ചു ​ഗോളിനു ലീ‍ഡ്സ് യുണൈറ്റ‍ഡിനെ തോൽപ്പിച്ചു.

Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News