ലിവര്‍പൂളിനായി ഏറ്റവും വേഗത്തില്‍ നൂറ് ഗോളുകള്‍; റെക്കോര്‍ഡ് നേട്ടത്തില്‍ മുഹമ്മദ് സലാഹ്
കഴിഞ്ഞ ദിവസം ബ്രെന്‍റ് ഫോർഡിനെതിരെ നേടിയ ഗോളോടെയാണ് സലാഹ് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്.
ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സലായ്ക്ക് പ്രീമിയര്‍ ലീഗില്‍ ചരിത്രനേട്ടം. ഏറ്റവും വേഗത്തില്‍ ലിവര്‍പൂളിനായി നൂറു ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് മിസ്‍റിലെ രാജകുമാരനെ തേടിയെത്തിയത്. ലിവർപൂളിന്‍റെ ഇതിഹാസ താരമായ റോജർ ഹണ്ടിന്‍റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. ഹണ്ടിന് 100 ഗോളുകൾ തികയ്ക്കാന്‍ 152 മത്സരങ്ങള്‍ വേണ്ടി വന്നപ്പോള്‍ സലാഹ് 151 മത്സരങ്ങളില്‍ നിന്നാണ് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. 80 കളിലെ ലിവര്‍പൂള്‍ താരമായിരുന്ന ഇയാൻ റഷിനാണ് നൂറുഗോള്‍ നേട്ടത്തില്‍ മൂന്നാം സ്ഥാനം. 168 മത്സരങ്ങളില്‍ നിന്നാണ് റഷ് 100 ഗോളുകൾ തികച്ചത്.
കഴിഞ്ഞ ദിവസം ബ്രെന്‍റ് ഫോർഡിനെതിരെ നേടിയ ഗോളോടെയാണ് സലാഹ് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. മത്സരത്തില്‍ മൂന്ന് ഗോള്‍ വീതം നേടി ലിവര്‍പൂളും ബ്രെന്‍റ് ഫോർഡും സമനില പാലിച്ചു. ആറ് കളികളില്‍ നിന്നായി നാല് ജയവും രണ്ട് സമനിലയുമായി 14 പോയിന്‍റാണ് ലിവര്‍പൂളിന്‍റെ സമ്പാദ്യം. ലീഗ് ടോപ്പര്‍മാരും ലിവര്‍പൂള്‍ തന്നെയാണ്.
പ്രീമിയർ ലീഗിൽ 100 ഗോളുകൾ അടിക്കുന്ന താരങ്ങളുടെ നിരയില്‍ മൈക്കല്‍ ഓവൻ, റോബി ഫൗളർ, സ്റ്റീവന്‍ ജെറാർഡ് എന്നിവർക്കൊപ്പമാണ് ഇനി സലായുടെ സ്ഥാനം. ലിവർപൂളിനായി ഏറ്റവുമധികം ഗോളടിക്കുന്ന ടോപ്പ് ടെൻ താരങ്ങളുടെ നിരയിലേക്കും ബ്രെന്‍റ് ഫോർഡിനെതിരായ ഗോളോടു കൂടി സലാഹ് എത്തി. 2017 ല്‍ ഇറ്റാലിയന്‍ ക്ലബ് റോമയില്‍ നിന്ന് ആന്‍ഫീല്‍ഡില്‍ എത്തിയ ഈജിപ്ഷ്യന്‍ താരം കോച്ച് യുര്‍ഗന്‍ ക്ലോപ്പിന്റെ പ്രതീക്ഷ തെറ്റിച്ചില്ല എന്ന് തന്നെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 210 കളികളില്‍ നിന്ന് ലിവര്‍പൂളിനായി സലാഹ് നേടിയത് 131 ഗോളുകളാണ്. പ്രീമിയര്‍ ലീഗില്‍ മാത്രം 151 കളികളില്‍ നിന്ന് 100 ഗോളുകളും.
ക്ലബിലെത്തി ആദ്യ വര്‍ഷം തന്നെ പ്ലെയര്‍ ഓഫ് ദ സീസണ്‍ പുരസ്‌കാരം നേടിയ സലാഹ് രണ്ടുതവണ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡണ്‍ബൂട്ടും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ സ്പാനിഷ് ക്ലബുകളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടയില്‍ ലിവര്‍പൂളില്‍ തുടരാന്‍ അഞ്ച് ലക്ഷം പൗണ്ട് സലാഹ് ആവശ്യപ്പെട്ടിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ സലായ്ക്ക് ലഭിക്കുന്നതിന്‍റെ ഏകദേശം ഇരട്ടിത്തുകയാണ് താരം ആവശ്യപ്പെട്ടതെന്നായിരുന്നു വാര്‍ത്തകള്‍ സലായുമായുള്ള കരാര്‍ ദീര്‍ഘകാലത്തേക്ക് പുതുക്കാന്‍ ലിവര്‍പൂള്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇത്തരത്തില്‍ അഭ്യൂഹം പരന്നത്. ഇതോടെ അടുത്ത സീസണില്‍ സലാഹ് ആന്‍ഫീല്‍ഡ് വിടാനുള്ള സാധ്യതയേറെയെന്നാണ് ആരാധകരുടെ വിലയിരുത്തല്‍