ഖത്തർ ലോകകപ്പിൽ പന്തുതട്ടാൻ മാനെ ഉണ്ടാവില്ല ? സെനഗലിന് കനത്ത തിരിച്ചടി
ബുണ്ടസ് ലീഗയിൽ ബയേൺ-വെർഡർ ബ്രമൻ മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്
ദോഹ: പരിക്കേറ്റ സെനഗൽ സൂപ്പർതാരം സാദിയോ മാനെ ഖത്തർ ലോകകപ്പിനുണ്ടാവില്ലെന്ന് റിപ്പോർട്ട്. ബുണ്ടസ് ലീഗയിൽ ബയേൺ-വെർഡർ ബ്രമൻ മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. ആദ്യ റിപ്പോർട്ടുകൾ താരത്തിന് ലോകകപ്പ് നഷ്ടമാവില്ല എന്നായിരുന്നു. എന്നാൽ, പുതുതായി വരുന്ന റിപ്പോർട്ടുകൾ മറിച്ചാണ്.
അതേസമയം, ഖത്തറിൽ ലോകകപ്പിൽ പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അർജന്റീനയ്ക്കും തിരിച്ചടി. മധ്യനിര താരം ജിയോവാനി ലോ സെൽസോയ്ക്ക് പരിക്കിനെ തുടർന്ന് ലോകകപ്പ് നഷ്ടമാവും. സെൽസോയ്ക്ക് ലോകകപ്പ് നഷ്ടമാവുമെന്ന് താരത്തിന്റെ ക്ലബായ വിയ്യാറയൽ വ്യക്തമാക്കി. ടോട്ടനത്തിൽ നിന്നും ലോണിലാണ് സെൽസോ വിയ്യാറയലിന് വേണ്ടി കളിക്കുന്നത്. കണങ്കാലിന് പരിക്കേറ്റ സെൽസോയ്ക്ക് ശസ്ത്രക്രിയ വേണ്ടി വരും.
സെൽസോയുടെ പരിക്കുമായി ബന്ധപ്പെട്ട് അർജന്റൈൻ ഫുട്‌ബോൾ അസോസിയേഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2021ൽ അർജന്റീന കോപ്പ അമേരിക്ക കിരീടം ഉയർത്തിയപ്പോൾ സെൽസോയുടെ പ്രകടനം നിർണായകമായിരുന്നു. അർജന്റീനയുടെ ലോകകപ്പിനുള്ള 26 അംഗ സംഘത്തെ പ്രഖ്യാപിക്കുന്നതിന് മുൻപ് ഡിബാല, ഫോയ്ത് എന്നിവരുടെ ഫിറ്റ്‌നസും സ്‌കലോനിക്ക് ആശങ്ക ഉയർത്തുന്നുണ്ട്.
പകരംവെക്കാനില്ലാത്ത താരമാണ് സെൽസോ എന്ന് സ്‌കലോനി നേരത്തെ പ്രതികരിച്ചിരുന്നു. സ്‌കലോനി പരിശീലന സ്ഥാനം ഏറ്റെടുത്തതിന് ശേഷം അർജന്റൈൻ ടീമിൽ ഏറ്റവും കൂടുതൽ ഗോൾ അസിസ്റ്റുകൾ ഉള്ളത് സെൽസോയുടെ പേരിലാണ്.