യൂറോപ്പ ലീഗ് സെമിഫൈനൽ കാണാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്

സെവിയ്യക്കായി യൂസഫ് എൻ-നെസിരി ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ മൂന്നാം ഗോൾ ലോയിക് ബാഡെ നേടി.

Update: 2023-04-21 04:24 GMT
Advertising

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാംപാദ മത്സരത്തിൽ സെവിയ്യക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇംഗ്ലീഷ് ടീം സ്പാനിഷ് ടീമിനോട് പരാജയപ്പെട്ടത്. യുണൈറ്റഡ് താരങ്ങളുടെ പിഴവുകളാണ് സെവിയ്യക്ക് ഈ മത്സരത്തിൽ അനായാസ വിജയം നേടികൊടുത്തത്. സെവിയ്യക്കായി യൂസഫ് എൻ-നെസിരി ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ മൂന്നാം ഗോൾ ലോയിക് ബാഡെ നേടി.

പരാജയത്തോടെ രണ്ടുപാദങ്ങളിലായി നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പിന്നിലായ ടീം യൂറോപ്പ ലീഗ് സെമിഫൈനൽ കാണാതെ പുറത്തായി. ആദ്യപാദ മത്സരത്തിൽ സ്വന്തം മൈതാനത്ത് രണ്ടുഗോളുകൾക്ക് മുന്നിട്ട് നിന്ന ശേഷം ഓൺ ഗോളുകളിലൂടെ സമനില വഴങ്ങിയതിന് ഈ മത്സരത്തിൽ വലിയ വില തന്നെ യുനൈറ്റഡ് കൊടുക്കേണ്ടി വന്നു.

ഹാരി മഗ്വയറിന്റെ പിഴവിൽ നിന്നായിരുന്നു സെവിയ്യ എട്ടാം മിനുട്ടിൽ ആദ്യഗോൾ നേടിയത്. ഗോൾകീപ്പർ ഡിഹിയയിൽ നിന്ന് ബോക്‌സിനു പുറത്തുവെച്ച് പന്ത് സ്വീകരിച്ച താരത്തിന് പന്ത് കൃത്യമായി പാസ് ചെയ്യാൻ കഴിഞ്ഞില്ല, അവസരം മുതലെടുത്ത യൂസഫ് എൻ-നെസിരി ഗോൾ കീപ്പർക്ക് യാതൊരു അവസരവും നൽകാതെ പന്ത് വലയിലെത്തിച്ചു. ആദ്യപാദ മത്സരത്തിൽ ഹാരി മഗ്വയറിന്റെ ഓൺ ഗോളായിരുന്നു സെവിയ്യക്ക് സമനില സമ്മാനിച്ചത്. 47- മിനുട്ടിൽ മികച്ചൊരു ഹെഡർ ഗോളിലൂടെ ലോയിക് ബാഡെ സെവിയ്യയുടെ രണ്ടാംഗോൾ നേടിയതോടെ ടീമിന് ഏറെക്കുറെ സെമിഫൈനൽ ഉറപ്പിക്കാനായി. 81- മിനുട്ടിൽ ബോക്‌സിന് പുറത്തുനിന്ന് പന്ത് പാസ്സ് ചെയ്യാൻ ശ്രമിച്ച ഗോൾകീപ്പർ ഡിഹിയക്ക് പിഴച്ചതോടെ മത്സരത്തിലെ സെവിയ്യയുടെ മൂന്നാംഗോളും യൂസഫ് എൻ-നെസിരിയുടെ രണ്ടാംഗോളും പിറന്നു.

2009- നു ശേഷം അഞ്ച് തവണ യൂറോപ്പ ലീഗിന്റെ സെമിഫൈനൽ കടന്നിട്ടുള്ള സെവിയ്യ ആ വർഷങ്ങളിൽ ചാമ്പ്യൻമാരുമായിട്ടുണ്ട്. ആറ് കിരീടങ്ങളുമായി യൂറോപ്പ ലീഗിൽ ഏറ്റവും അധികം കിരീടങ്ങൾ നേടിയ ടീമാണ് സെവിയ്യ. ബ്രൂണോ ഫെർണാണ്ടസിന്റെ സസ്‌പെൻഷനും ലിസാൻഡ്രോ മാർട്ടിനെസിന്റെ പരിക്കും റാഫേൽ വരാനെയുടെ മോശം ഫിറ്റ്‌നസുമാണ് യുണൈറ്റഡിന് വലിയ തിരിച്ചടിയായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News