റയൽ മാഡ്രിഡിനെതിരെ 'ഗോൾ' അനുവദിച്ചില്ല; ചാമ്പ്യൻസ് ലീഗിൽ ഓഫ്‌സൈഡ് വിവാദം

നേരത്തെ ലാലീഗ മത്സരത്തിലും സ്പാനിഷ് ക്ലബിന് അനുകൂലമായി റഫറിമാർ ഇടപെടുന്നതായി ആരോപണമുയർന്നിരുന്നു

Update: 2024-02-14 13:05 GMT
Editor : Sharafudheen TK | By : Web Desk
Advertising

 മ്യൂണിക്: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ജർമ്മൻ ക്ലബ് ആർബി ലെയ്പ്‌സിഗ് -റയൽമാഡ്രിഡ് മത്സരത്തിനിടെ ഓഫ്‌സൈഡ് വിവാദം. കളിയുടെ തുടക്കത്തിൽ ജർമ്മൻ ക്ലബ് നേടിയ ഗോൾ റഫറി അനുവദിക്കാത്തതാണ് ചർച്ചക്ക് വഴിയൊരുക്കിയത്. മത്സരത്തിൽ ബ്രാഹിം ഡയസ് നേടിയ ഒറ്റഗോളിനാണ് റയൽ ജയിച്ചത്. സ്വന്തം കാണികൾക്ക് മുന്നിൽ മികച്ച പ്രകടനം നടത്തിയ ശേഷമാണ് ലെയ്പ്‌സിഗ് കീഴടങ്ങിയത്. തുടക്കം മുതൽ റയൽ ബോക്‌സിലേക്ക് ഇരമ്പിയെത്തിയ ആതിഥേയർ രണ്ടാം മിനിറ്റിൽ തന്നെ വലകുലുക്കിയിരുന്നു. എന്നാൽ ഇത് റഫറി ഓഫ്‌സൈഡ് വിളിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. കോർണറിൽ നിന്ന് ലെയ്പ്‌സിഗ് താരം ബോക്‌സിലേക്ക് നൽകിയ പന്ത് റയൽ ഗോൾ കീപ്പർ ആൻഡ്രി ലൂനി കുത്തിയകറ്റി. പന്ത് നേരെ വീണത് സ്ലാഗറിന്റെ അടുത്തേത്ത്. സ്ലാഗറിൽ നിന്ന് പന്ത് സ്വീകരിച്ച് സെസ്‌കോ അനായാസം വലയിലേക്ക് ഹെഡ്ഡ് ചെയ്തു.

എന്നാൽ ഗോൾ നേടിയ താരം ഓഫ്‌സൈഡ് പൊസിഷനിലാണോയെന്ന് റഫറി പരിശോധിച്ചു. റയൽ മാഡ്രിഡ് താരം റോഡ്രിഗോ പൊസിഷനിലുണ്ടായിരുന്നതിനാൽ ഓഫ്‌സൈഡല്ല എന്നത് വ്യക്തമായി. എന്നിട്ടും വാർ പരിശോധനയിൽ ഗോൾ നിഷേധിച്ചതോടെ കളിക്കാരും ലെയ്പ്‌സിഗ് ആരാധരും തീരുമാനത്തിനെതിരെ രംഗത്തെത്തി. എന്നാൽ ഗോൾ നേടുന്നതിന് മുൻപായി ലെയ്പ്‌സിഗ് താരം റയൽ മാഡ്രിഡ് ഗോൾകീപ്പറെ ഫൗൾ ചെയ്തതാണ് ഗോൾ നിഷേധിക്കാൻ കാരണമായതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. റഫറി തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

നേരത്തെ ലാലിഗയിലും റയൽ മാഡ്രിഡിന് അനുകൂലമായി റഫറിമാർ ഇടപെടുന്നതായി ആരോപണമുയർന്നിരുന്നു. നിരവധി മത്സരങ്ങളാണ് ഇത്തരത്തിൽ 'വാർ'  വിവാദത്തിൽപ്പെട്ടത്  .ലെയ്പ്‌സിഗിനായി ഗോൾ നേടിയ താരം ഓഫ്സൈഡ് അല്ലെങ്കിലും റയൽമാഡ്രിഡ് ഗോൾകീപ്പറെ ഓഫ്‌സൈഡ് പൊസിഷനിൽ നിന്നും മറ്റൊരു കളിക്കാരൻ തടഞ്ഞിരുന്നതായി റയൽ ആരാധകർ പറയുന്നു. ഓഫ്സൈഡ് പൊസിഷനിലായിരിക്കുമ്പോൾ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും പക്ഷെ ഇവിടെ മാഡ്രിഡ് കീപ്പറുമായി ഓഫ്‌സൈഡ് പൊസിഷനിൽ നിന്നുകൊണ്ട് എതിർ താരം തടഞ്ഞുവെന്നും ഗോൾ നിഷേധിച്ച റഫറിയുടെ തീരുമാനം ശരിയാണെന്നും ഫ്രാൻസ് മുൻ താരം തിയറി ഹെൻറി പറഞ്ഞു. മുൻ റഫറി മത്തേയൂസ് ലാഹോസ് സംഭവത്തിൽ ഗോൾ അനുവദിക്കാത്തതിനെതിരെ രംഗത്തെത്തി. 

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News