45 ഡിഗ്രി വളഞ്ഞ് പോസ്റ്റില്‍ പറന്നിറങ്ങിയ ആ അത്ഭുത ഗോളിന് 24 വയസ്
1997 ജൂണ്‍ മൂന്നിന് ഫ്രാന്‍സിനെതിരായ സൗഹൃദമത്സരത്തിലായിരുന്നു കാണികളെ സ്തബ്ധരാക്കിയ ആ ഫ്രീകിക്ക് ഗോള്‍ പിറന്നത്.
ഗോളിയെയും പ്രതിരോധ മതിലിനെയും കാഴ്ചക്കാരാക്കി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളായ റോബര്‍ട്ടോ കാര്‍ലോസ് നേടിയ അത്ഭുത ഗോളിന് 24 വയസ് തികയുന്നു. 1997 ജൂണ്‍ മൂന്നിന് ഫ്രാന്‍സിനെതിരായ സൗഹൃദമത്സരത്തിലായിരുന്നു കാണികളെ സ്തബ്ധരാക്കിയ ആ ഫ്രീകിക്ക് ഗോള്‍ പിറന്നത്.
സ്റ്റേഡ് ഡെ ജെര്‍ലാന്‍ഡ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ബ്രസീലിന് അനുകൂലമായ ഒരു ഫ്രീകിക്ക് എടുക്കാനെത്തിയത് റോബര്‍ട്ടോ കാര്‍ലോസ്. ഗോള്‍ പോസ്റ്റിന് 35 വാര അകലെനിന്നായിരുന്നു ഫ്രീകിക്ക്.
സാധാരണയിലും പിന്നോട്ട് പോയി ഓടിയെത്തിയ കാര്‍ലോസിന്റെ ഇടംകാലനടി പ്രതിരോധമതിലിനെ വകവെക്കാതെ ആദ്യം വലത്തേക്ക് പിന്നീട് പ്രതിരോധ മതില്‍ കടന്നശേഷം ഇടത്തേക്ക് 45 ഡിഗ്രിയോളം വളഞ്ഞ് വലയില്‍ പറന്നിറങ്ങുമ്പോള്‍ ഗോളി ഫാബിയന്‍ ബര്‍ത്തേസും ഫ്രഞ്ച് ടീമും ഒപ്പം ഗാലറിയും എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ സ്തബ്ധരായി നില്‍ക്കുകയായിരുന്നു.