അടിമുടി മാറ്റണം; മാഞ്ചസ്റ്റർ യുനൈറ്റഡിന് ഉപദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Update: 2024-09-12 09:59 GMT
Editor : safvan rashid | By : Sports Desk
Advertising

ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കുള്ള തിരിച്ചുവരവും ഹൃദയം തകർന്നുള്ള തിരിച്ചുപോക്കുമെല്ലാം ലോകം കൺനിറയെ കണ്ടതാണ്. യുനൈറ്റഡിൽ നിന്നും അൽ നസ്റിലേക്ക് ചേക്കേറുന്നതിന് മുന്നോടിയായി പിയേഴ്സ് മോർഗന് നൽകിയ ഇന്റർവ്യൂവിൽ റൊണാൾഡോ തന്റെ അനുഭവങ്ങളും പരാതികളും വ്യക്തമായിപ്പറഞ്ഞിരുന്നു. യുനൈറ്റഡ് കോച്ചായ എറിക് ടെൻഹാഗ് ത​നിക്കൊരു ബഹുമാനവും തന്നി​ല്ലെന്ന് പറഞ്ഞ റൊണാൾഡോ ക്ലബ് കടന്നുപോകുന്ന അൺപ്രൊഫഷണൽ രീതികളെക്കുറിച്ചും വാചാലനായിരുന്നു. ഇപ്പോൾ വീണ്ടും മാഞ്ചസ്റ്റർ യുനൈറ്റഡിനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞുകൊണ്ട് റൊണാൾഡോ എത്തിയിരിക്കുന്നു. റിയോ ഫെർഡിനാൻഡിന്റെ യൂട്യൂബ് ചാനലിലാണ് റോണോ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.

തീർച്ചയായും റൊണാൾഡോക്ക് യുനൈറ്റഡിനെ വിമർശിക്കാനും ഉപദേശിക്കാനുമുള്ള എല്ലാ അവകാശവുമുണ്ട്. കാരണം യുനൈറ്റഡിന്റെ സുവർണകാലവും തകർച്ചയുടെ കാലവും ഒരുപോലെ അയാൾ കണ്ടിട്ടുണ്ട്. ​പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗും എഫ്.എ കപ്പുമെല്ലാം വിരുന്നെത്തിയ സുവർണകാലത്ത് അലക്സ് ഫെർഗൂസന്റെ മുന്നണിപ്പോരാളിയായിരുന്നു റൊണാ​ൾഡോ. യുനൈറ്റഡിന്റെ ഏഴാംനമ്പർ ജഴ്സിയഴിച്ച് ഡേവിഡ് ബെക്കാം റയൽ മാഡ്രിഡിലേക്ക് പോയ​പ്പോൾ നിരാശരായ ഒട്ടേറെപ്പേരുണ്ടായിരുന്നു. അവർക്ക് മുന്നിലേക്കാണ് ഫെർഗൂസൺ അതേ ഏഴാം നമ്പർ ജഴ്സിയിൽ 18 തികയാത്ത ഒരു പയ്യനെ ഇറക്കി​വിടുന്നത്. ഫുട്ബോളിന്റെ മർമമറിയുന്ന ഫെർഗൂസണ് തെറ്റിയില്ല. അയാൾ ആ ജേഴ്സിയിൽ ഉദിച്ചുയർന്നു. ആ നമ്പറും അത് ധരിക്കുന്ന ആളും ലോകമാകെ ഒരു ബ്രാൻഡായി മാറി. വർഷങ്ങൾക്കിപ്പുറം അയാൾ വീണ്ടും ഓൾഡ് ട്രാഫോഡിലേക്ക് തിരിച്ചെത്തുമ്പോൾ ഒരു നഗരം അയാൾക്കായി കാത്തിരുന്നു.

തന്റെ മുൻ സഹതാരം കൂടിയായ ഫെർഡിനാന്റുമായുള്ള സംഭാഷണത്തിൽ ഏറ്റവും പ്രധാനമായി റെ​ാണാൾഡോ തുറന്നടിച്ചത് എറിക് ടെൻഹാഗിനെക്കുറിച്ചാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ചായിരിക്കേ എല്ലാവർഷവും പ്രീമിയർ ലീഗോ ചാമ്പ്യൻസ് ലീഗോ വിജയിക്കാനാകില്ലെന്ന് അദ്ദേഹം പറയരുതായിരുന്നു. അതൊരു മെന്റാലിറ്റിയുടെ പ്രശ്നമാണ്. ഒരുപക്ഷേ നിങ്ങൾക്കതിനുള്ള പ്രാപ്തിയില്ലായിരിക്കാം. പക്ഷേ ആ സ്ഥാനത്ത് ഞാനാണെങ്കിൽ ഒരിക്കലും അങ്ങനെ പറയില്ല. നമ്മൾക്ക് ശ്രമിച്ചുനോക്കാമെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കും- റൊണാൾഡോ പറഞ്ഞു.

