ഫുട്ബോള്‍ ലോകകപ്പിനായി ഖത്തറില്‍ ഒരുക്കങ്ങള്‍ അതിവേഗത്തില്‍; ഫൈനല്‍ നടക്കേണ്ട ലുസൈല്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ടര്‍ഫ് സ്ഥാപിച്ചു
80,000 പേര്‍ക്കിരുന്ന് കളി കാണാവുന്ന ഈ സ്റ്റേഡിയത്തിന്‍റെ നിര്‍മാണ ജോലികള്‍ ഇതോടെ 80 ശതമാനവും പിന്നിട്ടു കഴിഞ്ഞു.
2022 ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനല്‍ നടക്കേണ്ട ലുസൈല്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ടര്‍ഫ് സ്ഥാപിച്ചു. സ്റ്റേഡിയത്തിന്‍റെ 80 ശതമാനം നിര്‍മ്മാണ ജോലികളും പൂര്‍ത്തിയായതായി ഖത്തര്‍ സുപ്രീം കമ്മിറ്റി അറിയിച്ചു.
ചൂടുള്ള മണലാരണ്യത്തിന് മീതെ പ്രതീക്ഷകളുടെ ഒരായിരം പുല്‍ത്തലപ്പുകള്‍ നിറഞ്ഞ ടര്‍ഫും സ്ഥാപിച്ച് ലുസൈല്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഉദ്ഘാടനത്തിലേക്കടുക്കുകയാണ്. സ്റ്റേഡിയത്തില്‍ പുല്‍മൈതാനം സ്ഥാപിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിയാണ് പങ്കുവെച്ചത്.
എണ്‍പതിനായിരം പേര്‍ക്കിരുന്ന് കളികാണാവുന്ന ഈ സ്റ്റേഡിയത്തിന്‍റെ നിര്‍മാണ ജോലികള്‍ ഇതോടെ എണ്‍പത് ശതമാനവും പിന്നിട്ടു കഴിഞ്ഞു. ഗാലറിയുടെ മേല്‍ക്കൂര സ്ഥാപിക്കേണ്ട ജോലികള്‍ അന്തിമ ഘട്ടത്തിലാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ സ്റ്റേഡിയത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകും. പ്രാചീന അറബികളുടെ വീടുകളില്‍ വെളിച്ചം പകര്‍ന്നിരുന്ന ഫനാര്‍ വിളക്കിന്‍റെ രൂപത്തിലാണ് സ്റ്റേഡിയത്തിന്‍റെ നിര്‍മാണം.
ബ്രിട്ടീഷ് കമ്പനിയായ ഫോസ്റ്റര്‍ പാര്‍ട്ണേഴ്സാണ് സ്റ്റേഡിയത്തിന്‍റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. എച്ച് ബികെ ചൈന റെയില്‍വെ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ സിആര്‍സിസി എന്നീ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം. സ്റ്റേഡിയത്തിന്‍റെ സമീപത്തായി സ്ഥാപിക്കുന്ന ട്രെയിനിങ് ഗ്രൗണ്ടുകള്‍, ഗാര്‍ഡനുകള്‍, പാര്‍ക്കിങ് ഏരിയകള്‍ തുടങ്ങിയവയുടെ നിര്‍മാണ ജോലികളും പുരോഗമിക്കുന്നു. ലോകകപ്പിനായി ഖത്തര്‍ സജ്ജമാക്കുന്ന എട്ടാമത്തെ സ്റ്റേഡിയമാണ് ലുസൈല്‍. അഞ്ച് സ്റ്റേഡിയങ്ങളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഫൈനലുള്‍പ്പെടെ മൊത്തം പത്ത് മത്സരങ്ങളാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുക.