ഇനി ഫുട്‌ബോൾ അടിമുടി മാറും; സൂപ്പർ ലീഗ് പ്രഖ്യാപിച്ച് യൂറോപ്പിലെ വൻകിട ക്ലബ്ബുകൾ

റയൽ മാഡ്രിഡ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസിന്റെ ബുദ്ധിയിൽ ഉദിച്ച സൂപ്പർ ലീഗ് ഫിഫയുടെയും യുവേഫയുടെയും വിവിധ ദേശീയ ഫെഡറേഷനുകളുടെയും അനുമതിയില്ലാതെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Update: 2021-04-19 06:33 GMT
Editor : André
Advertising

യൂറോപ്പിലെ വൻകിട ഫുട്‌ബോൾ ക്ലബ്ബുകൾ മാത്രം പങ്കെടുക്കുന്ന 'ദി സൂപ്പർ ലീഗ്' പ്രഖ്യാപിച്ചു. ഫുട്‌ബോൾ ലോകത്തെ ചൂടേറിയ ചർച്ചകൾക്കു ശേഷം ഞായറാഴ്ച വൈകീട്ടാണ് ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ മുൻനിര ക്ലബ്ബുകൾ ചേർന്ന് ലീഗ് സ്ഥാപിച്ചത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ആർസനൽ, ടോട്ടനം ഹോട്‌സ്പർ, സ്പാനിഷ് ലീഗിലെ നിന്ന് റയൽ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ്, ഇറ്റലിയിലെ നിന്ന് യുവന്റസ്, ഇന്റർ മിലാൻ, എ.സി മിലാൻ എന്നീ ക്ലബ്ബുകളാണ് ലീഗിന്റെ സ്ഥാപക അംഗങ്ങൾ. സ്ഥാപക അംഗങ്ങളടക്കം 20 ടീമുകളാണ് ലീഗിൽ മത്സരിക്കുകയെന്നും ഇതിൽ അഞ്ച് ടീമുകൾക്ക് യോഗ്യതാ മത്സരങ്ങളിലൂടെ ലീഗിലേക്ക് പ്രവേശനം നേടാമെന്നും ദി സൂപ്പർ ലീഗ് പത്രക്കുറിപ്പിൽ അറിയിച്ചു.

റയൽ മാഡ്രിഡ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസിന്റെ ബുദ്ധിയിൽ ഉദിച്ച സൂപ്പർ ലീഗ് ഫിഫയുടെയും യുവേഫയുടെയും വിവിധ ദേശീയ ഫെഡറേഷനുകളുടെയും അനുമതിയില്ലാതെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പെരസ് തന്നെയാണ് ലീഗിന്റെ ചെയർമാൻ. മുൻനിര ക്ലബ്ബുകൾ സ്വന്തമായി ലീഗ് തുടങ്ങുന്നത് നിലവിലെ ദേശീയ, യൂറോപ്യൻ ലീഗുകളെ സാരമായി ബാധിക്കുമെന്ന് ഫിഫയും യുവേഫയും കണക്കുകൂട്ടുന്നു. ലീഗുമായി സഹകരിക്കുന്ന ടീമുകളെ തങ്ങളുടെ എല്ലാ ടൂർണമെന്റിൽ വിലക്കാനാണ് നിലവിൽ ഇരുബോർഡുകളുടെയും തീരുമാനം. എന്നാൽ, ഭാവിയിൽ ഫിഫയും യുവേഫയുമായി ചർച്ച നടത്തി സമവായത്തിലെത്താമെന്നാണ് സൂപ്പർ ലീഗ് ക്ലബ്ബുകൾ കരുതുന്നത്.

പങ്കെടുക്കുന്ന ക്ലബ്ബുകൾ നിലവിലെ ലീഗുകളിൽ കൂടി കളിക്കാനുള്ള സൗകര്യത്തിന് ആഴ്ചമധ്യത്തിൽ ആണ് സൂപ്പർ ലീഗ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇനി പ്രഖ്യാപിക്കാനിരിക്കുന്ന മൂന്ന് ടീമുകളടക്കം 15 സ്ഥാപക ടീമുകൾ ലീഗിൽ സ്ഥിരമായുണ്ടാവും. അഞ്ച് ടീമുകൾ യോഗ്യതാ മത്സരങ്ങളും കളിച്ചെത്തും. 10 ടീം വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായി ഹോം, എവേ രീതിയിലാണ് മത്സരങ്ങൾ നടക്കുക. ഇരു ഗ്രൂപ്പുകളിൽ നിന്നും മുന്നിലെത്തുന്ന മൂന്നുവീതം ടീമുകൾ ക്വാർട്ടറിലെത്തും. നാലും അഞ്ചും സ്ഥാത്തെത്തുന്ന ടീമുകൾ പ്ലേഓഫ് കളിച്ച് അതിൽ മുന്നിലെത്തുന്ന രണ്ട് ടീമുകളും ക്വാർട്ടറിലെത്തും.

യൂറോപ്യൻ ഫുട്‌ബോളിന്റെ സാമ്പത്തിക അഭിവൃദ്ധിക്കും ഗ്രാസ്‌റൂട്ട് ലെവലിൽ സൗകര്യങ്ങൾ വർധിപ്പിക്കാനുമാണ് സൂപ്പർ ലീഗ് വിഭാവന ചെയ്തിരിക്കുന്നത് എന്നാണ് പത്രക്കുറിപ്പിൽ പറയുന്നത്. ലീഗിൽ പങ്കെടുക്കുന്ന ടീമുകൾക്ക് പ്രതിവർഷം 3.5 ബില്യൺ യൂറോ (31,362 കോടി രൂപ) ആണ് ലഭിക്കുക. വിജയികൾക്കും റണ്ണർ അപ്പുകൾക്കുമുള്ള സമ്മാനത്തുക ഇതിലും അധികമായിരിക്കും.

Tags:    

Editor - André

contributor

Similar News