പരിശീലകരോട് ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ; ടീം തോറ്റ് പുറത്തും

പരിശീലകനായിരുന്നു റൂഡി ഗാർഷ്യ കഴിഞ്ഞ മാസം അൽ നസർ വിട്ടതിന് ശേഷം പ്രധാന പരിശീലകനില്ലാതെയാണ് അല്‍ നസർ ഇപ്പോൾ കളിക്കുന്നത്.

Update: 2023-04-25 14:20 GMT
Editor : rishad | By : Web Desk
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Advertising

റിയാദ്: കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ പോരാട്ടത്തിനിടെ സ്വന്തം ടീമിലെ പരിശീലകരോട് ദേഷ്യപ്പെട്ട് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അൽ വെഹ്ദയായിരുന്നു എതിരാളികള്‍. മത്സരത്തില്‍ അല്‍ നസര്‍ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. 

മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ച് വിസിൽ മുഴങ്ങിയതിനു പിന്നാലെ, ഗ്രൗണ്ടിൽനിന്നു മടങ്ങുമ്പോഴാണു ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം ടീമിന്റെ പരിശീലക സംഘത്തിനു നേരെ ദേഷ്യപ്പെട്ടത്. റൊണാള്‍ഡോ പരിശീലകരുമായി കയര്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പിന്നീട് വൈറലായി. മത്സരത്തില്‍ 23-ാം മിനിറ്റില്‍ ജീന്‍ ഡേവിഡ് ബ്യൂഗ്യുവലാണ് അല്‍ വെഹ്ദയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ പത്ത് പേരുമായാണ് അൽ വെഹ്ദ കളിച്ചത്. 53-ാം മിനിറ്റിലാണ് അബ്ദുല്ല അല്‍ ഹാഫിത്ത് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്. ഇത് മുതലെടുക്കാനും അല്‍ നസറിനായില്ല. പരിശീലകനായിരുന്നു റൂഡി ഗാർഷ്യ കഴിഞ്ഞ മാസം അൽ നസർ വിട്ടതിന് ശേഷം പ്രധാന പരിശീലകനില്ലാതെയാണ് അല്‍ നസർ ഇപ്പോൾ കളിക്കുന്നത്. അല്‍ നസര്‍ എഫ് സി യുടെ അണ്ടര്‍ 19 മുന്‍ മാനേജര്‍ ഡിങ്കൊ ജെലിസിച്ച് ആണ് നിലവില്‍ താത്കാലിക പരിശീലക വേഷം അണിയുന്നത്. 

അതേസമയം ഹോസെ മൗറീന്യോ, ലൂയി എന്റിക്കെ, ജൂലിയാന്‍ നാഗെല്‍സ്മാന്‍, പൊച്ചെറ്റീനോ തുടങ്ങിയ പരിശീലകരെ ടീം നോട്ടമിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ് സി യില്‍ നിന്ന് മാനേജര്‍ എറിക് ടെന്‍ ഹഗുമായി ഉടക്കിപ്പിരിഞ്ഞാണ് താരം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലെത്തുന്നത്. റൂയി ഗാര്‍സ്യ പടി ഇറങ്ങിയതു മുതല്‍ അല്‍ നസര്‍ എഫ് സിക്ക് മാനേജര്‍ ഇല്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News