ഖത്തറിലേത് എന്റെ അവസാന ലോകകപ്പാകും: ലയണൽ മെസ്സി

35 വയസ്സുകാരനായ മെസ്സി അർജന്റീനക്കായി 164 മത്സരങ്ങളിൽനിന്ന് 90 ഗോളുകൾ നേടിയിട്ടുണ്ട്.

Update: 2022-10-07 04:19 GMT
Advertising

പാരിസ്: ഖത്തറിലേത് തന്റെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി. അർജന്റീനിയൻ മാധ്യമമായ ഡിപ്പോർട്ടീവോയുടെ കായിക ലേഖകൻ സെബാസ്റ്റ്യൻ വിഗ്‌നോളോയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് മെസ്സി ഇക്കാര്യം പറഞ്ഞത്. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്നും ആ തീരുമാനം താൻ എടുത്തുകഴിഞ്ഞുവെന്നും മെസ്സി വ്യക്തമാക്കി.

''ലോകകപ്പ് വരെയുള്ള ദിനങ്ങൾ ഞാൻ എണ്ണിക്കൊണ്ടിരിക്കുകയാണ്. സത്യം, ചെറിയ ഉത്കണ്ഠയുണ്ട്. ഇതെന്റെ അവസാനത്തേതാണ്. എങ്ങനെ പോകും എന്ത് സംഭവിക്കും എന്നൊന്നും അറിയില്ല. ഒരു വശത്ത് എത്രയും വേഗം ലോകകപ്പ് ആകണേ എന്നാണ്. അത് നന്നായി പോകണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ ഞങ്ങൾ (അർജന്റീന ടീം) മികച്ച നിലയിലാണ്. ശക്തമായ സംഘമാണ്. എന്നാൽ ലോകകപ്പിൽ എന്തും സംഭവിക്കാം. എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടുള്ളതാണ്, അതാണ് ഒരു ലോകകപ്പിനെ ഏറെ സവിശേഷമാക്കുന്നത്. കാരണം, ഫേവറിറ്റുകളായിരിക്കില്ല എല്ലായ്പ്പോഴും വിജയിക്കുന്നത്'' - മെസ്സി പറഞ്ഞു.

2019 മുതൽ പരാജയമറിയാതെ തുടർച്ചയായി 35 മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് അർജന്റീന. 35 വയസ്സുകാരനായ മെസ്സി അർജന്റീനക്കായി 164 മത്സരങ്ങളിൽനിന്ന് 90 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ താരമായ മെസ്സി ക്ലബ് കരിയറിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ബ്രസീലിനെ തോൽപ്പിച്ച് മെസ്സിയും സംഘവും കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News