സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ശനിയാഴ്ച തുടക്കം: കേരളത്തിന്റെ ആദ്യ മത്സരം രാജസ്ഥാനെതിരെ
ആറ് തവണ സന്തോഷ് ട്രോഫിയിൽ മുത്തമിട്ട കേരളത്തിന്റെ ഏഴാം കിരീട നേട്ടത്തിന് സാക്ഷ്യം വഹിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ ആരാധകരും .
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം. രാവിലെ പഞ്ചാബും പശ്ചിമ ബംഗാളും തമ്മിലാണ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരം. വൈകീട്ട് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും
ഫുട്ബാൾ ആരാധകരുടെ നാടിന് ഇനി ആഘോഷത്തിന്റെയും ആവേശത്തിന്റെയും നാളുകൾ . മലപ്പുറം കോട്ടപ്പടി മൈതാനത്ത് നാളെ രാവിലെ 09:30 ന് ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങും. ശക്തരായ വെസ്റ്റ് ബംഗാൾ പഞ്ചാബിനെ നേരിടും . രാത്രി 8 മണിക്ക് പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ കേരള- രാജസ്ഥാൻ പോരാട്ടമാണ് ചാമ്പ്യൻഷിപ്പിലെ ഉദ്ഘടന മത്സരം.
ജിജോ ജോസഫ് നയിക്കുന്ന യുവ നിരയായുമായാണ് ഇത്തവണ കേരളം പോരാട്ടത്തിനൊരുങ്ങുന്നത്. മുന്നേറ്റ നിരയുടെ കരുത്തും കേരളത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. ദക്ഷിണ മേഖല യോഗ്യത പോരാട്ടത്തിൽ മൂന്ന് കളികളിൽ നിന്ന് 17 ഗോളടിച്ചാണു കേരളത്തിന്റെ വരവ് . കിരീട നേട്ടത്തിൽ കുറഞ്ഞതൊന്നും ടീം ലക്ഷ്യമിടുന്നില്ല . മറ്റ് ടീമുകളും മികച്ച പ്രകടനം ലക്ഷ്യമിട്ടിറങ്ങുമ്പോൾ പോരാട്ടങ്ങൾ ആവേശമാകുമെന്നുറപ്പ്.
പത്ത് ടീമുകൾ ഉൾപ്പെടുന്ന രണ്ട് ഗ്രൂപ്പുകളായാണ് മത്സരം . ബംഗാൾ , പഞ്ചാബ് ടീമുകൾ ഉൾപ്പെടുന്ന കരുത്തരുടെ ഗ്രൂപ്പിലാണ് കേരളം. ആറ് തവണ സന്തോഷ് ട്രോഫിയിൽ മുത്തമിട്ട കേരളത്തിന്റെ ഏഴാം കിരീട നേട്ടത്തിന് സാക്ഷ്യം വഹിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ ആരാധകരും.