വൻതുക വാഗ്ദാനം ചെയ്ത് അൽഹിലാൽ; ഇനി തീരുമാനം എടുക്കേണ്ടത് എംബാപ്പെ
അൽഹിലാലിന്റെ ഓഫറിൽ തീരുമാനം എടുക്കേണ്ടത് എംബാപ്പെയാണ്. താരം ഇതുവരെ പ്രതികരിച്ചിട്ടില്ല
റിയാദ്: പി.എസ്.ജിയുമായി ഉടക്കിലുള്ള ഫ്രാൻസ് സൂപ്പർ താരം കിലിയൻ എംബാപ്പെയെ റാഞ്ചാൻ സൗദി പ്രോ ലീഗ് ക്ലബ്ബ് അൽഹിലാൽ സജീവമായി രംഗത്തുണ്ട്. നേരത്തെ റിപ്പോർട്ടുകളായിരുന്നുവെങ്കിൽ ഇപ്പോഴിതാ വൻതുക മുന്നോട്ടുവെച്ച് അൽഹിലാൽ രംഗത്ത് എത്തിയിരിക്കുന്നു. ഫുട്‌ബോളുമായി ബന്ധപ്പെട്ട് ആധികാരിക വാർത്തകൾ റിപ്പോര്‍ട്ട് ചെയ്യുന്ന ഫാബ്രിസിയോ റൊമാനോയുടെ ട്വീറ്റ് പ്രകാരം മുന്നൂറ് മില്യൺ യൂറോ(2,721 കോടി)യാണ് അൽഹിലാൽ വാഗ്ദാനം ചെയ്യുന്നത്.
റെക്കോർഡ് തുകയാണിത്. അതേസമയം എംബാപ്പെയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. എന്നാൽ റയൽമാഡ്രിഡിലേക്ക് പോകാനാണ് എംബാപ്പെ താൽപര്യപ്പെടുന്നതെന്നാണ് വിവരം. ഇതുസംബന്ധിച്ച് റയലുമായി താരം സംസാരിച്ചുകഴിഞ്ഞെന്നും പറയപ്പെടുന്നു. അടുത്ത വർഷം പി.എസ്.ജിയുമായി കരാർ അവസാനിച്ച് ഫ്രീ ഏജന്റായി പോകാനാണ് എംബാപ്പെ നോക്കുന്നത്. അത് പി.എസ്.ജിക്ക് താത്പര്യവുമില്ല.
പി.എസ്.ജിയുമായി കരാർ പുതുക്കില്ലെന്ന് ഉറപ്പായതോടെ കരാർ കാലാവധി തീരും മുമ്പെ കൊടുക്കാനാണ് ഫ്രഞ്ച് ക്ലബ്ബ് താത്പര്യപ്പെടുന്നത്. അങ്ങനെ പോയാൽ ട്രാൻസ്ഫർ ഫീ ഇനത്തിൽ പി.എസ്.ജിക്ക് നല്ലൊരു തുക ലഭിക്കുകയും ചെയ്യും. നേരത്തെ സൂപ്പർതാരം മെസിക്ക് പിന്നാലെയും അൽ ഹിലാൽ രംഗത്തുണ്ടായിരുന്നു. മെസിയുമായി അവസാനവട്ട ചർച്ചകൾവരെ അൽഹിലാൽ നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഒടുവിൽ സൂപ്പർ താരം അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു.