വിലക്ക് വരെ വന്നേക്കാം; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സാമ്പത്തിക നിയമലംഘനം ആരോപിച്ച് പ്രീമിയർ ലീഗ്

വരുമാനം ഉൾപ്പെടെ ക്ലബിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ശരിയായ വിവരങ്ങൾ നൽകിയില്ലെന്നാണ് വിമർശനം

Update: 2023-02-06 16:32 GMT
Advertising

മാഞ്ചസ്റ്റർ സിറ്റി ലീഗിലെ സാമ്പത്തിക നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് അധികൃതർ. 2009 മുതൽ 2018 വരെയായി ക്ലബ് വിവിധ സാമ്പത്തിക ചട്ടങ്ങൾ മറികടന്നതായാണ് ആരോപിക്കപ്പെടുന്നത്. സ്പോൺസർഷിപ്പ് അടക്കമുള്ള വരുമാനം ഉൾപ്പെടെ ക്ലബിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ശരിയായ വിവരങ്ങൾ നൽകിയില്ലെന്നാണ് വിമർശനം. വരുമാനവുമായി ബന്ധപ്പെട്ട അനുബന്ധ കക്ഷികൾ, പ്രവർത്തനച്ചെലവ് എന്നിവ വ്യക്തമാക്കിയില്ലെന്നാണ് ഒരു ആരോപണം.

കോച്ചിന്റെ മുഴുവൻ വിശദാംശങ്ങളും നൽകിയില്ലെന്നതാണ് മറ്റൊരു വിമർശനം. 2009-10 മുതൽ 2012-13 വരെയുള്ള സീസണുകളിലെ കോച്ചുമാരുടെ പ്രതിഫലം വ്യക്തമാക്കിയില്ലെന്നും ലീഗ് അധികൃതർ കുറ്റപ്പെടുത്തി.

2010 മുതൽ 2016 വരെയുള്ള കളിക്കാരുടെ പ്രതിഫലമടക്കമുള്ളവയുടെ പൂർണ വിവരങ്ങൾ നൽകിയില്ലെന്നതാണ് മറ്റൊരു കുറ്റം. ഇത്തരം കുറ്റങ്ങൾ അന്വേഷിക്കാനായി സ്വതന്ത്ര കമ്മീഷനെ നിയമിച്ചതായും ലീഗ് അധികൃതർ അറിയിച്ചു. 2019ൽ തുടങ്ങിയ അന്വേഷണമാണ് ഇപ്പോൾ സ്വതന്ത്ര കമ്മീഷനിലേക്ക് റഫർ ചെയ്തിരിക്കുന്നത്. എന്നാൽ ആരോപണങ്ങൾ അത്ഭുതപ്പെടുത്തുന്നുവെന്നും സ്വതന്ത്ര കമ്മീഷന്റെ അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും മാഞ്ചസ്റ്റർ സിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ലീഗ് മത്സരങ്ങളിൽ നിന്ന് ക്ലബിനെ വിലക്കാൻ വരെ ഈ കമ്മീഷന് അധികാരമുണ്ടാകും. പോയിൻറ് കുറയ്ക്കുക, ലീഗ് മത്സരങ്ങൾ മാറ്റി നടത്താൻ നിർദേശിക്കുക, ക്ലബിനെ സസ്‌പെൻഡ് ചെയ്യുക അല്ലെങ്കിൽ തരംതാഴ്ത്തുക, നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുക, കളിക്കാരുടെ അംഗീകാരം റദ്ദാക്കുക, ഇതര ശിക്ഷാനടപടികൾ സ്വീകരിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ കമ്മീഷനാകും.

യുവേഫ ഫിനാൻഷ്യൽ കൺട്രോൾ ബോഡി മഞ്ചസ്റ്റർ സിറ്റിക്ക് 2020 ഫെബ്രുവരിയിൽ ഏർപ്പെടുത്തിയ രണ്ട് വർഷത്തെ വിലക്ക് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സ് അസാധുവാക്കിയിരുന്നു.

Premier League has accused Manchester City of breaching financial regulations

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News