എവർട്ടൻ-ടോട്ടനം മത്സരത്തിനിടെ നോമ്പുതുറക്കാൻ കളിനിർത്തി; പ്രീമിയര്‍ ലീഗില്‍ ഇനി ഔദ്യോഗിക ഇടവേള
എവർട്ടൻ താരങ്ങളായ ആൻഡ്രെ ഒനാന, അബ്ദുലൈ ദൂക്കോറെ, ഇദ്രീസ ഗേയ് എന്നിവർ ഇടവേളയിൽ വെള്ളവും ലഘുഭക്ഷണങ്ങളും കഴിച്ച് നോമ്പുതുറക്കുകയായിരുന്നു
ലണ്ടൻ: മുസ്‌ലിം താരങ്ങൾക്ക് നോമ്പുതുറക്കാനായി ഇടവേള നൽകി പ്രീമിയർ ലീഗ് മത്സരം. ഇന്നലെ ടോട്ടനവും എവർട്ടനും തമ്മിൽ നടന്ന മത്സരത്തിലാണ് മിനിറ്റുകളോളം മത്സരം നിർത്തിവച്ചത്. ഔദ്യോഗിക തീരുമാനം വന്ന ശേഷം ഇതാദ്യമായാണ് പ്രീമിയർ ലീഗിൽ നോമ്പുതുറക്കാൻ കളിക്കിടെ ഇടവേള അനുവദിച്ചത്.
വ്രതമെടുക്കുന്ന താരങ്ങൾക്ക് നോമ്പുതുറക്കാൻ സമയം അനുവദിക്കാമെന്ന് പ്രീമിയർ ലീഗ് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. റഫറിമാർക്കും മാച്ച് ഒഫീഷ്യലുകൾക്കും നൽകിയ നിർദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരുന്നത്. ഉത്തരവിനുശേഷം ആദ്യമായാണ് ഒരു പ്രീമിയർ ലീഗ് മത്സരം താൽക്കാലികമായി നിർത്തിവയ്ക്കുന്നത്.
ഇന്നലെ മത്സരത്തിന്റെ 26-ാം മിനിറ്റിലായിരുന്നു ഇടവേള നൽകിയത്. എവർട്ടൻ താരങ്ങളായ ആൻഡ്രെ ഒനാന, അബ്ദുലൈ ദൂക്കോറെ, ഇദ്രീസ ഗേയ് എന്നിവർ ഈ സമയത്ത് വെള്ളവും ലഘുഭക്ഷണങ്ങളും കഴിച്ച് നോമ്പുതുറന്നു. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര ലീഗിൽ വ്രതമെടുക്കുന്നവർക്കായി ഔദ്യോഗികമായി പ്രത്യേക ഇളവ് അനുവദിക്കുന്നത്. രണ്ടുവർഷം മുൻപ് ലെസ്റ്റർ സിറ്റിയും ക്രിസ്റ്റൽ പാലസും തമ്മിലുള്ള മത്സരം താരങ്ങൾക്ക് നോമ്പുതുറക്കാനായി നിർത്തിവച്ചിരുന്നു. ഇതായിരുന്നു പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി നോമ്പുതുറ ഇടവേള അനുവദിച്ച സംഭവം.
അതേസമയം, എവർട്ടൻ-ടോട്ടനം മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതി സമനിലയിൽ പിരിഞ്ഞ ശേഷം ടോട്ടനത്തിന്റെ ഹാരി കെയ്ൻ ആണ് 68-ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ എവർട്ടൻ ഗോൾ മടക്കുകയും ചെയ്തു. 90-ാം മിനിറ്റിൽ മൈക്കൽ കെയിൻ ആണ് എവർട്ടന്റെ രക്ഷകനായത്.
Summary: Everton's clash with Tottenham becomes first Premier League match this season to pause to allow Muslim players to break Ramadan fast