സർ അലക്സ് ഫെർഗൂസൺ ക്ലബ് വിട്ടതിന് ശേഷം യുനൈറ്റഡിന് ഒരു ​പുരോഗതിയു​മില്ലെന്ന് പറഞ്ഞ റൊണാൾഡോ ക്ലബിനെ അടിമുടി പൊളിച്ചുപണിയണമെന്നും കൂട്ടിച്ചേർത്തു.ഇങ്ങനെയൊക്കെയായിട്ടും യുനൈറ്റഡ് ലോകത്തെ ഏറ്റവും മികച്ച ക്ലബാണ്. ക്ലബിന് തീർച്ചയായും ഒരു റീബിൽഡ് വേണം. അവർക്ക് രക്ഷപ്പെടാനുള്ള ഒരേ ഒരു പാത റീബിൽഡ് മാത്രമാണെന്ന് അവർ തിരിച്ചറിയാം. ക്ലബിന്റെ സ്ട്രക്ച്ചറും ഇൻ​ഫ്രാസ്ട്രെക്ച്ചറും ഉടമകളും അടക്കമുള്ള എല്ലാം അവർ പുത​ുക്കിപ്പണിയണം. പ്രതിഭക​ളെ മാത്രം ആശ്രയിച്ച് ഒരു ക്ലബിന് മുന്നോട്ടുപോകാനാകില്ലെന്ന് അവർ തിരിച്ചറിയണം. ഏറ്റവും അടിത്തട്ടിൽ നിന്നും തന്നെ മാറ്റം തുടണ്ടേതുണ്ട്. അല്ലാതെ ഒരിക്കലും രക്ഷപ്പെടാൻ പോകുന്നില്ല.

ക്ലബിന്റെ മുതലാളിമാർ ട്രെയ്നിങ് ഗ്രൗണ്ടിനായി പണം ഇറക്കുന്നുവെന്ന കേട്ടു. കാര്യങ്ങൾ മാറിത്തുടങ്ങുന്നു എന്ന് കേൾക്കുന്നതിൽ സന്തോഷമുണ്ട്. അതേ സമയം റൂഡ് വാൻ നിസ്റ്റൽ റൂയിയെ ബാക്ക് റൂം സ്റ്റാഫായി നിയമിച്ച യുനൈറ്റഡ് തീരുമാനത്തെ റോണോ പോസിറ്റീവായാണ് കാണുന്നത്. റൂഡ് വാൻ നിസ്റ്റൽ റൂയി പറയുന്നത് കേൾക്കുകയാണെങ്കിൽ ടെൻഹാഗിന് സ്വയം മെച്ചപ്പെടാം. കാരണം നിസ്റ്റൽറൂയി ക്ലബിനെ അറിയുന്നയാളാണ്. റിയോ ഫെർഡിനാൻഡ്, റോയ് കീൻ, ഗാരി നെവില്ലെ, അലക്സ് ഫെർഗൂസൺ അടക്കമുള്ള മുൻഗാമികളെ കേൾക്കാൻ ക്ലബ് തയ്യാറാകാണം. വിവരമില്ലാത്തവരെ വെച്ച് ക്ലബിനെ മാറ്റപ്പണിയാൻ സാധിക്കി​ല്ലെന്ന് ക്ലബ് അധികൃതർ തിരിച്ചറിയണമെന്നും റൊണാൾഡോ തുറന്നടിച്ചു.

കാര്യങ്ങൾ ഇ​ങ്ങനെയൊക്കെയാണെങ്കിലും മാഞ്ചസ്റ്റർ യുനൈറ്റഡിനോട് തനിക്കിപ്പോഴും സ്നേഹമുണ്ടെന്ന് റൊണാൾഡോ പറഞ്ഞു. ഞാൻ കടന്നുവന്ന വഴിത്താരകളെ മറക്കുന്നവനല്ലെന്നും റോണോ കൂട്ടിച്ചേർത്തു.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News