സാഫ് കപ്പ്; കണക്ക് തീര്‍ക്കാന്‍ ഇന്ത്യ, കരുത്ത് കാട്ടാന്‍ ബംഗ്ലാദേശ്

ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ഇന്ത്യക്ക് പക്ഷേ കഴിഞ്ഞ തവണ ഫൈനലില്‍ കാലിടറിയിരുന്നു

Update: 2021-10-04 05:34 GMT
Advertising

സാഫ് കപ്പ് ടൂര്‍ണമെന്‍റില്‍ ആദ്യ പോരിന് ഇന്ത്യ ഇന്നിറങ്ങും. മാലിദ്വീപില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. വിജയത്തോടെ ടൂര്‍ണമെന്‍റ്  ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യന്‍ ടീമിന് താരങ്ങളുടെ ഫിറ്റ്നസ് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.  എ.ടി.കെ മോഹൻ ബഗാന്‍റെയും ബെംഗളൂരു എഫ്.സിയും ഒഴികെയുള്ള താരങ്ങൾ അടുത്തൊന്നും പ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ കളിച്ചിട്ടില്ല എന്നതും ടീമിനെ ബാധിക്കാന്‍ സാധ്യതയുണ്ട്.

സാഫ് കപ്പ് ഫുട്ബോള്‍ ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ ടീം ടൂര്‍ണമെന്‍റ് ഫേവറൈറ്റുകള്‍ തന്നെയാണ്. ഏഴ് തവണയാണ് ഇന്ത്യന്‍ ടീം സാഫ് കപ്പില്‍മുത്തമിട്ടത്. ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ഇന്ത്യക്ക് പക്ഷേ കഴിഞ്ഞ തവണഫൈനലില്‍ കാലിടറിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാലിദ്വീപ് ആണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇത്തവണ അതേ മാലിദ്വീപില്‍ വെച്ച് ചാമ്പ്യന്‍ഷിപ്പ് നടക്കുമ്പോള്‍ വിജയത്തില്‍ക്കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീമിനെ തൃപ്തിപ്പെടുത്തില്ല.

ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച ബംഗ്ലാദേശ് ഇന്ത്യയ്ക്ക് ശക്തരായ എതിരാളികളാണ്. സമീപകാലത്ത് മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമാണ് ബംഗ്ലാദേശ്. 2022 ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഇന്ത്യയും ബംഗ്ലാദേശും അവസാനമായി ഏറ്റുമുട്ടുന്നത്. മത്സരത്തിന്‍റെ ആദ്യപാദത്തില്‍ ഇരുടീമുകളും സമനില വഴങ്ങിയെങ്കിലും രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തിരുന്നു. മലയാളി താരമായ സഹൽ അബ്ദുൽ സമദിന് ഇന്ന് ഇലവനില്‍ അവസരം കിട്ടുമെന്നാണ് പ്രതീക്ഷ. വൈകിട്ട് 4.30നാണ് മത്സരം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News