15 കൊല്ലത്തിന് ശേഷം ആദ്യമായി ഗ്രൂപ്പ് ചാമ്പ്യൻ; പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ സെനഗൽ

പ്രീക്വാർട്ടറിൽ യു.എസ്.എ നെതർലൻഡ്‌സിനെയാണ് നേരിടുക

Update: 2022-11-29 22:03 GMT
Advertising

15 കൊല്ലത്തിന് ശേഷം ആദ്യമായി ഫുട്‌ബോൾ ലോകകപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട്. ഇന്ന് വെയിൽസിനെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് തകർത്തതോടെയാണ് ബി ഗ്രൂപ്പ് തല മത്സരങ്ങൾ പൂർത്തിയായത്. ഇതോടെ ഏഴുപോയൻറാണ് ഇംഗ്ലണ്ടിനുള്ളത്. അഞ്ചു പോയൻറാണ് തൊട്ടുതാഴെയുള്ള യു.എസ് നേടിയത്. 2006 ലാണ് ഏറ്റവുമൊടുവിൽ ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. എന്നാൽ അന്ന് ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലിനോട് തോറ്റ് ടീം പുറത്താകുകയായിരുന്നു. പെനാൽട്ടി ഷൂട്ടൗട്ടിലായിരുന്നു പുറത്താകൽ.

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ട് ടീം ഇന്ന്‌ വെയിൽസിനെതിരെ കാഴ്ചവെച്ചത്. മാർകസ് റാഷ്‌ഫോഡിന്റെ ഫ്രീകിക്ക് ഗോൾ അതിമനോഹരമായിരുന്നു. രണ്ടാമത് താരം അടിച്ച ഗോൾ ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിന്റെ 100ാമത് ഗോളായിരുന്നു. ഈ ഗോളിലൂടെ ഇംഗ്ലണ്ടിനായി പ്രധാന ടൂർണമെൻറിൽ മൂന്നിലേറെ ഗോൾ നേടുന്ന താരമായും റാഷ്‌ഫോഡ് മാറി. മുമ്പ് 1966 ലോകകപ്പിൽ ബോബി ചാൾട്ടണാണ് ഈ നേട്ടം കൈവരിച്ചത്.

മത്സരത്തിൽ 64.5 ശതമാനം സമയവും പന്ത് ഇംഗ്ലീഷ് താരങ്ങളുടെ കാലിലായിരുന്നു. ഏഴു ഷോട്ട് ഓൺ ടാർഗറ്റടക്കം 18 ഷോട്ടുകളും ടീം അംഗങ്ങൾ അടിച്ചുകൂട്ടി. 35.5 ശതമാനമായിരുന്നു വെയിൽസ് പന്ത് കൈവശം വെച്ചത്.

ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ വിജയിച്ച ഇംഗ്ലണ്ടും യു.എസ്സും പ്രീക്വാർട്ടറിലെത്തിയിരിക്കുകയാണ്. പ്രീക്വാർട്ടറിൽ ഇംഗ്ലണ്ട് സെനഗലിനെയും യു.എസ്.എ നെതർലൻഡ്‌സിനെയുമാണ് നേരിടുക. ഇംഗ്ലണ്ട് - സെനഗൽ മത്സരം ഡിസംബർ അഞ്ചിന് 12.30 നും നെതർലൻഡ്‌സ് - യു.എസ്.എ മത്സരം ഡിസംബർ മൂന്നിന് 8.30നും നടക്കും. ഇംഗ്ലണ്ടിന്റെയും യു.എസ്സിന്റെയും ഇന്നത്തെ എതിരാളികളായ വെയിൽസും ഇറാനും ലോകകപ്പിൽ നിന്ന് പുറത്തായി.

