ലുസൈലിൽ മെസ്സിപ്പടയുടെ കണ്ണുനീർ; അർജൻറീനയെ അട്ടിമറിച്ച് സൗദി

ആദ്യ പകുതിയിൽ മെസ്സിയുടെ ഗോളിൽ മുന്നിട്ട് നിന്നശേഷമാണ് അർജൻറീനയെ സൗദി അട്ടിമറിച്ചത്

Update: 2022-11-22 16:38 GMT
Advertising

ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യപോരിൽ അർജൻറീനയെ അട്ടിമറിച്ച് സൗദി അറേബ്യ. ആദ്യ പകുതിയിൽ മെസ്സിയുടെ പെനാൽട്ടി ഗോളിൽ മുന്നിട്ടു നിന്നിരുന്ന അർജൻറീനയെ രണ്ടാം പകുതിയിൽ സൗദി നിഷ്പ്രഭമാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ 48-ാം മിനിറ്റിലാണ് അർജൻറീനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അൽ ശെഹ്രിയുടെ ഗോൾ പിറന്നത്.53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. ഇതോടെ മത്സരത്തിൽ സൗദി ഒരു ഗോളിന്റെ ലീഡ് നേടി (2-1). തുടർന്ന് അർജൻറീനയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു സൗദി പുറത്തെടുത്തത്. അധികസമയം വരെ മത്സരം മുറുകിയിട്ടും അർജൻറീനയ്ക്ക് ലീഡ് തിരിച്ചുപിടിക്കാനായില്ല. ഒടുവിൽ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയവും സൗദി നേടി.

തുടർച്ചയായ 36 മത്സരങ്ങളിൽ പരാജയമറിയാതെ നീങ്ങിയിരുന്ന അർജൻറീനയുടെ കുതിപ്പിനാണ് അവർ തടയിട്ടത്. പരാജയമറിയാതെ 37 മത്സരങ്ങളെന്ന ഇറ്റലിയുടെ നേട്ടത്തിനൊപ്പമെത്താനുള്ള അവസരമാണ് സൗദി കണ്ണീരിൽ കുതിർത്തത്. പല അവസരങ്ങൾ ലഭിച്ചെങ്കിലും അർജൻറീനയ്ക്ക് മുതലാക്കാനായില്ല. 80ാം മിനുട്ടിൽ അർജൻറീനയ്ക്ക് ലഭിച്ച ഫ്രീകിക്ക് മെസ്സി പുറത്തേക്കാണടിച്ചത്.

മത്സരത്തിന്റെ എട്ടാം മിനുട്ടിലാണ് അർജൻറീനയ്ക്ക്‌ പെനാൽട്ടി ലഭിച്ചത്. തുടർന്ന് നായകൻ മെസ്സി നിലംചേർത്തടിച്ച ഷോട്ടിലൂടെ സൗദിയുടെ വല കുലുക്കുകയായിരുന്നു. പിന്നീട് ഒരു വട്ടം കൂടി മെസ്സി പന്ത് വലയിൽ കയറ്റിയെങ്കിലും ഓഫ്‌സൈഡ് റഫറി ഓഫ്‌സൈഡ് കൊടിയുയർത്തി. 27ാം മിനുട്ടിൽ ലൗറ്റാരോ മാർട്ടിനെസ സൗദി ഗോളിയെ മറികടന്നു വലകുലുക്കി. പക്ഷേ അപ്പോഴും വാർ കെണിയിൽ കുരുങ്ങി. പിന്നീട് മറ്റൊരു ഓഫ്‌സൈഡ് കൊടി അർജൻറീനക്കെതിരെ ഉയർന്നു. മാർട്ടിനൻസിനെതിരെ തന്നെയായിരുന്നു ഇക്കുറിയും വാർ വാൾ വീശിയത്.

ഇന്ന് ഗോൾ നേടിയതോടെ ലയണൽ മെസ്സി അർജൻറീനയുടെ ഏറ്റവും പ്രായം കൂടിയ രണ്ടാം ലോകകപ്പ് ഗോൾ സ്‌കോററായി. 35 വർഷവും 151 ദിവസവുമാണ് ഫുട്‌ബോൾ ഇതിഹാസത്തിന്റെ വയസ്സ്. അർജൻറീനയുടെയും സൗദിയുടേയും ലൈനപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അർജൻറീന:

എമിലിയാനോ മാർട്ടിനെസ്, നാഹുവേൽ മൊളീന, ക്രിസ്റ്റിയൻ റൊമേരോ. നിക്കോളാസ് ഒട്ടമെൻഡി, ലിയാൻഡോ പരെദെസ്, നിക്കോളസ് ടാഗ്ലിയഫികോ, റോഡ്രിഗോ ഡീപോൾ, ജുലിയൻ അൽവാരസ്, ലയണൽ മെസ്സി, ഏയ്ഞ്ചൽ ഡി മരിയ, ലൗറ്റാരോ മാർട്ടിനെസ്. 

സൗദി:

മുഹമ്മദ് അൽഒവൈസ്, അലി അൽബുലൈഹി, സർമാൻ അൽഫറാജ് (ക്യാപ്റ്റൻ), അബ്ദുലേഹ് അൽമാലികി, ഫെറാസ് അൽബ്രികാൻ, സാലിം അൽദൗസരി, സലേഹ് അൽഷെഹ്‌രി, സൗദ് അബ്ദുൽഹമിദ്, യാസ്സർ അൽഷഹ്‌റാനി, ഹസ്സൻ അൽതംബക്തി, മുഹമ്മദ് കന്നോ, കോച്ച്: ഹെർവേ റെനാർഡ്.

ജിയോ സിനിമാ മൊബൈൽ ആപ്പ് വഴിയും ബിയിംഗ് സ്‌പോർട്‌സ് ചാനലിലൂടെയും മത്സരങ്ങൾ കാണാനാകും.

Saudi Arabia defeated Argentina in Lusail in first battle in the World Cup Group C, Qatar

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News