റോഡ്രിഗോ; ഗാര്‍ഡിയോളയെ നിശബ്ദനാക്കിയ സൂപ്പര്‍ സബ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിസ്ബണിലെ ആ മാന്ത്രികരാവില്‍ ഇഞ്ചുറി ടൈമില്‍ അവതരിച്ച റാമോസ് മാജിക് പോലെയായിരുന്നു ബെര്‍ണബ്യൂവില്‍ അന്ന് റോഡ്രിഗോ മാജിക് അവതരിച്ചത്

Update: 2022-12-05 14:55 GMT
Advertising

ആ മത്സരം 88 മിനിറ്റ് പിന്നിട്ട് കഴിഞ്ഞിരുന്നു. ലോസ് ബ്ലാങ്കോസ് ഇപ്പോള്‍ ഒന്നാം പാദത്തില്‍ വഴങ്ങിയ നാല് ഗോളുകളടക്കം 5-3 ന് പിറകിലാണ്. മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള വിജയമുറപ്പിച്ച മട്ടിലായിരുന്നു. രണ്ടാം പാദത്തില്‍ സിറ്റി നേടിയ ഏക ഗോളിന്‍റെ ഉടമ റിയാദ് മെഹ്റസിനെ അയാള്‍ 85 ാം മിനിറ്റില്‍ മൈതാനത്ത് നിന്ന് പിന്‍വലിച്ചു. ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരിനായുള്ള ഒരുക്കങ്ങള്‍ അപ്പോള്‍ മുതല്‍  ആരംഭിക്കുകയായിരുന്നു അയാള്‍. 

തോല്‍വിയുറപ്പിച്ച ഘട്ടങ്ങളില്‍ ഇഞ്ചുറി ടൈമിന് മുമ്പേ നിരാശയോടെ സ്റ്റേഡിയം വിടുന്ന ആരാധകരെ കണ്ടു ശീലിച്ചവര്‍ക്ക് സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ അന്നാ കാഴ്ച കാണാനായില്ല..  ഇനിയൊരു തിരിച്ചുവരവിന് ഇഞ്ചുറി ടൈമില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന് അറിയാമായിരുന്നിട്ടും എതോ ഒരു അത്ഭുതവും കാത്ത് അന്ന് റയല്‍ ആരാധകര്‍ ആ  ഇരിപ്പിടങ്ങളില്‍ തന്നെ ശ്വാസമടക്കിപ്പിടിച്ചിരുന്നു.  ഒടുക്കം മത്സരത്തിന്‍റെ 89 ആം മിനിറ്റില്‍  അവര്‍ കാത്തിരുന്ന ആ അത്ഭുതം അവതരിച്ചു. വലതുവിങ്ങില്‍ നിന്ന് എഡ്വേര്‍ഡ് കാമവിങ്ക നീട്ടിനല്‍കിയ പന്തിനെ വായുവിലുയര്‍ന്ന് പൊങ്ങി കരീം ബെന്‍സേമ ഗോള്‍മുഖത്തേക്ക് തിരിച്ചു. പിന്നില്‍ നിന്ന് ഡിഫന്‍റര്‍മാര്‍ക്കിടയിലൂടെ പാഞ്ഞെത്തിയ റോഡ്രിഗോ ആ പന്തിനെ മനോഹരമായി വലയിലെത്തിച്ചു. പക്ഷെ റയലിന് അത് പോരായിരുന്നു. മത്സരമവസാനിക്കാന്‍ ഇനി ആറു മിനിറ്റാണ് അവശേഷിക്കുന്നത്. റയല്‍ താരങ്ങള്‍ പന്തുമെടുത്ത് മൈതാന മധ്യത്തേക്കോടി. പന്തൊരിക്കല്‍ കൂടി ഉരുണ്ടു തുടങ്ങി. 

