പഞ്ചാബിനെ 'പഞ്ചറാക്കി' കേരളം സെമിയിലേക്ക്
രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ പിറക്കാൻ 86-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു
മഞ്ചേരി: പഞ്ചാബിനെ തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ സെമിഫൈനലിൽ. പഞ്ചാബിനെതിരേ 2-1നായിരുന്നു കേരളത്തിന്റെ വിജയം. കേരളത്തിനായി ക്യാപ്റ്റൻ ജിജോ ജോസ്ഫ ഇരട്ട ഗോൾ കണ്ടെത്തി. മൻവീർ സിങ്ങാണ് പഞ്ചാബിനായി ലക്ഷ്യം കണ്ടത്. ഗ്രൂപ്പ് എയിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്നു വിജയവും ഒരു സമനിലയുമായാണ് കേരളത്തിന്റെ മുന്നേറ്റം.
12-ാം മിനിറ്റിൽ കേരളത്തിന്റെ പ്രതിരോധ പിഴവിൽ നിന്ന് പഞ്ചാബ് മുന്നിലെത്തി. മൻവീർ സിങ്ങാണ് പഞ്ചാബിനായി സ്‌കോർ ചെയ്തത്. മൻവീറിന്റെ ഷോട്ട് ഗോൾകീപ്പർ മിഥുൻ തടയാൻ ശ്രമിച്ചെങ്കിലും താരത്തിന്റെ കൈയിൽ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.
ഗോൾ വീണതോടെ കേരളം ആക്രമണം ശക്തമാക്കി. 14-ാം മിനിറ്റിൽ സൽമാന്റെ ഷോട്ട് പഞ്ചാബ് ഗോളി ഹർപ്രീത് സിങ് തട്ടിയകറ്റി. തൊട്ടടുത്ത മിനിറ്റിൽ അർജുൻ ജയരാജിനും ലക്ഷ്യം കാണാനായില്ല. 17-ാം മിനിറ്റിൽ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി കേരളത്തിന്റെ സമനില ഗോളെത്തി. അർജുൻ ജയരാജ് നൽകിയ ക്രോസ് ക്യാപ്റ്റൻ ജിജോ ജോസഫ് കിടിലൻ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
എന്നാൽ വലതുവിങ്ങിലൂടെ പഞ്ചാബ് കേരള ബോക്സിലേക്ക് പന്തെത്തിച്ചുകൊണ്ടേയിരുന്നു. 22-ാം മിനിറ്റിൽ മൻവീർ സിങ് വീണ്ടും പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.29ാം മിനിറ്റിൽ കേരളത്തിന് തിരിച്ചടിയായി ഗോൾകീപ്പർ മിഥുൻ പരിക്കേറ്റ് പുറത്തുപോയി. ഹജ്മൽ. എസ് ആണ് പകരം ഗോൾവല കാത്തത്.
രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ പിറക്കാൻ 86-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. കാണികളെ ഒന്നടങ്കം ആവേശത്തിലാക്കി ജിജോയുടെ വിജയഗോളെത്തി. ഇടതു വിങ്ങിൽ നിന്ന് സഞ്ജു നൽകിയ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ പഞ്ചാബ് ഡിഫൻഡർമാർ വരുത്തിയ പിഴവ് മുതലെടുത്ത് ജിജോ പന്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിൽ ജിജോയുടെ രണ്ടാം ഗോൾ.