ചെളി നിറഞ്ഞ ഗ്രൗണ്ടിൽ പന്തുതട്ടി സൂപ്പർ താരം സാദിയോ മാനേ; കയ്യടിച്ച് ഫുട്‌ബോൾ ലോകം

ഖത്തർ ലോകകപ്പിൽ സെനഗലിന്റെ കുന്തമുനയാണ് ഈ 30 കാരൻ. 3.2 കോടി യൂറോ (ഏകദേശം 260 കോടി രൂപ) ക്കാണ് മാനേയെ ലിവർപൂളിൽനിന്ന് ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് സ്വന്തമാക്കിയത്.

Update: 2022-06-19 16:48 GMT
Advertising

ചെളി നിറഞ്ഞ ഗ്രൗണ്ട്, തൊട്ടടുത്ത് നിന്ന് ആവേശം കൊള്ളുന്ന കാണികൾ, പക്ഷെ കളിക്കുന്നത് സാധാരണക്കാരനല്ല, ലിവർപൂളിന്റെ സൂപ്പർ താരം സാദിയോ മാനേ, സെനഗലിന് ലോകകപ്പിലേക്ക് ടിക്കറ്റെടുത്ത് നൽകിയയാൾ. ക്ലബ് ഫുട്‌ബോൾ സീസൺ കഴിഞ്ഞതോടെ ഉല്ലാസ കേന്ദ്രങ്ങളിൽ അവധിയാഘോഷിക്കുന്ന തിരക്കിലാണ് സൂപ്പർ താരങ്ങൾ. ചിലർ അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കിലും, എന്നാൽ നാട്ടുകാർക്കൊപ്പം അവധിയാഘോഷിച്ച് അവർക്കൊപ്പം പന്തുതട്ടി വ്യത്യസ്തനാവുകയാണ് മാനേ. എത്ര ഉയരത്തിലെത്തിയാലും നാടിനും സുഹൃത്തുക്കൾക്കും മീതെയാകില്ല അതെന്ന് മാനേ വിളിച്ചു പറയുന്നു. ചെളിനിറഞ്ഞ ഈ ഗ്രൗണ്ടിൽ പന്ത് തട്ടുന്ന താരത്തിനായി മോഹവിലയുമായി കാത്തിരിക്കുകയാണ് ലോകഫുട്‌ബോളിലെ വമ്പൻ ക്ലബുകൾ എന്നത് കൂടി ഓർക്കുക.

ഖത്തർ ലോകകപ്പിൽ സെനഗലിന്റെ കുന്തമുനയാണ് ഈ 30 കാരൻ. 3.2 കോടി യൂറോ (ഏകദേശം 260 കോടി രൂപ) ക്കാണ് മാനേയെ ലിവർപൂളിൽനിന്ന് ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് സ്വന്തമാക്കിയത്. ബോണസുകളും മറ്റുമായി കൈമാറ്റത്തുക 4.1 കോടി യൂറോ (ഏകദേശം 335 കോടി രൂപ) വരെ ഉയരാം.

മൂന്നു വർഷത്തേക്കായിരിക്കും കരാർ എന്നാണ് സൂചന. മാനെയുടെ വരവ് ബയേൺ സ്പോർട്ടിങ് ഡയറക്ടർ ഹസൻ സലിഹമിഡിചാണ് സ്ഥിരീകരിച്ചത്. രണ്ടു ക്ലബുകൾക്കുമിടയിൽ ധാരണയായതായും കരാർ ഉടൻ ഒപ്പുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ടീം വിട്ടേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ബയേണിന് മികച്ച നേട്ടമാണ് മാനെയുടെ വരവ്.

ചാമ്പ്യൻസ് ലീഗ് ഫൈനലിനു പിന്നാലെ ലിവർപൂൾ വിടുകയാണെന്ന് മാനെ വ്യക്തമാക്കിയിരുന്നു. ആറുവർഷം ലിവർപൂളിന് കളിച്ച മാനെ 269 മത്സരങ്ങളിൽ 120 ഗോളുകൾ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്.എ കപ്പ്, കറബാവോ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ് വേൾഡ് കപ്പ് എന്നിവയും റെഡ്സിനൊപ്പം സ്വന്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News