മൂന്നു കളി, മൂന്ന് അസിസ്റ്റ്; സഹലിന് മോഹൻ ബഗാനിൽ ഗംഭീര തുടക്കം
മോഹൻ ബഗാനൊപ്പം ഐഎസ്എൽ ട്രോഫി നേടാനാണ് ആഗ്രഹിക്കുന്നതെന്നു സഹൽ പറഞ്ഞിരുന്നു
ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിൽ നിന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിലെത്തിയ മലയാളി താരം സഹൽ അബ്ദുസമദിന് മികച്ച തുടക്കം. 2023-24 സീസണിൽ ടീം മാറിയ താരം ക്ലബിനായി ആകെ മൂന്നു മത്സരങ്ങളാണ് ഐഎസ്എല്ലിൽ കളിച്ചത്. ഈ മത്സരങ്ങളിലായി മൂന്നു അസിസ്റ്റും അഞ്ച് അവസരങ്ങളും താരം സൃഷ്ടിച്ചു. 2022-23 സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനായി 20 മത്സരങ്ങളിൽ നിന്ന് രണ്ട് അസിസ്റ്റും മൂന്നു ഗോളുകളുമാണ് സഹൽ നേടിയത്. 12 അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
അതേസമയം, മോഹൻ ബഗാനായി സഹൽ നടത്തുന്ന മികച്ച പ്രകടനത്തെ സമൂഹ മാധ്യമങ്ങളിൽ പലരും പുകഴ്ത്തുകയാണ്. മജീഷ്യനായും മികച്ച ഇന്ത്യൻ മിഡ്ഫീൽഡറായുമാണ് ചിലർ താരത്തെ വിശേഷിപ്പിക്കുന്നത്. സഹൽ മോഹൻ ബഗാനിലേക്ക് കൂടുമാറിയ ശേഷം താരത്തെ മുൻനിർത്തി ക്ലബിന്റെ വിശേഷങ്ങൾ പങ്കുവെച്ച് മറൈനേഴ്‌സ് കേരള പോലെയുള്ള ഫേസ്ബുക്ക് പേജുകളടക്കം പ്രവർത്തിക്കുന്നുണ്ട്.
കഴിഞ്ഞ ജൂലൈയിലാണ് സഹൽ ബ്ലാസ്‌റ്റേഴ്‌സ് വിട്ടത്. മോഹൻ ബഗാനിൽ വർഷം രണ്ടര കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. അഞ്ചുവർഷത്തെ കരാറിനാണ് ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരത്തെ മോഹൻബഗാൻ സ്വന്തമാക്കിയത്. ഒരു താരത്തെയും ട്രാൻസ്ഫർ ഫീയുമായിരുന്നു മോഹൻബഗാനും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ഡീൽ.
സഹലിന് പകരം മോഹൻ ബഗാന്റെ പ്രതിരോധ താരം പ്രീതം കോട്ടാലിനെ ബ്ലാസ്റ്റേഴ്സിന് വിട്ടുനൽകിയിരുന്നു. മോഹൻ ബഗാൻ ജേഴ്സിയിടുന്നതിൽ അഭിമാനമുണ്ടെന്ന് മോഹൻ ബഗാൻ എസ്ജി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സഹൽ പ്രതികരിച്ചിരുന്നു.
'പച്ച, മെറൂൺ നിറങ്ങൾ ധരിക്കുമ്പോൾ നിങ്ങൾ മറ്റൊരു തലത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. കൂടാതെ, കൊൽക്കത്ത ഡെർബി പലപ്പോഴും എൽ ക്ലാസിക്കോയുടെ അതേ തലത്തിൽ തന്നെയാണ് കണക്കാക്കപ്പെടുന്നത്' സഹൽ പറഞ്ഞു.
മോഹൻ ബഗാനൊപ്പം ഐഎസ്എൽ ട്രോഫി നേടാനാണ് ആഗ്രഹിക്കുന്നതെന്നും സഹൽ പറഞ്ഞിരുന്നു. 'കുറച്ച് ദിവസം മുൻപാണ് എന്റെ വിവാഹം കഴിഞ്ഞത്. എന്റെ ഭാര്യ ഒരു ബാഡ്മിന്റൺ പ്ലയെറാണ്. മോഹൻ ബഗാനിൽ ഒപ്പിട്ടത് എക്കാലത്തെയും മികച്ച വിവാഹ സമ്മാനമായാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ സീസണിൽ മോഹൻബഗാൻ ഐഎസ്എൽ കിരീടം നേടിയിരുന്നു. ഞങ്ങൾക്ക് രണ്ട് ലോകകപ്പ് കളിക്കാരുണ്ട്. യൂറോപ്പ ലീഗ് കളിച്ചവരും കൂട്ടത്തിലുണ്ട്. ഇനി അവരോടൊപ്പം ഞാനും കളിക്കും' സഹൽ മുമ്പ് വ്യക്തമാക്കി.
'മൂന്ന് കപ്പ് നേടാൻ ഇന്ത്യയെ സഹായിച്ച ഇന്ത്യൻ ദേശീയ ടീമിലെ അഞ്ച് അംഗങ്ങൾ ടീമിലുണ്ട്. എന്റെ കരിയറിൽ ഒരിക്കലും ഐഎസ്എൽ കിരീടം നേടിയിട്ടില്ല. ഈ ട്രോഫി നേടാനായാണ് മോഹൻ ബഗാനിൽ ഒപ്പിട്ടത്. ടീം കൂടുതൽ മെച്ചപ്പെടുമെന്നും ഐഎസ്എൽ ട്രോഫി നേടുകയെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു' സഹൽ പറഞ്ഞു.
സന്തോഷ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെ, 2018 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ബി ടീമിലൂടെയാണ് സഹൽ കേരള ക്ലബിലെത്തിയത്. 2018 മുതൽ 2023 വരെ ബ്ലാസ്റ്റേഴ്സിനായി 92 കളികളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. പത്തു ഗോളും നേടി. ഇന്ത്യൻ ടീമിലും സ്ഥിരസാന്നിധ്യമാണ്. സാഫ് കപ്പിലും ഇന്റർകോണ്ടിനന്റൽ കപ്പിലും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇന്ത്യൻ ജഴ്സിയിൽ 30 മത്സരങ്ങളിൽനിന്ന് മൂന്നു ഗോൾ സ്വന്തമാക്കിയിട്ടുണ്ട്.
Three games, three assists; Sahl Abdul Samad gets off to a good start for Mohun Bagan Supergiant