'ഇത് ശരിയല്ല നടപടി വേണം'; ബ്ലാസ്റ്റേഴ്സ് താരത്തിനെതിരായ വംശീയ അധിക്ഷേപത്തില്‍ ലൂണ
കേരള ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ ദോളിങിനെ ബെംഗളൂരു താരം റയാൻ വില്യംസ് വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം
ബ്ലാസ്റ്റേഴ്സ് താരത്തിനെതിരായ ബംഗളൂരു താരത്തിന്‍റെ വംശീയ അധിക്ഷേപത്തിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധവുമായി ബ്ലാസ്റ്റേഴ്സ് നായകന്‍ അഡ്രിയാന്‍ ലൂണ. ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. നടപടി ഉണ്ടാകുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായി ലൂണ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
'ബ്ലാസ്‌റ്റേഴ്‌സ് താരത്തിനെതിരായ വംശീയ അധിക്ഷേപം ശരിയല്ല. ബംഗളൂരു താരത്തിനെതിരെ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഐഎസ്എൽ അധികൃതരാണ്'. ലൂണ പറയുന്നു.
കേരള ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ ദോളിങിനെ ബെംഗളൂരു താരം റയാൻ വില്യംസ് വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. ബംഗളൂരു എഫ്‌സി- ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലായിരുന്നു സംഭവം. ഈ വിഷയത്തിൽ ബ്ലാസ്റ്റേഴ്‌സ് പരാതിയും നൽകിയിരുന്നു. എന്നാൽ പരാതിയിൽ ഐഎസ്എൽ അധികൃതർ ഒരു നടപടിയും എടുത്തിട്ടില്ല. താരത്തിനെതിരെ നടപടി എടുക്കാത്തതില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരും നിരാശരാണ്.
താരത്തിനെതിരായ അധിക്ഷേപത്തിൽ ആശങ്കയും വേദനയും ഉണ്ടെന്നും വംശീയധിക്ഷേപം നടത്തിയ താരത്തിനെതിരെ ബംഗളൂരു എഫ് സി നടപടി സ്വീകരിക്കണമെന്നും കേരള ബ്ലാസ്റ്റേഴ്സ് വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം മത്സരത്തിൽ ബദ്ധവൈരികളായ ബംഗളൂരു എഫ്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.