സഹൽ സൗദി പ്രോ ലീഗിലേക്ക് ? സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച
ഫുട്ബോളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ട്വീറ്റ് ചെയ്യുന്ന ട്വിറ്റർ ഹാൻഡിലുകളിലാണ് വാർത്ത പ്രത്യക്ഷപ്പെട്ടത്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദ് സൗദി പ്രോ ലീഗിലേക്കോ? സോഷ്യൽ മീഡിയയിൽ ചൂടിറേയ ചർച്ചയാണ് ഇതുസംബന്ധിച്ച് നടക്കുന്നത്. ഫുട്ബോളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ട്വീറ്റ് ചെയ്യുന്ന ട്വിറ്റർ ഹാൻഡിലുകളിലാണ് വാർത്ത പ്രത്യക്ഷപ്പെട്ടത്. സൗദി ക്ലബ്ബുകളുടെ റഡാറിൽ സഹൽ ഉണ്ടെന്നും കാര്യങ്ങളെല്ലാം അനുകൂലമായാൽ സൗദി പ്രോ ലീഗിൽ പന്ത് തട്ടുന്ന ആദ്യ ഇന്ത്യക്കാരനാകും എന്നാണ് ഒരു ട്വീറ്റ്.
എന്നാൽ ആരെ ഉദ്ധരിച്ചാണ് ഇങ്ങനെയൊരു ട്വീറ്റ് എന്ന് വ്യക്തമാക്കുന്നില്ല. ട്വീറ്റിന് താഴെ പലരും തെളിവാണ് ചോദിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ പന്ത് തട്ടുന്നൊരു ലീഗിലേക്ക് സഹലിന് പോകാൻ അർഹതയുണ്ടെന്ന് ചിലർ പറയുന്നു. അതേസമയം സഹലിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണമാണ് സൗദി ക്ലബ്ബുകൾ നടത്തിയതെന്നും താരം അങ്ങോട്ട് പോകാനുള്ള സാധ്യത കുറവാണെന്നും മറ്റൊരു ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്‌സ് താരമായ സഹലിനെ നോട്ടമിട്ട് വമ്പൻ ക്ലബ്ബുകൾ രംഗത്തുള്ളതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ബ്ലാസ്റ്റേഴ്‌സിൽ നിന്നും മറ്റൊരു ഐഎസ്.എൽ ക്ലബ്ബിലേക്ക് താരം ചേക്കേറുമെന്നും പറയപ്പെടുന്നു. മോഹൻ ബഗാനും ബംഗളൂരു എഫ്.സിയുമൊക്കെയാണ് സഹലിനായി വലവിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. സംഭവിച്ചാല്‍ റെക്കോര്‍ഡ് തുകയ്ക്കാവും ട്രാന്‍സ്ഫര്‍. സഹല്‍ ബ്ലാസ്റ്റേഴ്‌സുമായി കരാർ അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്നും പറയപ്പെട്ടിരുന്നു. നേരത്തെ സാഫ് ഇന്ത്യൻ ടീമിന് ആശംസ അറിയിച്ചുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്ററിൽ സഹൽ ഇല്ലാത്തതും ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സഹൽ ക്ലബ്ബ് വിട്ടെന്നും അതിനാലാണ് ജീക്‌സൺ സിങിന്റെ ചിത്രം മാത്രം ബ്ലാസ്റ്റേഴ്‌സ് പോസ്റ്ററിൽ ഒതുക്കിയതെന്നുമായിരുന്നു സോഷ്യൽ മീഡിയയിലെ സംസാരം.
എന്നാൽ ഫൈനലിന്റെ ആശംസാ കാർഡിൽ സഹലിന്റെ ചിത്രം ഉപയോഗിച്ച് ആരാധകെ ബ്ലാസ്റ്റേഴ്സ് 'അടക്കി'. മികച്ച ഫോമിലാണിപ്പോൾ സഹൽ അബ്ദുൽ സമദ്. ഇക്കഴിഞ്ഞ സാഫ് കപ്പിലും ഇന്ത്യക്കായി കളിച്ച സഹൽ, മികച്ച നീക്കങ്ങളുമായി ഫുട്‌ബോൾ പ്രേമികളുടെ മനസ് കവർന്നിരുന്നു. സഹലിന്റെ ഭാവിയിൽ ആരാധകർക്കും ആശങ്കയുണ്ട്. താരത്തെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിലും ആകാംക്ഷയോടെ നോക്കുകയണവർ.