കൃത്യമായി പറഞ്ഞാല്‍ 88 സെക്കന്‍റ്. റോഡ്രിഗോയുടെ അടുത്ത ഗോളിലേക്ക് രണ്ട് മിനിറ്റിന്‍റെ ദൈര്‍ഘ്യം പോലുമുണ്ടായിരുന്നില്ല. ഡാനി കാര്‍വഹാലിന്‍റെ അളന്നു മുറിച്ചൊരു ക്രോസിനെ റോഡ്രിഗോ  ഉയര്‍ന്നു പൊങ്ങി ഗോള്‍വലയിലേക്ക് തിരിച്ചു വിട്ടു. ഒന്നു പറന്നുയരാന്‍ പോലുമാവാതെ എഡേഴ്സണ്‍ കാഴ്ച്ചക്കാരനായി നിന്നു.  റയല്‍ ആരാധകര്‍ സാന്‍റിയാഗോ ബെര്‍ണബ്യൂവിലെ ഇരിപ്പിടങ്ങള്‍ മറന്ന് തുള്ളിച്ചാടി. ഒരുവേള തങ്ങളേതോ സ്വപ്നത്തിലാണെന്ന് കരുതിക്കാണണം അവര്‍.  വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിസ്ബണിലെ ആ മാന്ത്രികരാവില്‍ ഇഞ്ചുറി ടൈമില്‍ അവതരിച്ച റാമോസ് മാജിക് പോലെയായിരുന്നു ബെര്‍ണബ്യൂവില്‍ റോഡ്രിഗോ മാജിക് അവതരിച്ചത്. ഡഗ്ഗൌട്ടിന് മുന്നില്‍ റയലിന്‍റെ എക്കാലത്തേയും വലിയ തിരിച്ചുവരവുകള്‍ക്കൊക്കെ പുറകില്‍ ചരടുവലിച്ച  കാര്‍ലോ ആഞ്ചലോട്ടിയെന്ന ചാണക്യന്‍ മാഴ്സലോയെ ചേര്‍ത്തു നിര്‍ത്തി എന്തോ ചെവിയില്‍ പറഞ്ഞു. 

മത്സരത്തിന്‍റെ 68 ആം മിനിറ്റില്‍ ടോണി ക്രൂസിന് പകരം 21 കാരനായ റോഡ്രിഗോയെ കളത്തിലിറക്കുമ്പോള്‍ തങ്ങളുടെ അത്താഴം മുടക്കാന്‍ പോകുന്നൊരു അന്തകനെയാണ് അയാള്‍ മൈതാനത്തേക്ക് കയറൂരി വിട്ടതെന്ന് ഗാര്‍ഡിയോളക്ക് അറിയില്ലായിരുന്നു. സിറ്റിയുടെ ഡിഫന്‍റര്‍മാര്‍ ബെന്‍സേമക്കും വിനീഷ്യസിനും പിറകെ പോയപ്പോള്‍ റോഡ്രിഗോ എന്ന ബ്രസീലിയന്‍ വണ്ടര്‍ കിഡിനെ അവഗണിച്ചതിന് ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന്‍റെ വില നല്‍കേണ്ടി വന്നു അയാള്‍ക്ക്. എക്സ്ട്രാ ടൈമില്‍ കിട്ടിയ പെനാല്‍ട്ടിയിലൂടെ ബെന്‍സേമ റയലിന്‍റെ വിജയത്തിലേക്ക് പന്ത് പായിച്ചു. ഫൈനലില്‍ ലിവര്‍പൂളിനെ തകര്‍ത്ത് ലോസ് ബ്ലാങ്കോസ് ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍  മുത്തമിടുമ്പോള്‍ ആ വിജയത്തിന് ഇന്ധനം പകര്‍ന്നത് ബെര്‍ണബ്യൂവിലെ റോഡ്രിഗോ മാജികായിരുന്നു. അതേ ടൂര്‍ണമെന്‍റില്‍ ക്വാര്‍ട്ടറില്‍ ചെല്‍സിക്കെതിരെ തോറ്റു നിന്ന റയലിനെ മത്സരമവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മൈതാനത്തിറങ്ങി രണ്ട് മിനിറ്റ് പിന്നിടും മുമ്പേ റോഡ്രിഗോ മനോഹരമായൊരു ഗോളിലൂടെ തിരിച്ചു കൊണ്ടുവരുന്ന കാഴ്ചക്ക് ബെര്‍ണബ്യൂ നേരത്തേ സാക്ഷിയായിരുന്നു. റയല്‍ ബെഞ്ചില്‍  ആഞ്ചലോട്ടി കരുതി വച്ച വജ്രായുധം അങ്ങനെ പലവുരു ബെര്‍ണബ്യൂവില്‍ അത്ഭുതം സൃഷ്ടിച്ചു കൊണ്ടേയിരുന്നു. 

