കേരളത്തിന് രണ്ടാം അങ്കം; ജയം തുടരണം, സെമിയോട് അടുക്കണം

വെസ്റ്റ് ബംഗാളാണ് എതിരാളി. ചാമ്പ്യന്‍ഷിപ്പില്‍ ഓരോ മത്സരങ്ങള്‍ കളിച്ച ഇരുടീമുകളും ഓരോ വിജയം വീതം നേടിയിട്ടുണ്ട്

Update: 2022-04-18 11:43 GMT
Editor : abs | By : Web Desk
Advertising

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ കേരളം ഇന്ന് ഇറങ്ങും. രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളത്തിന്റെ രണ്ടാം മത്സരത്തില്‍ കരുത്തരായ വെസ്റ്റ് ബംഗാളാണ് എതിരാളി. ചാമ്പ്യന്‍ഷിപ്പില്‍ ഓരോ മത്സരങ്ങള്‍ കളിച്ച ഇരുടീമുകളും ഓരോ വിജയം വീതം നേടിയിട്ടുണ്ട്.

തുടക്കം ഗംഭീരമാക്കിയ കേരളത്തിന് ഇന്നത്തെ മത്സരം കടുപ്പമേറിയതാണ്. കപ്പുകളുടെ എണ്ണത്തിൽ വമ്പന്മാരായ വെസ്റ്റ് ബംഗാളിനെയാണ് കേരളത്തിന് വീഴ്ത്തേണ്ടത്. എങ്കിലും ജിജോ ജോസഫിനും സംഘത്തിനും ബംഗാൾ ബാലികേറാമലയല്ല. ജിജോ - അർജുൻ ജയരാജ് - നിജോ ഗിൽബർട്ട് - മുഹമ്മദ് റാഷിദ് എന്നിവർ ചേരുന്ന മധ്യനിരയിലാണ് കേരളത്തിന്റെ പ്രതീക്ഷ. നായകൻ ജിജോ തന്നെയാണ് മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വിഗ്നേഷും മുഹമ്മദ് സഫ്നാദുമാകും സ്ട്രൈക്കർമാർ. 

ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് രാജസ്ഥാനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കേരളം. എന്നാല്‍ ഗ്രൂപ്പിലെ കരുത്തരായ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബംഗാളിന്റെ വരവ്. ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് കേരളത്തിനായി ഹാട്രിക്ക് നേടിയിരുന്നു. നിജോ ഗില്‍ബേര്‍ട്ട്, അജിഅലക്‌സ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. പ്രതിരോധത്തിലൂന്നിയ അറ്റാക്കിങാണ് വെസ്റ്റ് ബംഗാളിന്റെ ശക്തി. ആദ്യ മത്സരത്തില്‍ ഗ്രൂപ്പിലെ ശക്തരായ പഞ്ചാബിനെ പരാജയപ്പെടുത്തിയത് ടീമില്‍ ആത്മവിശ്വാസമുണ്ടാക്കിയിട്ടുണ്ട്.

തിങ്ങിനിറയുന്ന ആരാധക കൂട്ടമാണ് കേരളത്തിന്റെ മറ്റൊരു ശക്തികേന്ദ്രം. അതേസമയം കേരള - വെസ്റ്റ് ബംഗാൾ മത്സരം കാണാൻ സീസൺ ടിക്കറ്റോ ഓൺലൈൻ ടിക്കറ്റോ എടുത്തവർ മത്സരത്തിന് അര മണിക്കൂർ മുൻപ് ഗാലറിയിൽ പ്രവേശിക്കണമെന്ന് നിർദേശമുണ്ട്. പ്രത്യേക ഗേറ്റുകൾ വഴിയാകും ഇവരെ അകത്തേക്ക് കയറ്റുക.ഗാലറി നിറഞ്ഞാൽ ഗേറ്റുകൾ പൂട്ടുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാനെതിരെയുള്ള കേരളത്തിന്റെ മത്സരത്തില്‍ റെക്കോര്‍ഡ് ആരാധകരാണ് പയ്യനാട് സ്റ്റേഡിയത്തില്‍ എത്തിയത്. ഇന്ന് വെസ്റ്റ് ബംഗാളിനെ നേരിടുമ്പോള്‍ ഇരട്ടി ആരാധകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News