സമനില; റയലിനെതിരെ എവേ ഗോളിന്റെ മുന്‍തൂക്കവുമായി ചെല്‍സി
രണ്ടാം പാദ മത്സരം ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ്
ചാമ്പ്യൻസ് ലീഗ് സെമി ഒന്നാം പാദത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് ചെൽസി. റയലിന്റെ തട്ടകത്തിൽ വിലപ്പെട്ട ഒരു എവേ ഗോളിന്റെ മുൻതൂക്കവും നേടാൻ ചെൽസിക്കായി.
ചെൽസി ആദ്യ പകുതിയിൽ റയൽ മാഡ്രിഡിനെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ അവസരങ്ങൾ ഗോളാക്കുന്നതിൽ ചെൽസി താരങ്ങൾ പരാജയപ്പെട്ടുകൊണ്ടിരുന്നു. പത്താം മിനുറ്റിൽ, തളികയിലെന്നപ്പോലെ ക്രിസ്ത്യൻ പുലിസിച്ച് വെച്ച് നൽകിയ പന്ത് റയൽ ഗോളി തിബോ കോർട്ടുവ മാത്രം മുന്നിൽ നിൽക്കെ ടിമോ വെർണറിന് ഗോളാക്കാൻ കഴിയാതെ പോയി.
14ാം മിനിറ്റിൽ പ്രതിരോധ താരം റുഡിഗറിന്റെ പാസിൽ നിന്ന് റയൽ മാഡ്രിഡ് ഗോൾ കീപ്പറെ അനായാസം മറികടന്ന് പുലിസിച്ചാണ് ചെൽസിക്ക് വേണ്ടി ഗോൾ നേടിയത്. എന്നാൽ അധികം താമസിയാതെ തന്നെ ബെൻസേമ റയൽ മാഡ്രിഡിന് സമനില നേടിക്കൊടുത്തു. സെറ്റ് പീസിൽ ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ ചെൽസി പ്രതിരോധം വരുത്തിയപിഴവ് മുതലെടുത്താണ് ബെൻസേമ ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് കൂടുതൽ മികവ് കാണിച്ചതോടെ, ആദ്യ പകുതിയിലെ ആധിപത്യം തുടരാൻ കഴിയാതിരുന്ന ചെൽസിക്ക് 1-1ന്റെ സമനില കൊണ്ട് മടങ്ങേണ്ടി വന്നു. രണ്ടാം പാദ മത്സരം ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ്.