ഇടപെടലുമായി യുവേഫ; ചാംപ്യൻസ് ലീഗ് ഫൈനൽ റഷ്യയിൽനിന്ന് ഫ്രാൻസിലേക്ക് മാറ്റി
യുക്രൈനിലെ സൈനിക നടപടിയെത്തുടർന്ന് ചേർന്ന അടിയന്തര യുവേഫ യോഗത്തിലാണ് തീരുമാനം
യുക്രൈൻ സംഘർഷത്തിനു പിന്നാലെ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടക്കേണ്ട ചാംപ്യൻസ് ലീഗ് ഫൈനൽ മാറ്റി. യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ് ടൂർണമെന്റിന്റെ കലാശപ്പോരാട്ടമാണ് റഷ്യയിൽനിന്ന് ഫ്രഞ്ച് തലസ്ഥാനമായ പാരിസിലേക്ക് മാറ്റിയിരിക്കുന്നത്. യൂനിയൻ ഓഫ് യുറോപ്യൻ ഫുട്‌ബോൾ അസോസിയേഷൻസ്(യുവേഫ) ആണ് അടിയന്തര യോഗം വിളിച്ചുചേർത്ത് തീരുമാനം പ്രഖ്യാപിച്ചത്.
മെയ് 28ന് റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഗാസ്‌പ്രോം അറീനയിലാണ് ചാംപ്യൻസ് ലീഗ് ഫൈനൽ നിശ്ചയിച്ചിരുന്നത്. എന്നാൽ, റഷ്യയുടെ യുക്രൈൻ സൈനികനീക്കത്തിനു പിന്നാലെ യുവേഫ അടിയന്തരയോഗം വിളിച്ചുചേർക്കുകയായിരുന്നു. നിശ്ചയിച്ച തിയതിയിൽ തന്നെ പാരിസിലെ സ്റ്റേഡ് ഡി ഫ്രാൻസിലായിരിക്കും ഫൈനൽ നടക്കുകയെന്ന് യുവേഫ ട്വീറ്റ് ചെയ്തു.
The 2021/22 UEFA Men's Champions League final will move from Saint Petersburg to Stade de France in Saint-Denis.
— UEFA (@UEFA) February 25, 2022
The game will be played as initially scheduled on Saturday 28 May at 21:00 CET.
Full statement: ⬇️
ഇന്ന് യുവേഫ പ്രസിഡന്റ് അലെക്‌സാണ്ടർ സെഫെറിന്റെ അധ്യക്ഷതയിലാണ് അസാധാരണ യോഗം ചേർന്നത്. നിലവിലെ സാഹചര്യം വിലയിരുത്താനായിരുന്നു യോഗം വിളിച്ചത്. കഴിഞ്ഞ 14 വർഷത്തിനിടെ ഇതാദ്യമായാണ് ചാംപ്യൻസ് ലീഗ് ഫൈനൽ റഷ്യയിലെത്തിയത്. അവസാനമായി 2008ൽ മോസ്‌കോയിലെ ലുസ്‌നികി സ്‌റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ചെൽസിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തുകയായിരുന്നു.
Summary: Russia-Ukraine crisis: Champions League final shifted from St. Petersburg to Paris