ഷിക്കിന്റെ അത്ഭുത ഗോളില് സ്കോട്ലൻഡിനെ പരാജയപ്പെടുത്തി ചെക്
ഗ്ലാസ്കോയിൽ സ്വന്തം കാണികൾക്ക് മുന്നിൽ മികച്ച പ്രകടനം കാഴ്ചവെച്ചുവെങ്കിലും പാട്രിക്ക് ഷികിന്റെ ഇരട്ട ഗോളുകള്‍ സ്കോട്ലൻഡിനെ പരാജയപ്പെടുത്തി
യൂറോയിലെ ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സ്കോട്ലൻഡിനെ പരാജയപ്പെടുത്തി ചെക് റിപബ്ലിക്. മൈതാന മധ്യത്തിൽ നിന്ന് പാട്രിക്ക് ഷിക്ക് നേടിയ ഗോളിന്റെ പേരിലാകും ഈ മത്സരം ഫുട്‍ബോള്‍ ആരാധകര്‍ ഓർമ്മിക്കുക. ഗ്ലാസ്കോയിൽ സ്വന്തം കാണികൾക്ക് മുന്നിൽ മികച്ച പ്രകടനം കാഴ്ചവെച്ചുവെങ്കിലും പാട്രിക്ക് ഷികിന്റെ ഇരട്ട ഗോളുകള്‍ സ്കോട്ലൻഡിനെ പരാജയപ്പെടുത്തി. ചെക്കിനായി കഴിഞ്ഞ 11 മത്സരങ്ങളില്‍ നിന്ന് ഷിക്ക് നേടിയത് എട്ട് ഗോളുകളാണ്. സ്‌കോട്ട്‌ലന്‍ഡ് ഗോള്‍കീപ്പര്‍ മാര്‍ഷലും ചെക്ക് ഗോള്‍കീപ്പര്‍ വാസ്ലിക്കും മത്സരത്തിലുടനീളം മികച്ച സേവുകളുമായി കളംനിറഞ്ഞു.
ആദ്യ പകുതിയിലുടനീളം മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചത് സ്‌കോട്ട്ലന്‍ഡായിരുന്നുവെങ്കിലും പലപ്പോഴും ഫിനിഷിങ്ങില്‍ അവര്‍ക്ക് പിഴച്ചു. 42-ാം മിനിറ്റിലായിരുന്നു ഷിക്കിന്റെ ആദ്യ ഗോള്‍. വ്‌ളാഡിമിര്‍ കൗഫലിന്റെ ക്രോസ് മികച്ചൊരു ഹെഡറിലൂടെ ഷിക്ക് വലയിലെത്തിക്കുകയായിരുന്നു.
ഇതിനു ശേഷമായിരുന്നു ഏതൊരു ഫുട്ബോൾ പ്രേമിയെയും ത്രസിപ്പിച്ച ഗോള്‍ പിറന്നത്. 52ആം മിനുട്ടിൽ പാട്രിക്ക് ഷിക് മൈതാനത്തിന്റെ മധ്യനിരയിൽ നിന്ന് ഇടം കാലൻ ഷൂട്ട് മാർഷലിനെ കാഴ്ചക്കാരനാക്കി വലയിലേക്ക് പതിച്ചു. 48, 49, 62, 66 മിനിറ്റുകളില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ഉറച്ച ഗോളവസരങ്ങളാണ് ചെക്ക് ഗോള്‍കീപ്പര്‍ വാസ്ലിക്ക് രക്ഷപ്പെടുത്തിയത്.