റൊണാൾഡോയെ ഡാൻസ് പഠിപ്പിച്ച് റിച്ചാർലിസൺ- വീഡിയോ
ഡിസംബർ 9ന് ഇന്ത്യൻ സമയം രാത്രി 8.30 ന് ക്രൊയേഷ്യക്കെതിരെയാണ് ബ്രസീലിന്റെ ക്വാർട്ടർ പോരാട്ടം
ദോഹ: ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയക്കെതിരെ മിന്നും പ്രകടനമായിരുന്നു ബ്രസീൽ പുറത്തെടുത്തത്. മത്സരത്തിന്റെ 29ാം മിനുറ്റിലായിരുന്നു റിച്ചാർലിസൺ ഗോൾ നേടിയത്. ഗോൾവല കുലുക്കി ഡഗൗട്ടിലേക്ക് എത്തിയ റിച്ചാർലിസൺ കോച്ച് ടിറ്റേയ്‌ക്കൊപ്പം ചുവടുവെച്ചത് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഇതിന് പിന്നാലെ ബ്രസീൽ ഇതിഹാസം റൊണാൾഡോയേയും തന്റെ ചുവടുകൾ പഠിപ്പിക്കുന്ന റിച്ചാർലിസണിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മത്സരത്തിന് ശേഷം ഫിഫയുടെ പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ബ്രസീൽ ഇതിഹാസം റൊണാൾഡോയെ റിച്ചാർലിസൻ തന്റെ ചുവടുകൾ പഠിപ്പിക്കാൻ ശ്രമിച്ചത്.
29ാം മിനുറ്റിൽ വലത് ഭാഗത്ത് നിന്ന് വന്ന ബ്രസീൽ താരത്തിന്റെ ക്രോസ് ദക്ഷിണ കൊറിയൻ താരം ഹെഡ്ഡ് ചെയ്ത് അകറ്റാൻ ശ്രമിച്ചു. എന്നാൽ കൊറിയൻ താരത്തിന്റെ ചലഞ്ച് മറികടന്നും പന്ത് രണ്ടിലധികം തവണ ഹെഡ് ചെയ്ത് നിയന്ത്രണത്തിലാക്കാൻ ശ്രമിച്ച റിച്ചാർലിസൻ പന്ത് പക്വെറ്റയിലേക്കും പക്വെറ്റ പന്ത് തിയാഗോ സിൽവയിലേക്കും നൽകി. ബോക്സിനുള്ളിലേക്ക് ഓടിയ റിച്ചാർലിസന് നേരെ അളന്ന് കുറിച്ച നിലയിൽ തിയാഗോ സിൽവയുടെ പാസുമെത്തി. ഫിനിഷിങ്ങിൽ റിച്ചാർലിസന് പിഴച്ചുമില്ല.
റിച്ചാർലിസനുമൊത്തുന്ന ഗോൾ സെലിബ്രേഷനെ കുറിച്ച് ചോദിച്ചപ്പോൾ ടിറ്റേയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ കരുതലോടെയിരിക്കണമായിരുന്നു. കാരണം ഇത് നിന്ദിക്കലാണെന്ന് പറയുന്ന വിദ്വേഷം കൊണ്ട് നടക്കുന്ന ആളുകളുണ്ട്. എന്നാലത് സന്തോഷം പ്രകടിപ്പിക്കലാണ്, ടിറ്റേ പറഞ്ഞു.
അതേസമയം, ഡിസംബർ 9ന് ഇന്ത്യൻ സമയം രാത്രി 8.30 ന് ക്രൊയേഷ്യക്കെതിരെയാണ് ബ്രസീലിന്റെ ക്വാർട്ടർ പോരാട്ടം.