2001 ജനുവരി 9 ..  ബ്രസീലിലെ പ്രമുഖ നഗരങ്ങലിലൊന്നായ സാവോപോളോയിലെ ഒസസ്കോയിലാണ് റോഡ്രിഗോ സില്‍വയുടെ ജനനം. ബ്രസീലിലെ പ്രാദേശിക ക്ലബ്ബുകള്‍ക്കായി പന്തു തട്ടിയിരുന്ന  അച്ഛന്‍ എറിക് ബാറ്റിസ്റ്റ ബാല്യം മുതല്‍ക്കേ തന്‍റെ പാതയില്‍  മകനെയും വഴിനടത്താന്‍ തീരുമാനിച്ചു. ഫുട്‍സാലിലൂടെ ഫുട്ബോളിലേക്ക് കാലെടുത്തു വച്ച റോഡ്രിഗോ തന്‍റെ പത്താം വയസ്സില്‍ ബ്രസീലിലെ പ്രധാന ക്ലബ്ബുകളില്‍ ഒന്നായ സാന്‍റോസിന്‍റെ യൂത്ത് അക്കാദമിയില്‍ ചേര്‍ന്നു. 2017 ല്‍ സാന്‍റോസിന്‍റെ സീനിയര്‍ ടീമില്‍ ഇടംപിടിച്ച റോഡ്രിഗോയുടെ വളര്‍ച്ച വേഗത്തിലായിരുന്നു. വെറും ഒറ്റ വര്‍ഷം കൊണ്ട് സാന്‍റോസിന്‍റെ കുന്തമുനയായി മാറിയ റോഡ്രിഗോ 17 ഗോളുകളാണ്  സാന്‍റോസിനായി അടിച്ചു കൂട്ടിയത്.  ബ്രസീലിലെ മൈതാനങ്ങളില്‍ തീപടര്‍ത്തുന്ന ആ  17 കാരനായി യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ വലവിരിച്ചു തുടങ്ങുകയായിരുന്നു. അവരുടെ കൂട്ടത്തില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡുമുണ്ടായിരുന്നു. 

2018 ട്രാന്‍സ്ഫര്‍ വിന്‍ഡോ കാലം.  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സാന്‍റിയോഗോ ബെര്‍ണബ്യൂ വിടാനിരിക്കെ റയല്‍ മുന്നേറ്റ നിരയെ വരും കാലങ്ങളില്‍ നയിക്കാന്‍ പുതിയൊരു ഗലാറ്റിക്കോയെ തേടിയുള്ള യാത്രയിലായിരുന്നു റയല്‍ മാഡ്രിഡ് പ്രസിഡന്‍റ് ഫ്ലോറണ്ടീനോ പെരസ്. അക്കാലത്ത് ബ്രസീലിന്  അണ്ടര്‍ 17 കിരീടം നേടിക്കൊടുത്ത വിനീഷ്യസ് ജൂനിയറിനെ ബെര്‍ണബ്യൂവിലെത്തിച്ചയുടന്‍ ബ്രസീലിലെ മറ്റൊരു വണ്ടര്‍ കിഡിനെ കൂടി പെരസ് ടീമിലെത്തിച്ചു. റോഗ്രിഗോ സില്‍വ ഡി ഗോസ്. 40 മില്യണ്‍ യൂറോക്കായിരുന്നു സാന്‍റോസില്‍ നിന്ന് ബെര്‍ണബ്യൂവിലേക്കുള്ള റോഡ്രിഗോയുടെ കൂടുമാറ്റം. 

2019 സെപ്റ്റംബര്‍ 25. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ഒസാസുനയെ നേരിടുകയാണ്. മത്സരത്തിന്‍റെ 71 ാം മിനിറ്റില്‍ മുന്നേറ്റ നിരയില്‍ നിന്ന് വിനീഷ്യസ് ജൂനിയറിനെ പിന്‍വലിച്ച് കോച്ച് സിനദിന്‍ സിദാന്‍ ആ 18 കാരനെ മൈതാനത്തിറക്കി. തന്‍റെ അരങ്ങേറ്റ മത്സരത്തില്‍ കളത്തിലിറങ്ങി രണ്ട് മിനിറ്റ് കഴിയും മുമ്പേ റോഡ്രിഗോ  ഒസാസുനയുടെ  വലകുലുക്കി. ഇടതുവിങ്ങിലൂടെ പന്തുപിടിച്ചെടുത്ത് മൂന്ന് ഒസാസുന താരങ്ങളെ കാഴ്ച്ചക്കാരാക്കി നിര്‍ത്തി നേടിയ ആ ഗോള്‍ ലോസ് ബ്ലാങ്കോസിന്‍റെ ചരിത്രത്തിലിടംപിടിച്ചു. റൊണാള്‍ഡോ നസാരിയോക്ക് ശേഷം റയലിന്‍റെ ചരിത്രത്തില്‍ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും വേഗതയേറിയ ഗോളെന്ന റെക്കോര്‍ഡാണ് റോഡ്രിഗോ അന്ന് തന്‍റെ പേരില്‍ എഴുതിച്ചേര്‍ത്തത്. 

