റിഷഭ് പന്ത് കത്തുന്ന കാറില്‍ നിന്ന് പുറത്തുകടന്നത് ചില്ല് തകര്‍ത്ത്
സാരമായി പൊള്ളലേറ്റ റിഷഭ് പന്തിന് വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ ഡൽഹിയിലേക്ക് മാറ്റും
ഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന് കാർ അപകടത്തിൽ ഗുരുതര പരിക്ക്. ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച കാറിന്‍റെ ചില്ല് തകര്‍ത്താണ് റിഷഭ് പന്ത് പുറത്തെത്തിയത്. സാരമായി പൊള്ളലേറ്റ റിഷഭ് പന്തിന് വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ ഡൽഹിയിലേക്ക് മാറ്റാനാണ് തീരുമാനം.
ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകവേയാണ് റിഷഭിന്‍റെ മേഴ്സിഡസ് കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചത്. റൂര്‍ക്കിക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 5.30നാണ് സംഭവം. റിഷഭ് പന്താണ് കാര്‍ ഓടിച്ചിരുന്നത്. വേറെ ആരും കാറിലുണ്ടായിരുന്നില്ല. പൊള്ളലേറ്റിട്ടുണ്ടെങ്കിലും റിഷഭിന്‍റെ നില ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. തലയ്ക്കും കാൽമുട്ടിനും താടിയെല്ലിനും പരിക്കേറ്റിട്ടുണ്ട്.
ഡ്രൈവിംഗിനിടെ മയങ്ങിപ്പോയതിനാല്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് റിഷഭ് പന്ത് പറഞ്ഞെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാർ പറഞ്ഞു. നിലവില്‍ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് പന്ത്. റിഷഭ് പന്തിന്റെ ചികിത്സയുടെ മുഴുവൻ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. താരം അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.