മാനെയ്ക്ക് വേണ്ടി ജയിക്കണം... പൊരുതാനുറച്ച് സെനഗൽ
മാനെ ഇല്ലെങ്കിലും ശക്തരാണ് സെനഗൽ
ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്‌സിനെ നേരിടാൻ ഒരുങ്ങുന്ന സെനഗൽ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പരിക്കേറ്റ് പുറത്തായ സൂപ്പർതാരം സാദിയോ മാനെയ്ക്ക് വേണ്ടി അവർക്ക് പൊരുതി ജയിക്കണം. മാനെയുടെ നഷ്ടം കളിയിൽ അനുഭവപ്പെട്ടേക്കാമെങ്കിലും ആക്രമണ ഫുട്‌ബോൾ കാഴ്ചവയ്ക്കാനാണ് സെനഗൽ ഇറങ്ങുന്നത്.
'മാനെക്ക് ലോകകപ്പിൽ പങ്കെടുക്കാൻ കഴിയാത്തത് സങ്കടകരമാണ്. നെതർലൻഡ്‌സിനെതിരായ മത്സരം കടുപ്പമാകുമെന്ന് അറിയാം. പക്ഷേ, മാനെയ്ക്ക് വേണ്ടി ജയിക്കാനായി ഞങ്ങൾ പരമാവധി ശ്രമിക്കും.''സെനഗലിന്റെ പ്രതിരോധക്കോട്ടയുടെ കാവലാളായ കൂലിബാലി പറഞ്ഞു. കാലിൽ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന മാനെ ടീമിനെ പിന്തുണയ്ക്കാൻ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അതിനു കഴിഞ്ഞില്ലെങ്കിൽ താരങ്ങൾക്കു പ്രചോദനം പകരാൻ അവരോട് ഫോണിൽ സംസാരിക്കുമെന്നു കരുതുന്നതായും കൂലിബാലി പറഞ്ഞു.
മാനെ ഇല്ലെങ്കിലും ശക്തരാണ് സെനഗൽ. ഇസ്മയ്ൽ സർ നയിക്കുന്ന മുന്നേറ്റനിര ആരെയും തകർക്കാൻ പോന്നതാണ്. പ്രതിരോധനിരയുടെ തലവനായി കൂലിബാലിയും ഗോൾവല കാക്കാൻ എഡ്വേർഡ് മെൻഡിയും കൂടിയെത്തുമ്പോൾ എതിരാളികൾ വിയർക്കുമെന്ന് ഉറപ്പ്.
അതേസമയം, മൂന്ന് തവണ ഫൈനൽ കളിച്ചിട്ടും കിരീടം കൈവിട്ടു പോയ ചരിത്രം തിരുത്താനുറച്ചാണ് ഓറഞ്ചുപടയുടെ വരവ്. ടോട്ടൽ ഫുട്ബോൾ ലോകത്തെ പഠിപ്പിച്ചിട്ടും യൊഹാൻ ക്രൈഫ് എന്ന അതികായനുണ്ടായിട്ടും നേടാനാകാതെ പോയ ആ സൗഭാഗ്യം തേടിയാണ് ലൂയി വാൻഗലെന്ന തന്ത്രജ്ഞനായ പരിശീലകന് കീഴിൽ ഇത്തവണ ഓറഞ്ച് പടയിറങ്ങുന്നത്.
പ്രതിരോധത്തിലെ നായകൻ വിർജിൽ വാൻഡിക്, കൂട്ടിന് ഏതൊരാക്രമണത്തെയും തടഞ്ഞിടാൻ ശേഷിയുള്ള ഡാലി ബ്ലിൻഡും ഡിവ്രിജും ഡംഫ്രിസും പോലെ എണ്ണം പറഞ്ഞവർ.മുന്നേറ്റത്തിൽ തീപടർത്താൻ മെംഫിസ് ഡീപേ. അതിശയിപ്പിക്കുന്ന കുന്തമുനയാകാൻ നൊവാ ലാങ് എന്ന ഇരുപത്തിമൂന്നുകാരൻ.സമീപകാലത്തെ ഏറ്റവും മികച്ച ടീമെന്ന് ഓറഞ്ച് ആരാധകർ വിശ്വസിക്കുന്ന സംഘം ഗ്രൂപ്പ് എയിൽ ചാമ്പ്യന്മാരായിതന്നെ മുന്നേറുമെന്നാണ് വിലയിരുത്തൽ.