ഇംഗ്ലീഷ് സൂപ്പർ താരത്തിനു വേണ്ടി പിടിവലി മുറുകുന്നു; മാഞ്ചസ്റ്ററിനു പുറമെ റയലും കളത്തിൽ

ക്ലബ്ബ് വിട്ട വെറ്ററൻ താരം കരീം ബെൻസേമയ്ക്കു പകരക്കാരനായാണ് റയൽ മാഡ്രിഡ് ഹാരി കെയ്‌നിനെ നോട്ടമിടുന്നത്

Update: 2023-06-06 06:24 GMT
Editor : André | By : André
Advertising

മാഡ്രിഡ്: ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയ്‌നിനു വേണ്ടി സൂപ്പർ ക്ലബ്ബുകൾ തമ്മിലുള്ള പിടിവലി മുറുകുന്നു. ടോട്ടനം ഹോട്‌സ്പർ വിടാനൊരുങ്ങുന്ന താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുനൈറ്റഡ് ശ്രമിക്കുന്നതിനിടെ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് കൂടി ചിത്രത്തിലേക്കു വന്നിരിക്കുകയാണ്. ക്ലബ്ബ് വിട്ട വെറ്ററൻ താരം കരീം ബെൻസേമയ്ക്കു പകരക്കാരനായി റയൽ മാഡ്രിഡ് ഹാരി കെയ്‌നിനെ നോട്ടമിടുന്നതായും കോച്ച് കാർലോ ആൻചലോട്ടി ഇംഗ്ലീഷ് താരത്തിനു വേണ്ടി ശക്തമായി വാദിക്കുന്നതായും സ്പാനിഷ് മാധ്യമമായ മാഴ്‌സ റിപ്പോർട്ട് ചെയ്യുന്നു. ഒരു പതിറ്റാണ്ടിലേറെയായി ടോട്ടനം ഹോട്‌സ്പർ താരമായ കെയ്‌നിന്റെ കരാർ അടുത്ത വർഷമാണ് അവാസനിക്കുന്നത്.

ഹാരി കെയ്‌നിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് മുമ്പും ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണെന്ന് മാഴ്‌സ റിപ്പോർട്ടിൽ പറയുന്നു. കെയ്‌നിനെ ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് കൈമാറുന്നതിനേക്കാൾ ടോട്ടനം ചെയർമാൻ ഡാനിയൽ ലെവിക്കു താൽപര്യം മറ്റു രാജ്യങ്ങളിലെ ക്ലബ്ബുകൾക്ക് വിൽക്കാനാണ്. കെയ്‌നുമായും ടോട്ടനവുമായും റയൽ മാഡ്രിഡ് പ്രാഥമിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ലൂക്ക മോഡ്രിച്ച്, ഗാരത് ബെയ്ൽ എന്നീ സൂപ്പർ താരങ്ങളുടെ റയലിലേക്കുള്ള കൂടുമാറ്റത്തിന് ചുക്കാൻ പിടിച്ച ഡാനിയൽ ലെവി, കെയ്‌നിന്റെ കാര്യത്തിലും റയലുമായി കരാറിലെത്താൻ വ്യക്തിപരമായി താൽപര്യം കാണിക്കുന്നതായും മാഴ്‌സ റിപ്പോർട്ട് ചെയ്യുന്നു.

ദിവസങ്ങൾക്കു മുമ്പ് ഹാരി കെയ്‌നിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻചലോട്ടി പ്രതികരിച്ചത് ഇങ്ങനെയാണ്: 'ഹാരി കെയ്ൻ മികച്ച കളിക്കാരനാണ്. പക്ഷേ, നമ്മൾ ടോട്ടനത്തെ ബഹുമാനിക്കേണ്ടതുണ്ട്. അദ്ദേഹം ടോട്ടനത്തിന്റെ കളിക്കാരനാണ്. അടുത്ത സീസണിൽ റയലിന്റേത് മത്സരസജ്ജമായ ടീമായിരിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.'

റയൽ മാഡ്രിഡിൽ നിന്ന് ഓഫറുണ്ടെങ്കിൽ ഹാരി കെയ്ൻ അത് നിരസിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്ന് മുൻ റയൽ മാഡ്രിഡ് ക്യാപ്ടൻ സെർജിയോ റാമോസ് പറഞ്ഞു: 'ആ കളിക്കാരന് എനിക്ക് നൽകാനുള്ള ഉപദേശം റയലിൽ കളിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത് എന്നാണ്. അത് ഒരു പ്രത്യേക ക്ലബ്ബാണ്. എങ്ങനെ കളി ജയിക്കണമെന്ന് അവർക്കറിയാം.'

അതേസമയം, ഹാരി കെയ്‌നിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ് പിന്മാറിയിട്ടില്ല. 100 ദശലക്ഷം യൂറോ എന്ന വൻതുകയാണ് ഇംഗ്ലീഷ് സൂപ്പർ താരത്തിനു വേണ്ടി യുനൈറ്റഡ് ഓഫർ ചെയ്യുന്നത്. വരുന്ന സീസണിനു വേണ്ടി ടീം ശക്തിപ്പെടുത്താനൊരുങ്ങുന്ന കോച്ച് എറിക് ടെൻ ഹാഗിന്റെ പ്രഥമ പരിഗണന കെയ്ൻ ആണ്.

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News