2019 നവംബര്‍ 7. റയലില്‍  രാജകീയമായ തന്‍റെ അരങ്ങേറ്റത്തിന് ശേഷം രണ്ട് മാസങ്ങള്‍ക്കിപ്പുറം ചാമ്പ്യന്‍സ് ലീഗില്‍ റോഡ്രിഗോ തന്‍റെ രണ്ടാം മത്സരത്തിനിറങ്ങുകയായിരുന്നു. തുര്‍ക്കിഷ് ക്ലബ്ബായ ഗലറ്റ്സരെക്കെതിരായ ആ പോരാട്ടം ആരംഭിച്ച്  നാല് മിനിറ്റ് കഴിയും മുമ്പേ റോഡ്രിഗോ ലോസ് ബ്ലാങ്കോസിനായി വലകുലുക്കി. അടുത്ത ഗോളിനായി റോഡ്രിഗോ എടുത്തത് വെറും മൂന്ന് മിനിറ്റ്. അന്ന് റയലിനായി മുഴുവന്‍ സമയവും കളത്തിലുണ്ടായിരുന്ന റോഡ്രിഗോ കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ തന്‍റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. ചാമ്പ്യന്‍സ് ലീഗിന്‍റെ ചരിത്രത്തില്‍ ഹാട്രിക് തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം എന്ന റെക്കോര്‍ഡാണ് അന്ന് റോഡ്രിഗോ തന്‍റെ പേരില്‍ കുറിച്ചത്..

അവിടുന്നിങ്ങോട്ട് സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ പലതവണ നമ്മള്‍ റോഡ്രിഗോ മാജിക് കണ്ടു.  റയലിന്‍റെ ആദ്യ ഇലവനില്‍ സ്ഥിര സാന്നിധ്യമാവാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പലവുരു റയല്‍ നിരയില്‍ ഒരു സൂപ്പര്‍ സബ്ബായി റോഡ്രിഗോ അവതരിച്ച് കൊണ്ടേയിരുന്നു. സിനദിന്‍ സിദാനും കാര്‍ലോ ആഞ്ചലോട്ടിക്കും എക്കാലവും അയാള്‍ സങ്കീര്‍ണ ഘട്ടങ്ങളിലെ വിശ്വസ്ഥനായ പോരാളിയായിരുന്നു. റയല്‍ മാഡ്രിഡിനായി ഇതുവരെ 127 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് റോഡ്രിഗോ അടിച്ചു കൂട്ടിയത്. അതില്‍ മിക്കതും പിറന്നത് പകരക്കാരനായി കളത്തിലിറങ്ങിയതിന് ശേഷമായിരുന്നു എന്നോര്‍ക്കണം. 

ഖത്തര്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ബ്രസീല്‍ നിരയില്‍ അയാളുടെ പേര് കേള്‍ക്കാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുക്കം  വിശ്വകിരീടത്തിനായുള്ള  പോരാട്ടത്തിനിറങ്ങുന്ന ടിറ്റേയുടെ കളിക്കൂട്ടത്തിലേക്ക് അയാള്‍ക്ക് വിളിയെത്തി. അതും സ്വപ്നത്തിലെന്ന പോലെ തന്‍റെ 21 ാം വയസ്സില്‍. ടീം പ്രഖ്യാപനത്തിനിടെ കോച്ച് ടിറ്റെ തന്‍റെ പേര് വിളിച്ചതും അയാള്‍ മുഖത്ത് കയ്യമര്‍ത്തി പൊട്ടിക്കരഞ്ഞു. ഒടുക്കം ഖത്തറിലെ വേഗതയുടെ മൈതാനങ്ങളില്‍ ലോസ് ബ്ലാങ്കോസിന്‍റെ സൂപ്പര്‍ സബ്ബ് അവതരിച്ചു തുടങ്ങിയിരിക്കുന്നു. കളിയുടെ ഗതിയെ തിരിക്കാന്‍ പോന്ന അയാളുടെ മിന്നലാട്ടങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണിനി ആരാധകര്‍.. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - ഹാരിസ് നെന്മാറ

contributor

Similar News