സാഫ് കപ്പ്; ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ
ഇന്ത്യൻ സമയം വൈകിട്ട് 4.30നാണു കിക്കോഫ്
കഴിഞ്ഞ തവണ കൈവിട്ടു പോയ കിരീടം തിരിച്ചു പിടിക്കാൻ ഇന്ത്യ ഇറങ്ങുന്നു. സാഫ് കപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണു കിക്കോഫ്. ബംഗ്ലാദേശിന്റെ രണ്ടാം മത്സരമാണിത്. ആദ്യ കളിയിൽ അവർ ശ്രീലങ്കയെ 1-0നു തോൽപിച്ചിരുന്നു.
5 ടീമുകളടങ്ങുന്ന ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ തമ്മിൽ ഫൈനൽ കളിക്കും. 2018ലെ ഫൈനലിൽ മാലദ്വീപിനോടാണ് ഇന്ത്യ തോറ്റത്. അതിനു മുൻപു 11 ചാംപ്യൻഷിപ്പുകളിൽ ഏഴിലും ജേതാക്കളായത് ഇന്ത്യയായിരുന്നു.
ബംഗ്ലാദേശ് ഒരു തവണ (2003) കപ്പ് നേടിയിട്ടുണ്ട്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ (107) ഏറെ പിന്നിലാണു ബംഗ്ലോദശ് (189). ഇതിനു മുമ്പ് കൊൽക്കത്തയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലദേശ് സമനില പിടിച്ചിരുന്നു. ധാക്കയിലെ രണ്ടാം പാദം 2-0നു ജയിച്ച് ഇന്ത്യ ആ കടം വീട്ടി. സുനിൽ ഛേത്രി നയിക്കുന്ന ടീമിൽ മലയാളി താരം സഹൽ അബ്ദുൽ സമദുണ്ട്. മത്സരം യൂറോ സ്‌പോർട്ടിലിൽ തത്സമയം കാണാം