ഏഷ്യന്‍ കപ്പിന് നാളെ ഖത്തറില്‍ കിക്കോഫ്; ആദ്യ മത്സരത്തില്‍ ഖത്തറും ലബനാനും നേര്‍ക്കുനേര്‍
നാളെ വൈകീട്ട് ഏഴിന് ഖത്തറും ലബനാനും തമ്മില്‍ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം
ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന് നാളെ ഖത്തറില്‍ കിക്കോഫ്. ഇന്ത്യയടക്കം 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. വൈകീട്ട് ഏഴിന് ഖത്തറും ലബനാനും തമ്മില്‍ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
ലോകകപ്പ് ഫുട്ബോളിന്റെ കലാശപ്പോര് നടന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ ഒരിക്കല്‍ കൂടി ആരവങ്ങളുയരുകയാണ്. നിലവിലെ ചാമ്പ്യന്‍മാരെന്ന പെരുമ കൂടിയുള്ള ആതിഥേയരായ ഖത്തര്‍ മികച്ച തുടക്കമാണ് ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് എയിലെ താരതമ്യേനെ ദുര്‍ബലരാണ് ലബനാന്‍. പുതിയ കോച്ച് മാര്‍ക്വസ് ലോപസിന് കീഴിലെത്തുന്ന ടീമിന് പ്രതീക്ഷയ്‍ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദോസ് പറഞ്ഞു.
വൈകിട്ട് അഞ്ച് മണി മുതല്‍ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും. ഉദ്ഘാടന ചടങ്ങിന്റെ സസ്പെന്‍സ് സംഘാടകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രണ്ട് മണി മുതല്‍ തന്നെ ആരാധകര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും.
ശനിയാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശക്തരായ ആസ്ത്രേലിയയാണ് എതിരാളികള്‍. ഒന്‍പത് ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ടിക്കറ്റ് സ്വന്തമാക്കിയവരില്‍ ഇന്ത്യന്‍ ആരാധകര്‍ ഖത്തറിന് പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്. ലുസൈലും അല്‍ബെയ്ത്തും അടക്കം ഏഴു ലോകകപ്പ് വേദികള്‍ ഉള്‍പ്പെടെ ഒന്‍പത് സ്റ്റേഡിയങ്ങളിലായാണ് ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
Summary: Qatar and Lebanon to kick off Asian Cup tomorrow at Lusail stadium, Doha, Qatar