കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി: സൂപ്പർകപ്പിന് ലൂണയില്ല
വ്യക്തിപരമായ കാരണങ്ങളാൽ ലൂണ ടീം മാനേജ്‌മെന്റിനോട് അവധി ആവശ്യപ്പെടുകയായിരുന്നു. ആവശ്യം മാനേജ്‌മെന്റ് അംഗീകരിക്കുകയും ചെയ്തു
കൊച്ചി: സൂപ്പർകപ്പിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിനായി മുന്നേറ്റ താരം അഡ്രിയാൻ ലൂണ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാൽ ലൂണ ടീം മാനേജ്‌മെന്റിനോട് അവധി ആവശ്യപ്പെടുകയായിരുന്നു. ആവശ്യം മാനേജ്‌മെന്റ് അംഗീകരിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച പത്രക്കുറിപ്പ് ബ്ലാസ്റ്റേഴ്‌സ് പുറത്തിറക്കി. സൂപ്പർകപ്പിന്റെ പ്രാധാന്യം മനസിലാക്കുന്നതായും എന്നിരുന്നാലും ലൂണയുടെ ആവശ്യത്തെ ബഹുമാനിക്കുന്നതായും ബ്ലാസ്റ്റേഴ്‌സ് ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
വിവാദ ഗോളും അതിന് ശേഷം നടന്ന പിന്മാറ്റവും ഏറെ ചർച്ചയായ ഐ.എസ്.എല്ലിന് ശേഷം ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം അഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമാണ് സൂപ്പർകപ്പ്. കോഴിക്കോട്ടും മഞ്ചേരിയിലുമായി നടക്കുന്ന മത്സരത്തിൽ തീ പാറും എന്നുറപ്പാണ്. ബംഗളൂരു എഫ്.സിയുമായും ബ്ലാസ്റ്റേഴ്‌സിന് മത്സരമുണ്ട്. അതേസമയം ഫോമിലുള്ള ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്. എന്നാൽ ലൂണയുടെ അഭാവത്തിലും മികവ് പുറത്തെടുക്കാൻ കഴിയുന്ന താരങ്ങളുടെ സാന്നിധ്യം ടീമിന് പോസിറ്റീവ് ഘടകമാണ്.
അഡ്രിയാന്‍ ലൂണ എത്തിയ ശേഷം നടന്ന രണ്ട് ഐ എസ് എല്‍ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ മികച്ച താരമായി ആരാധകര്‍ തെരഞ്ഞെടുത്തത് താരത്തെയായിരുന്നു. രണ്ട് സീസണിലും ആരാധകരുടെ മനം കവരുന്ന പ്രകടനം നടത്താനും സ്ഥിരത നിലനിര്‍ത്താനും അഡ്രിയാന്‍ ലൂണയ്ക്കു സാധിച്ചു. 2021 - 2022 സീസണില്‍ 23 മത്സരങ്ങളില്‍ ആറ് ഗോളും ഏഴ് അസിസ്റ്റും, 2022 - 2023 സീസണില്‍ 20 മത്സരങ്ങളില്‍ നാല് ഗോളും ആറ് അസിസ്റ്റും അഡ്രിയാന്‍ ലൂണ ഐ എസ് എല്ലില്‍ നടത്തി.
അതായത് ഐ എസ് എല്ലില്‍ മാത്രം 43 മത്സരങ്ങളില്‍ 10 ഗോളും 13 അസിസ്റ്റും. ലൂണ എന്തായിരുന്നുവെന്ന് ഈ കണക്കുകൾ തന്നെ ധാരാളം. അതേസമയം ഏപ്രിൽ മൂന്ന് മുതൽ യോഗ്യതാ മത്സരങ്ങളുണ്ടാകും. ഏപ്രിൽ എട്ടിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് സൂപ്പർ കപ്പ് ആരംഭിക്കുക. വൈകീട്ട് 5.30നും 8.30നും ആണ് മത്സരങ്ങൾ.