വെയിൽസിനെതിരെ ഇംഗ്ലണ്ട് മൂന്നും യു.എസ് ഒന്നും ഗോളുകളാണ് അടിച്ചത്. ഇംഗ്ലണ്ടിനായി മാർകസ് റാഷ്ഫോഡ് രണ്ടും ഫിൽ ഫോഡൻ ഒന്നും ഗോളടിച്ചു. 50ാം മിനുട്ടിൽ തകർപ്പൻ ഫ്രീകിക്കിലൂടെയാണ് റാഷ്ഫോഡ് ഇംഗ്ലീഷ് പടക്ക് ലീഡ് നേടിക്കൊടുത്ത്. തൊട്ടുടൻ 51ാം മിനുട്ടിൽ വെയിൽസ് ഡിഫൻഡറുടെ പിഴവിൽ നിന്ന് വീണുകിട്ടിയ പന്ത് ഫോഡൻ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് 68 മിനുട്ടിലും ക്ലാസിക് നീക്കത്തിലൂടെ റാഷ്ഫോഡ് വെയിൽസിന്റെ പ്രീക്വാർട്ടർ സ്വപ്നത്തിൽ അവസാന ആണിയടിച്ചു. പിറകിൽ നിന്ന് ഫിലിപ്സ് ഉയർത്തിനൽകിയ പന്ത് സ്വീകരിച്ച് എതിരാളികളെ വെട്ടിച്ച് ഗോൾവലയിലെത്തിക്കുകയായിരുന്നു താരം.

അതേസമയം, യു.എസ്സിന് വേണ്ടി 38ാം മിനുട്ടിൽ ക്രിസ്റ്റിയൻ പുലിസിചാണ് ഇറാൻ ഗോൾവല കുലുക്കിയത്. 72ാം മിനുട്ടിൽ റാഷ്ഫോഡിന് ഹാട്രിക് ഗോൾ തികയ്ക്കാൻ അവസരം ലഭിച്ചെങ്കിലും വെയിൽസ് ഗോളി വാർഡ് തടഞ്ഞു. പോസ്റ്റിനടുത്ത് വെന്ന് ബൂട്ട് കൊണ്ടാണ് താരം റാഷ്ഫോഡിന്റെ ഷോട്ട് തടഞ്ഞത്. ഏഴു പോയൻറുമായി ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള യു.എസ്സിന് അഞ്ചു പോയൻറാണുള്ളത്. ഇറാനും മൂന്നും വെയിൽസിന് ഒന്നും പോയൻറുമാണുള്ളത്.

10ാം മിനുട്ടിൽ ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുക്കാനുള്ള റാഷ്ഫോർഡിന്റെ ശ്രമം വെയിൽസ് ഗോളി വാർഡ് വിഫലമാക്കി.

18ാം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് സ്വീകരിച്ച് ഹെഡ് ചെയ്ത മഗൈ്വറിന് ലക്ഷ്യത്തിലെത്തിക്കാനായില്ല.

36 മിനുട്ട് മുതൽ തുടർച്ചയായ നിരവധി ആക്രമണങ്ങളാണ് ഇംഗ്ലണ്ട് നടത്തിയത്. ആദ്യ ഫോഡനും പിന്നീട് റാഷ്ഫോഡുമൊക്കെ ഗോളടിക്കുന്നയിടം വരെയെത്തിയെങ്കിലും ഗോൾ വല കുലുക്കാനായില്ല. 40,41 മിനുട്ടുകളിൽ ലഭിച്ച പെനാൽട്ടികൾ ഫലപ്രദമാക്കാനുമായില്ല.

അതേസമയം, മത്സരം തുടങ്ങി 36 മിനുട്ടായിട്ടും വെയിൽസിന് ഇംഗ്ലണ്ടിന്റെ ബോക്സിൽ ഒരു ഷോട്ട് ഉതിർക്കാനായിട്ടില്ല.

29ാം മിനുട്ടിൽ വെയിൽസ് താരം ഡാനിയൽ ജെയിംസ് മഞ്ഞക്കാർഡ് കണ്ടു. മിഡ്ഫീൽഡിൽ വെച്ച് സ്റ്റോണിസിനെ കടുത്ത ടാക്കിൾ ചെയ്തതിനായിരുന്നു നടപടി.

83ാം മിനുട്ടിൽ വെയിൽസിന് കിട്ടിയ ഫ്രീകിക്കെടുത്ത വിൽസണ് ഇംഗ്ലീഷ് പ്രതിരോധ നിരയെ മറികടക്കാനായില്ല.

ലൈനപ്പുകൾ

ഇംഗ്ലണ്ട്

ജോർദൻ പിക്ഫോർഡ്, കെയ്ൽ വാൾക്കർ, ലൂക് ഷോ, ഡെക്ലാൻ റൈസ്, ജോൺ സ്റ്റോൺസ്, ഹാരി മഗൈ്വർ, ജോർദാൻ ഹെൻഡേഴ്സൺ, ഹാരി കെയ്ൻ(ക്യാപ്റ്റൻ), മാർകസ് റാഷ്ഫോർഡ്, ഫിൽ ഫോഡൻ, ജൂഡ് ബെല്ലിംഗ്ഹാം. കോച്ച്: ഗാരേത് സൗത്ഗേറ്റ്.

