കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി: ജെസൽ കാർനൈറോയും സൂപ്പർ കപ്പിൽ കളിക്കില്ല
നേരത്തെ അഡ്രിയാൻ ലൂണയും പ്രതിരോധ താരം ഹർമൻജോത് സിങ് ഖബ്രയും കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു
കൊച്ചി: ഹീറോ സൂപ്പര്‍ കപ്പിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി. കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേ ഓഫിലേക്ക് നയിച്ച നായകനായ ജെസൽ കാർനൈറോ പരിക്കിനെ തുടര്‍ന്ന് സൂപ്പര്‍ കപ്പില്‍ കളിക്കില്ല. നേരത്തെ അഡ്രിയാന്‍ ലൂണയും പ്രതിരോധ താരം ഹര്‍മന്‍ജോത് സിംഗ് ഖബ്രയും കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഖബ്രയും ബ്ലാസ്റ്റേഴ്‌സുമായ കരാര്‍ അവസാനിച്ചപ്പോള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു ലൂണ. സൂപ്പര്‍ കപ്പിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നലെ പ്രഖ്യാപിച്ച സ്‌ക്വാഡില്‍ ജെസലിന്റെ പേരുമുണ്ടായിരുന്നു.
അതേസമയം ജെസലിന്റെ കേരള ബ്ലാസ്റ്റേഴ്‌സ് കരിയറിന് അവസാനമാവുകയാണ്. കരാർ പുതുക്കില്ല എന്നുള്ളത് നേരത്തെ തന്നെ ക്ലബ്ബ് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഡെംപേ ഗോവയ്‌ക്കും സന്തോഷ് ട്രോഫിയില്‍ ഗോവന്‍ ഫുട്ബോള്‍ ടീമിനുമായി പുറത്തെടുത്ത മികച്ച പ്രകടനത്തോടെയാണ് ജെസല്‍ കാർനൈറോ 2019ല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. 2020ല്‍ താരത്തിന്‍റെ കരാര്‍ രണ്ട് വര്‍ഷത്തേക്ക്(2023 വരെ) നീട്ടി. പരിക്ക് ഇടയ്‌ക്കിടയ്ക്ക് പിടികൂടിയ കരിയറില്‍ ഐഎസ്എല്ലില്‍ മൂന്ന് സീസണുകളിലായി ബ്ലാസ്റ്റേഴ്‌സിനായി 44 മത്സരങ്ങളില്‍ ജെസല്‍ കാർനൈറോ ഇറങ്ങി. അതേസമയം സൂപ്പര്‍ കപ്പില്‍ ജെസലിന്റെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഏപ്രിൽ എട്ടിന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ ഐലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. വ്യക്തിപരമായ കാരണങ്ങളാൽ ക്ലബ് അവധി നീട്ടിനൽകിയതിനാൽ സൂപ്പർ താരം അഡ്രിയാൻ ലൂണ ടൂർണമെന്റിൽ പങ്കെടുക്കില്ല. അതേസമയം, ലൂണ ഒഴികെയുള്ള ടീമിലെ മറ്റ് വിദേശ താരങ്ങളെല്ലാം ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.