പതിച്ചുനൽകിയതല്ല, പിടിച്ചടക്കിയതാണ്... ലെവൻഡോവ്സ്കി രണ്ടാം തവണയും 'ദ ബെസ്റ്റ്'

സമകാലിക ലോകഫുട്ബോൾ ഭൂമികയിൽ മെസിയുടെയും റൊണാൾഡോയുടെയും നിഴലിലായിരുന്ന അനേകം താരങ്ങളിൽ ഒരാൾ. പാടി നടക്കാൻ പാണന്മാരില്ലാത്തതിനാൽ അയാളുടെ നേട്ടങ്ങൾക്ക് പലപ്പോഴും അർഹിക്കുന്ന വില ലഭിച്ചിരുന്നില്ല.

Update: 2022-01-18 02:41 GMT
Advertising

തുടർച്ചയായ രണ്ടാം തവണയാണ് റോബർട്ട് ലെവൻഡോവ്സ്കി ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടുന്നത്. കടുത്ത മത്സരമാണ് ലെവൻഡോവ്സ്കിയും മെസിയും തമ്മിലുണ്ടായത്. കൂടുതൽ ഫിഫ ബെസ്റ്റ് പുരസ്കാരം നേടുന്നവരുടെ പട്ടികയിൽ ലെവൻഡോവ്സ്കി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പമെത്തി.

പതിച്ചുനൽകിയതല്ല... പിടിച്ചടക്കിയതാണ്... സമകാലിക ലോകഫുട്ബോൾ ഭൂമികയിൽ മെസിയുടെയും റൊണാൾഡോയുടെയും നിഴലിലായിരുന്ന അനേകം താരങ്ങളിൽ ഒരാൾ. പാടി നടക്കാൻ പാണന്മാരില്ലാത്തതിനാൽ അയാളുടെ നേട്ടങ്ങൾക്ക് പലപ്പോഴും അർഹിക്കുന്ന വില ലഭിച്ചിരുന്നില്ല.

2014ൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും കൂടുമാറി ബയേണിന്റെ കുപ്പായമണിഞ്ഞത് മുതൽ ലെവ നടത്തിയ പ്രകടനങ്ങൾ അവിശ്വസനീയമാണ്. 238 മത്സരങ്ങളിലായി അടിച്ചുകൂട്ടിയത് 226 ഗോളുകൾ. അതിൽ ഇടം കാലും വലം കാലും ഹെഡറും ബൈസിക്കിൾ കിക്കും എല്ലാമുണ്ട്.

മൂന്ന് സീസണിൽ നിന്ന് 100 ഗോൾ നേടിയ ലെവയ്ക്ക് 2019-20 സീസൺ ഭാഗ്യവർഷമായി. ചാമ്പ്യന്‍സ് ലീഗും ജർമൻ ലീഗും ജർമൻ കപ്പും ഷെൽഫിലെത്തിച്ച് ട്രിബിൾ തികച്ചു. മൂന്നിലും ടോപ് സ്കോററായതും ലെവ തന്നെ. ജെറാഡ് മുള്ളറുടെ സീസണിലെ കൂടുതൽ ഗോൾ നേട്ടം ഉൾപ്പെടെയുള്ള നേട്ടങ്ങൾ ലെവൻഡോവ്സ്കി മറികടന്നു. അങ്ങനെ റൊണാൾഡോയേയും മെസിയേയും മറികടന്ന് ലെവൻഡോവ്സ്കി ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടി. ആ വർഷത്തെ ബാലൻഡിയോർ കോവിഡ് കവർന്നു. എന്നാൽ ലെവ തളർന്നില്ല. തന്റെ പ്രകടനത്തിന്റെ മൂർച്ച കൂട്ടി അയാൾ ഓരോ ഗോൾകീപ്പർമാരേയും കീഴടക്കിക്കൊണ്ടേയിരുന്നു. ബാലൻഡിയോർ വേദിയിൽ അയാൾ മെസിക്ക് മുന്നിൽ വീണു. പക്ഷേ മികച്ച സ്ട്രൈക്കർക്കുള്ള പ്രത്യേക പുരസ്കാരം ലെവയ്ക്ക് സമ്മാനിക്കപ്പെട്ടു.

എന്നാൽ ഇന്നലത്തെ രാവ് ലെവയുടേത് മാത്രമായിരുന്നു. കോപ്പയും അതിലെ സർവ നേട്ടങ്ങളും കൊയ്ത മെസിയെ പിന്തള്ളി ആ പുരസ്കാരം നേടത്തക്കവിധം താൻ വളർന്നുവെന്ന് അയാൾ തെളിയിച്ചു. കീഴ്‍വഴക്കങ്ങൾ തെറ്റിച്ച്, പ്രവചനങ്ങളെ കാറ്റിൽ പറത്തി തന്റെ പേരിന് മുന്നിൽ അയാൾ ഒരിക്കല്‍ കൂടി ദ ബെസ്റ്റ് എന്ന് കൊത്തിവെച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News