'50 വയസുവരെ മെസിക്ക് കളിക്കാനാകും': റൊണാൾഡീഞ്ഞോ
2014 ൽ നഷ്ടപ്പെട്ട കിരീടം ഖത്തറിൽ മിശിഹയും സംഘവും സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോൾ ലോകം
ദോഹ: ലോകകപ്പിന്റെ മെസി മുത്തമിടുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. 2014 ൽ നഷ്ടപ്പെട്ട കിരീടം ഖത്തറിൽ മിശിഹയും സംഘവും സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോൾ ലോകം.
എന്നാൽ, കിരീടം നേടിയാലും ഇല്ലെങ്കിലും ഖത്തർ ലോകകപ്പ് തന്റെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് മെസി ഫൈനലിന് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഖത്തർ ലോകകപ്പ് കഴിഞ്ഞാലും മെസിക്ക് ദേശീയ ടീമിനായി കളി തുടരാം എന്നാണ് ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോ പറയുന്നത്.
'മെസിയുടെ അവസാനത്തെ ലോകകപ്പായിരിക്കും ഇതെന്ന് പറയുന്നു. ഈ കിരീടത്തിലേക്ക് എത്താൻ സാധ്യമായതെല്ലാം മെസി ചെയ്യും. അമ്പത് വയസുവരെ മെസിക്ക് കളിക്കാൻ കഴിയും എന്നാണ് ഞാൻ പറയുക. കാരണം മറ്റുള്ളവർക്ക് എത്തിപ്പിടിക്കാനാവാത്ത നിലവാരം മെസിക്കുണ്ട്', റൊണാൾഡീഞ്ഞോ പറഞ്ഞു.
അതേസമയം, 2024ലെ കോപ്പ അമേരിക്കയിൽ മെസി കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പിഎസ്ജിയുമായുള്ള മെസിയുടെ കരാർ അടുത്ത വർഷം ജൂണിൽ അവസാനിക്കും. ഒരു വർഷം കൂടി കരാർ നീട്ടാനുള്ള താത്പര്യം പിഎസ്ജി മുൻപിൽ വെക്കുന്നുണ്ട്. എന്നാൽ എംഎൽഎസ് ഉൾപ്പെടെയുള്ള സാധ്യതകൾ മെസി ആരായുമോ എന്നും വ്യക്തമല്ല.