വെയിൽസ്

ഡാനി വാർഡ്, ബെൻ ഡേവിസ്, ക്രിസ് മെഫാം, ജോ റോഡോൺ, നികോ വില്യംസ്, ആരോൺ റംസിൗ എഥാൻ അംബാഡു, ജോ അലെൻ, ഗാരേത് ബെയ്ൽ(ക്യാപ്റ്റൻ), ഡാനിയേൽ ജെയിംസ്, കിഫെർ മൂർ. കോച്ച് : റോബർട്ട് പേജ്.

വെയിൽസ് ലോകകപ്പിനെത്തിയത് നീണ്ട 64 വർഷങ്ങൾക്ക് ശേഷം

നീണ്ട 64 വർഷങ്ങൾക്ക് ശേഷമാണ് വെയിൽസ് ലോകകപ്പിനെത്തിയിരുന്നത്. 1958 ൽ മാത്രം ലോകകപ്പ് കളിക്കാൻ ഭാഗ്യമുണ്ടായ വെയിൽസ് ഇത്തവണ എത്തിയത് വലിയ പ്രതീക്ഷകളോടെയായിരുന്നു. പക്ഷേ നിർഭാഗ്യകരമായ തോൽവിയോടെയാണ് അവർ മടങ്ങുന്നത്. ലോകകപ്പ് ക്വാളിഫയറിൽ ബെൽജിയം അടങ്ങുന്ന ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ബെയിലും സംഘവും പ്ലേ ഓഫിൽ യുക്രൈനെ മറികടന്നാണ് ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്. എന്നാൽ ലോകകപ്പിനെത്തിയ ശേഷം വെയിൽസിന്റെ പ്രകടനം തീർത്തും നിരാശാജനകമയിരുന്നു. ആദ്യത്തെ മത്സരത്തിൽ അമേരിക്കയുമായി സമനിലയിൽ കുടുങ്ങിയ വെയിൽസ് രണ്ടാം മത്സരത്തിൽ റാങ്കിങ്ങിൽ തങ്ങൾക്ക് പിന്നിലുള്ള ഇറാനോട് മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽവി വഴങ്ങി. ഇതോടെ ഒരു പോയിൻറ് മാത്രമുള്ള വെയിൽസിന്റെ കാര്യങ്ങൾ പരുങ്ങലിലായി. ഇപ്പോൾ ഇംഗ്ലണ്ടിനോട് തോറ്റതോടെ ടൂർണമെൻറിൽ നിന്ന് പുറത്തുമായി.

ഇതിനുമുമ്പ് ഒരേയൊരിക്കൽ മാത്രമാണ് വെയിൽസ് ലോകകപ്പ് കളിച്ചത്. 1958ൽ. സ്വീഡനും ഹംഗറിയു മെക്സിക്കോയുമുൾപ്പെട്ട ഗ്രൂപ്പിൽ മൂന്ന് സമനിലകളോടെ വെയിൽസ് രണ്ടാം സ്ഥാനത്തെത്തി. മൂന്ന് പോയിൻറുമായി ഹംഗറിയും ഗ്രൂപ്പിൽ ഒപ്പമെത്തി. അന്നത്തെ നിയമമനുസരിച്ച് രണ്ടാം സ്ഥാനക്കാർക്ക് ഒരേ പോയിൻറ് വരികയാണെങ്കിൽ ക്വാർട്ടർ ഫൈനലിലെത്തണമെങ്കിൽ പ്ലേഓഫ് കളിക്കണം. അങ്ങനെ പ്ലേ ഓഫിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഹംഗറിയെ തകർത്ത് തങ്ങളുടെ ആദ്യ ലോകകപ്പിൽ വെയിൽസ് അടുത്ത റൗണ്ടിലേയ്ക്ക് മുന്നേറി. എന്നാൽ ക്വാർട്ടറിൽ വെയിൽസിന് എതിരാളികളായെത്തിയത് ബ്രസീലായിരുന്നു. സാക്ഷാൽ പെലെയുൾപ്പെട്ട ടീമിനോട് ഒരു ഗോളിന് തോറ്റ് വെയിൽസ് പുറത്താകുകയായിരുന്നു. ബ്രസീലിനായി പെലെയാണ് സ്‌കോർ ചെയ്തത്.

Senegal vs England in the pre-quarters FIFA football world cup, Qatar 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News