ഇനി ‘എംബായെ’; എംബാപ്പെക്ക് പകരം 16കാരനെ അണിനിരത്തി പി.എസ്.ജി
പാരിസ്: സൂപ്പർതാരം കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതിന് ശേഷമുള്ള ആദ്യ ലിഗ് വൺ മത്സരത്തിൽ വിജയത്തോടെ തുടങ്ങി പി.എസ്.ജി. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ലെ ഹാവ്രയെയാണ് പി.എസ്.ജി പരാജയപ്പെടുത്തിയത്. മത്സരത്തിൽ എംബാപ്പെക്ക് പകരം അണിനിരന്ന ഇബ്രാഹീം എംബായെയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
16 വർഷവും ആറ് മാസവും പ്രായമുള്ള എംബായെ പി.എസ്.ജിക്കായി കളത്തിലിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. പി.എസ്.ജി യൂത്ത് അക്കാദമിയിൽ നിന്നും ചൂണ്ടിയെടുത്ത താരം പി.എസ്.ജിക്കായി രണ്ട് സൗഹൃദ മത്സരങ്ങളിൽ കളത്തിലിറങ്ങിയെങ്കിലും ഔദ്യോഗിക മത്സരത്തിൽ ഇതാദ്യമായാണ് കളിക്കുന്നത്.
ഫ്രാൻസിൽ ജനിച്ച എംബായെയുടെ മാതാവ് മൊറോക്കൻ വംശജയും പിതാവ് സെനഗൽ വംശജനുമാണ്. ഫ്രാൻസിന്റെ അണ്ടർ 16 ടീമിനായി 14 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം ആറ് ഗോളുകളും നേടി.
പി.എസ്.ജി ആദ്യ ഇലവനിലെ മുന്നേറ്റ നിരയിൽ പോർച്ചുഗലിന്റെ ഗോൺസാലോ റാമോസ്, സ്പെയിനിന്റെ മാർകോ അസെൻസിയോ എന്നിവർക്കൊപ്പമാണ് താരത്തെ പി.എസ്.ജി കോച്ച് ലൂയിസ് എന്റിക്വ അണിനിരത്തിയത്. മത്സരം 84 മിനുറ്റ് വരെ 1-1 എന്ന നിലയിലായിരുന്നു. എന്നാൽ 84ാം മിനുറ്റിൽ ഒസ്മാനെ ഡെംബലെ, 86ാം മിനുറ്റിൽ ബ്രാഡ്‍ലി ബാർകോല, 90ാം മിനുറ്റിൽ റൻഡൽ കോളോ മുആനി എന്നിവരുടെ ഗോളിൽ പി.എസ്.ജി ജയിച്ചുകയറുകയായിരുന്നു.